ഴയെത്താൻ വൈകിയത് ‘പൊക്കാളി’ നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയിൽ പൊക്കാളി കൃഷി സജീവമായി നടക്കുന്ന തീരദേശ മേഖലയിൽ രണ്ടാം വരവിനൊരുങ്ങുന്ന പൊക്കാളി കർഷകർ ഇതോടെ ആശങ്കയിലായിരിക്കുകയാണ്.

പൊക്കാളി നെൽകൃഷിയെ തിരിച്ചുപിടിക്കുന്നതിനായി സഹകരണ സംഘങ്ങളുടെയും കൃഷിഭവന്റെയുമൊക്കെ സഹകരണത്തോടെ ഏക്കർകണക്കിന് തരിശുപാടങ്ങളിലും ഇക്കുറി വിത്തിട്ടിരുന്നു. എന്നാൽ, സമയബന്ധിതമായി കിട്ടിയിരുന്ന മഴ ലഭിക്കാതായതോടെ ഇവയൊന്നാകെ നശിച്ചുപോകുന്ന സ്ഥിതിയാണുള്ളത്.

കൃഷിയാരംഭത്തിൽത്തന്നെ വൻതോതിൽ വിത്തിന്റെ ക്ഷാമം അനുഭവപ്പെട്ടിരുന്നു. പൊതുമാർക്കറ്റുകളിൽ നിന്ന്‌ ഉൾപ്പടെ വിത്ത് സംഭരിച്ചാണ് കർഷകർ ഇക്കുറി വിത നടത്തിയത്.

ജൂലായ്‌ ആരംഭിച്ചിട്ടും മഴ കിട്ടാത്തതാണ് പൊക്കാളി കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ജൂൺ മധ്യത്തോടെ പാടത്ത് വിതച്ച വിത്തുകൾ മുളയ്ക്കാതായതോടെ ഇല്ലാതായത് കർഷകരുടെ പ്രതീക്ഷകളാണ്.

പൊക്കാളി നെൽകൃഷി തുടരുന്ന ബഹുഭൂരിപക്ഷം പേരും നഷ്ടം സഹിച്ചാണ് ഇത് ചെയ്യുന്നത്. നെൽകൃഷിക്കൊപ്പം തന്നെയുള്ള മത്സ്യ കൃഷിയിലൂടെയാണ് പൊക്കാളി കർഷകർ നഷ്ടം നികത്തുന്നത്. സാധാരണനിലയിൽ ജൂൺ രണ്ടാം വാരത്തോടെ പൊക്കാളി വിത ആരംഭിക്കും. തുടർന്ന് രണ്ടാഴ്ച കിട്ടുന്ന മഴയുടെ കരുത്തിലാണ് പൊക്കാളിക്ക് മുളപൊട്ടുന്നത്. എന്നാൽ, ഇക്കുറി ജൂലായ്‌ ആരംഭിച്ചിട്ടും ചാറ്റൽമഴപോലും കിട്ടാതായതോടെ വിതച്ച വിത്തുകളൊക്കെ മുളയ്ക്കാത്ത സ്ഥിതിയാണുള്ളത്. പുഴയിലെ വെള്ളത്തിന് കടുത്ത ഉപ്പ് ആയതിനാൽ അതും കർഷകരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.

മഴ ലഭിക്കാത്തത്, വരാപ്പുഴ-കടമക്കുടി-കോട്ടുവള്ളി -ഏഴിക്കര-വൈപ്പിൻ മേഖലകളിലെ കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ആദ്യം വിതച്ച വിത്ത് ചൂടിന്റെ ആധിക്യത്താൽ മുളപൊട്ടാതെ നശിച്ചതോടെ വീണ്ടും വിത്തിടേണ്ട സ്ഥിതിയിലാണ് കർഷകർ. എന്നാൽ, ഇതിനാവശ്യമായ വിത്ത് എവിടെ നിന്ന്‌ സംഭരിക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്. തികച്ചും പ്രകൃതിദത്തമായ രീതിയിലാണ് പൊക്കാളി നെൽകൃഷി നടന്നുവരുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ പൊക്കാളി നെൽകൃഷി നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് കടമക്കുടി പഞ്ചായത്ത്. ഇവിടെ വിത്ത് വിതച്ച പാടങ്ങൾ ഏതാണ്ട് പൂർണമായിത്തന്നെ കരിഞ്ഞുണങ്ങിയ നിലയിലാണ്.

കഴിഞ്ഞവർഷം പൊക്കാളിയെ പ്രളയജലം മുക്കിയെങ്കിലും അതിനെ അതിജീവിച്ച് മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്. ഒരാഴ്ചയിലേറെയാണ് കതിരുവീഴാറായ പൊക്കാളി വെള്ളത്തിൽ മുങ്ങിപ്പോയത്. എന്നാൽ, ഇതേ പാടങ്ങളിൽ കൃഷിയൊരുക്കിയ ‘വൈറ്റില-6’ ഇനത്തിൽപ്പെട്ട നെൽകൃഷിക്ക് പ്രളയത്തിൽ പിടിച്ചുനിൽക്കാനായിരുന്നില്ല.

കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകളിൽ മാത്രം 70 ഏക്കറോളം തരിശുപാടത്താണ് ഇക്കുറി വിത്തിട്ടുള്ളത്. അവിചാരിതമായുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Content Highlights: Paddy Farming In Trouble