കാല്‍ നൂറ്റാണ്ട് മുമ്പ് കോളേജില്‍ ലക്ചററായി ജോലി കിട്ടി. ഗ്രാമസമൃദ്ധിയില്‍ നിന്ന് നഗരത്തിലേക്ക് വരുമ്പോള്‍ ജോലിയുടെ സന്തോഷത്തിനിടയിലെവിടെയോ അല്‍പം വേദനയോടെ ഞാന്‍ മാറ്റിവെച്ച ഒരു ജീവിതമുണ്ടായിരുന്നു. പൂക്കളും പൂമ്പാറ്റകളും വളര്‍ത്തുമൃഗങ്ങളും കൂട്ടിനുള്ള, ഹരിതസമൃദ്ധമായ പൂര്‍വാശ്രമം. വിത്തിനുള്ളിലെ നിദ്ര വിട്ടുണര്‍ന്ന് പ്രപഞ്ചത്തെ കൗതുകത്തോടെ നോക്കുന്ന ചെടികളും, മണ്ണിനുള്ളില്‍ മറഞ്ഞിരുന്ന് വെള്ളവും വളവും നല്‍കി ചെടിയെ ആകാശങ്ങളിലേക്ക് വളര്‍ത്തുന്ന വേരുകളും എനിക്കെന്നും അത്ഭുതമായിരുന്നു. അക്ഷരപ്രസാദവുമായി സെന്റ് ജോസഫ്‌സ് കോളേജിന്റെ ക്ലാസ്മുറികളില്‍ കര്‍മനിരതയായിരിക്കുമ്പോളും , വാഴക്കുടപ്പന്റെ മണമുള്ളൊരു കുട്ടിക്കാലം അധോമുഖമായി നിന്ന് മെല്ലെ തേങ്ങി. അതുകൊണ്ടുതന്നെ റിട്ടയര്‍മെന്റിന് ശേഷം എന്ത് എന്നൊരു ചോദ്യമേ മനസില്‍ ഇല്ലായിരുന്നു. 

ചില സ്ഥാപനങ്ങളില്‍ നിന്ന് വന്ന നല്ല ഓഫറുകള്‍ സ്വീകരിക്കാന്‍ തോന്നിയില്ല. അത്യാവശ്യം പച്ചക്കറികളും പൂച്ചെടികളും ഉണ്ടായിരുന്നെങ്കിലും മട്ടുപ്പാവുകൃഷി എന്ന പ്രലോഭനം എന്നെ വിടാതെ പിന്തുടര്‍ന്നിരുന്നതിനാല്‍ വിരമിക്കുന്നതിനു മുമ്പേ തുടങ്ങി കൃഷിയൊരുക്കങ്ങള്‍. ലഭ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും വിത്ത്, വളം ,വിളപരിപാലനം ,കീടനിയന്ത്രണം തുടങ്ങിയ കൃഷിയറിവുകള്‍ നേടി. കൃഷിയിടങ്ങളും പോളി ഹൗസുകളും നഴ്‌സറികളും സന്ദര്‍ശിച്ച് കുറെ കാര്യങ്ങള്‍ മനസിലാക്കി.

sofiya

ആലപ്പുഴ കൃഷി ഭവന്റെ സഹകരണത്തോടെ ടെറസില്‍ പോളിഹൗസ് നിര്‍മിച്ചു. ഗ്രോബാഗുകളും പച്ചക്കറി തൈകളും വാഴവിത്തുമൊക്കെ കൃഷി ഭവനില്‍ നിന്ന് ലഭിച്ചു.ഇപ്പോള്‍ തൊടിയിലും മട്ടുപ്പാവിലുമായി ഇഷ്ടം പോലെ വാഴയും പച്ചക്കറികളുമുണ്ട്. ഏത്തവാഴയും ഞാലിപ്പൂവനും ആറ്റുകണ്ണനും നന്നായി പിടിക്കുന്നുണ്ട്.

വര്‍ഷം മുഴുവനും വീട്ടാവശ്യത്തിന് പച്ചക്കറി കിട്ടും. കൂടുതലുള്ളത് അയല്‍പക്കത്ത് കൊടുക്കും. അധികമുള്ളത് അടുത്തുള്ള കടയില്‍ വില്‍ക്കും.വെണ്ട, മുളക്, തക്കാളി , കോവല്‍, ചീര, പാവല്‍, പടവലം എന്നിവയാണ് വീട്ടിലുള്ള പച്ചക്കറികള്‍.അഗത്തിച്ചീര, മുള്ളന്‍ ചീര, വള്ളിച്ചീര, ചുവപ്പ്-പച്ചച്ചീര, കറിവേപ്പില എന്നിവ ധാരാളമുണ്ട്.

ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി, ചാണകം, വേപ്പിന്‍ പിണ്ണാക്ക്,എല്ലുപൊടി,ആട്ടിന്‍ കാഷ്ഠം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു ആടിനെ വളര്‍ത്തുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള മുട്ടയ്ക്കായി നാടന്‍ കോഴിയും താറാവുമുണ്ട്. കോഴിയെ വലയ്ക്കുള്ളിലാണ് വളര്‍ത്തുന്നത്. 

പ്ലാവ്,മാവ്,പേര,ചാമ്പ,കുടമ്പുളി,മുരിങ്ങ,നാരകം എന്നിവയൊക്കെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. തുമ്പയും തുളസിയും മുക്കുറ്റിയും പ്രത്യേകം സംരക്ഷിക്കുന്നുണ്ട്. കണിക്കൊന്ന പലപ്പോഴും പൂക്കാന്‍ മറന്നുപോകുന്നു. അസോള കൃഷിയുമുണ്ട്. കുറച്ച് നല്ലയിനം ഓര്‍ക്കിഡിമുണ്ട്. എട്ടിനം ചെമ്പരത്തി മതിലിനു മുകളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. മതിലിനു പകരം ജൈവവേലി ആക്കണമെന്നുണ്ടായിരുന്നു. അത് അത്ര പ്രായോഗികമല്ലല്ലോ.

ഭര്‍ത്താവ് അഡ്വക്കേറ്റ് തോംസണ്‍ പുല്‍ത്തകിടി, രാവിലെ ഓഫീസില്‍ പോകുന്നതു വരെ കൃഷിയില്‍ സഹായിക്കും. വീട്ടിലുള്ള സമയത്ത് മക്കളും കൂടും. എന്റെ സ്‌നേഹിത ജോളി രാജുവും മകള്‍ വര്‍ഷയും നാലഞ്ചു പശുക്കളെ വളര്‍ത്തുന്നുണ്ട്. അവിടെ നിന്ന് ഇഷ്ടം പോലെ ചാണകം എടുക്കും. തികച്ചും വ്യത്യസ്തനായ ഒരു ഓട്ടോ സുഹൃത്തുണ്ടെനിക്ക്, ഡെന്നി.

സ്വന്തം ഓട്ടോയില്‍ കൃഷിയാവശ്യത്തിനുള്ള ചാണകവും വളവും ,ആടിന്റെ തീറ്റയും ഒക്കെ കൊണ്ടുത്തരും. ചാണകത്തിന്റെ മണം മാറാന്‍ ഓട്ടോയില്‍ പെര്‍ഫ്യും സ്‌പ്രേ ചെയ്യുമ്പോള്‍ 'അതൊന്നും വേണ്ട ടീച്ചറേ' എന്നു പറയുന്ന ഡെന്നി നല്ലൊരു സഹായമാണ്. പാല്‍ വിതരണത്തിനായി വരുന്ന കുട്ടി വഴിയില്‍ എവിടെയെങ്കിലും പ്ലാവിസ കിട്ടിയാല്‍ കൊണ്ടുത്തരും.
പലരുടെയും ചെറുതും വലുതുമായ സഹാവും സഹകരണവും കൊണ്ട് 25 വര്‍ഷം മുമ്പ് മാറ്റി വെച്ച മണ്ണിന്റെ മണമുള്ള ജീവിതം ഞാന്‍ തിരിച്ചുകൊണ്ടുവരികയാണ്.

(ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് വിരമിച്ച അസോസിയോറ്റ് പ്രൊഫസറാണ് ലേഖിക)

 

Content highlights: Agriculture, Organic farming, Terrace farming