ച്ചക്കറിക്ക് ജൈവവളമാണ് അനുയോജ്യമെന്ന് നമുക്കറിയാം. കൃഷിഭവനില്‍ നിന്നോ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നോ ജൈവവളം വാങ്ങി ഉപയോഗിക്കുന്നവരാണ് അധികവും. 

എന്നാൽ, ജൈവക്കൃഷിക്ക് അനുയോജ്യമായ വളം നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാം. സാധാരണയായി നമ്മൾ വലിച്ചെറിയുന്ന അല്പം മുട്ടത്തോട് മാത്രം മതി. ഇത്രയധികം മുട്ടത്തോട് എവിടെ നിന്ന് കിട്ടുമെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട. വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകള്‍ സൂക്ഷിച്ച് വയ്ക്കാം. അല്ലെങ്കില്‍ ഹോട്ടലുകളില്‍ നിന്നോ ചായക്കടകളില്‍ നിന്നോ വാങ്ങാം. നാണക്കേട് തോന്നില്ലെങ്കില്‍ വഴിയരികില്‍ ആളുകള്‍ ഉപേക്ഷിച്ചു പോകുന്നവ എടുക്കുകയുമാവാം. അവിടെ കിടന്നു നാറുന്നതിലും ഭേദമല്ലേ അത് വീട്ടിലെ പച്ചക്കറിക്ക് വളമാകുന്നത്. 

മുട്ടത്തോട് കിട്ടിയാൽ ചെയ്യേണ്ടത് ഇത്രമാത്രം. മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തു കൊണ്ടിട്ട് നന്നായി ഉണക്കണം. ഈര്‍പ്പം ഒക്കെ പോയി നന്നായി ഉണങ്ങണം. രണ്ടു മൂന്നു ദിവസം വെയില്‍ കൊള്ളണം. അതുകഴിഞ്ഞ് നന്നായി ഇടിച്ചു പൊടിക്കണം. നന്നായി പൊടിയണം. പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും ഈ വളം സഹായിക്കും. 

മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ടത്തോടില്‍ നിന്നു ലഭിക്കും. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്. മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്. ഇതിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വളമായി മാത്രമല്ല, ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നന്നാവും.