വിഷാംശം അടങ്ങിയ രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതുമൂലം വിളകള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഏറെയാണ്.വിളകളില്‍ കായ്കള്‍ ഉണ്ടായതിനുശേഷവും രാസകീടനാശനികള്‍ പ്രയോഗിക്കുന്ന പ്രവണതയാണ് ഇന്ന് നിലവിലുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് വളരെ ആവശ്യമാണ്.ലളിതമായി തയ്യാറാക്കുവാന്‍ സാധിക്കുന്ന കീടനാശനികളും അവയുടെ പ്രയോഗവും ചൂവടെ വിശദീകരിക്കുന്നു.

പുകയിലക്കഷായം

ഒരു കിലോഗ്രാം പുകയില കൊത്തിയരിഞ്ഞത് 15 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ക്കാന്‍ വെക്കുക. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാര്‍ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താല്‍ കീടനാശനി തയ്യാറാകും. കീടബാധയുടെ തീവ്രതയനുസരിച്ച് ഇത് രണ്ട് മൂന്ന് ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കണം. ശക്തികൂടിയ പുകയില സത്തുണ്ടാക്കുവാന്‍ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂര്‍ തിളപ്പിച്ചാല്‍ മതി.

വെളുത്തുള്ളി മിശ്രിതം​ 

സുലഭമായി ലഭിക്കുന്ന വെളുത്തുള്ളി ഉപയോഗിച്ച് ഈ മിശ്രിതം ഉണ്ടാക്കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ലായനി അരിച്ച് തെളിച്ചെടുക്കുക. അതിന് ശേഷം ഒരു ലിറ്റര്‍ ലായനിക്ക് നാല് മില്ലി എന്ന തോതില്‍ മാലത്തിയോണ്‍ കൂട്ടിച്ചേര്‍ത്ത് കീടനാശനി ഉപയോഗിക്കാം. പാവലിലും മറ്റും കാണുന്ന പച്ചതുള്ളനെ പ്രതിരോധിക്കുവാന്‍ വെളുത്തുള്ളി മിശ്രിതത്തിന് കഴിയും. 

പഴക്കെണി

പാവലിനും പടവലത്തിനും കണ്ടുവരുന്ന കായീച്ചയെ നശിപ്പിക്കുന്നതിന് പഴക്കെണി ഉപയോഗിക്കാം. പഴക്കെണി തയ്യാറാക്കാനായി പാളയന്‍കോടന്‍ പഴം തൊലികളയാതെ നാല് കഷണമാക്കി മുറിക്കുക.മുറിച്ച ഭാഗങ്ങളില്‍ ഫൂറഡാന്‍ തേക്കുക. ഇത് പന്തലില്‍ ചിരട്ടകള്‍ കൊണ്ട് ഉറിയുണ്ടാക്കി തൂക്കിയിടുക.

ശര്‍ക്കരക്കെണി

10 ഗ്രാം ശര്‍ക്കര അല്‍പം ഈര്‍പ്പത്തോടുകൂടി ഒരു വലിയ ചിരട്ടയുടെ ഉള്‍ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇതില്‍ ഒരു നുള്ള് ഫുറഡാന്‍ തരി വിതറിയ ശേഷം ഉറുമ്പിന്‍ കൂടിനരികിലോ ചെടിയുടെ അടുത്തോ വെച്ചാല്‍ വിഷം അടങ്ങിയ ശര്‍ക്കര തിന്ന് ഉറുമ്പുകള്‍ ചാകും.

തുളസിക്കെണി

ഒരു പിടി തുളസിയില അരച്ചെടുത്ത് ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ച് വെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിയും ചേര്‍ക്കണം. ഇത് പാവലും പടവലവും വളര്‍ത്തുന്ന പന്തലില്‍ കെട്ടിത്തൂക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കിഴികെട്ടി 12 മണിക്കൂര്‍ മുക്കി വെയ്ക്കുക.അതിന് ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് ലായനി തയ്യാറാക്കാം. വെണ്ടയിലെ കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഈ സസ്യകീടനാശിനി നല്ലതാണ്.

നാറ്റപ്പൂച്ചെടി എമള്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ശേഖരിച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ നാരുമായി ചേര്‍ത്ത് ഇത് പത്തിരട്ടി വെള്ളവുമായി ചേര്‍ത്ത് തളിക്കാം.പയര്‍പ്പേനിനെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.