മുരിങ്ങക്കായുടെ അഗ്രഭാഗം ചീയുന്നു. ഇത് രോഗമാണോ? പ്രതിവിധിയെന്ത്? മുരിങ്ങത്തോട്ടത്തില്‍ ഇടവിളക്കൃഷി സാധ്യമാണോ?


നിസാര്‍ സലാം, കരിപ്പൂര്

'ഫ്യുസേറിയം' വിഭാഗത്തിലെ ഒരു കുമിളാണ് മുരിങ്ങക്കായയുടെ അഗ്രഭാഗം ചീയാന്‍ കാരണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇടയ്ക്കിടെ മുരിങ്ങച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക, മരത്തില്‍ തളിക്കുക. അല്ലെങ്കില്‍ ബാവിസ്റ്റിന്‍ എന്ന കുമിള്‍നാശിനി മൂന്നുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി രോഗബാധിതമായ മരങ്ങളില്‍ തളിക്കുക. ഇത് ചുവട്ടിലും ഒഴിക്കാം.


മുരിങ്ങത്തോട്ടത്തില്‍ ആദ്യകാലത്ത് എള്ള്, വെള്ളരി, ഉള്ളി, ഉഴുന്ന്, വെണ്ട തുടങ്ങിയ ഇടവിളകള്‍ നടുന്ന പതിവ് തമിഴ്‌നാട്ടിലുണ്ട്. കൂടാതെ മുരിങ്ങതന്നെ തെങ്ങ്, മാവ്, സപ്പോട്ടത്തോട്ടങ്ങളില്‍ ഇടവിളയായും വളര്‍ത്താറുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ വിപുലമായ മുരിങ്ങത്തോട്ടങ്ങള്‍ നിലവിലില്ല.