ചുരുങ്ങിയ ചെലവില്‍ ഇരട്ടി ലാഭം കൊയ്യാവുന്ന ഒരു കൃഷി പരിചയപ്പെടുത്തുകയാണ് നീലേശ്വരം വാണിയംവയലിലെ കെ.ഉണ്ണികൃഷ്ണന്‍. എളുപ്പവും ആദായകരവുമായി മാറിയ കൂണ്‍കൃഷിയില്‍ വിജയം രചിക്കുകയാണ് അദ്ദേഹം

മാവുങ്കാലില്‍ ഇലക്ട്രോണിക് മെക്കാനിക്കായ ഉണ്ണികൃഷ്ണന് കൃഷിയോട് പണ്ടുമുതല്‍ക്കേ താത്പര്യമുണ്ട്. അങ്ങനെ കാടക്കോഴി കൃഷി തുടങ്ങി. എന്നാല്‍ രണ്ടുവര്‍ഷമാകുമ്പോഴേക്കും അസുഖം ബാധിച്ച് അവ ചത്തു. അന്ന് നഷ്ടമായത് 30,000 രൂപയായിരുന്നു.

മറ്റെന്ത് കൃഷി ചെയ്യുമെന്നുള്ള ആലോചനയിലാണ് നീലേശ്വരം കൃഷി ഓഫീസില്‍നിന്ന് കൂണ്‍ കൃഷിയെപ്പറ്റി അറിഞ്ഞത്. അതൊന്ന് പരീക്ഷിക്കാന്‍ ഉറച്ചു. 2004-ലാണ് കൃഷി തുടങ്ങിയത്. വര്‍ഷത്തില്‍ മുഴുവനും ചെയ്യാന്‍ കഴിയുന്ന കൃഷിയാണ് കൂണെന്നും ലാഭം ഇരട്ടിയാണെന്നും അദ്ദേഹം ജീവിതത്തിലൂടെ കാട്ടിത്തരികയാണിപ്പോള്‍. ആദ്യം വീട്ടിനടുത്ത് പുര നിര്‍മിച്ചായിരുന്നു കൃഷി തുടങ്ങിയത്.

2015-ഓടെ സംരംഭം തുടങ്ങാനായി സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുണ്ടാക്കിത്തുടങ്ങി. പിന്നീട് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം കെട്ടിടവും ലാബും ഉള്‍പ്പെടെയുള്ള ഫാം തുടങ്ങി. അതിന് 32 ലക്ഷം രൂപയാണ് ചെലവായത്. എട്ടുലക്ഷം രൂപ സബ്സിഡി ലഭിച്ചു.

ഫാമിനെക്കുറിച്ച്

കൂണ്‍വിത്ത് ഉത്പാദനം, കൃഷി, പരിശീലനം എന്നിവയാണ് നിമ്മി കൂണ്‍ ഫാമില്‍ നടക്കുന്നത്. മുറിക്കകത്ത് കൂണ്‍ വളര്‍ത്തുന്ന രീതിയാണ് ഇവിടെ. കഴിഞ്ഞ വര്‍ഷം മുന്‍ കളക്ടര്‍ കെ.ജീവന്‍ ബാബുവാണ് ഫാം ഉദ്ഘാടനം ചെയ്തത്.

വര്‍ഷത്തില്‍ ഏകദേശം 500 പേര്‍ക്കെങ്കിലും ഇവിടെ നിന്ന് പരിശീലനം നല്‍കുന്നുണ്ട്. ഫാമിലേക്ക് എത്താന്‍ കഴിയാത്തവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന കേന്ദ്രത്തില്‍ ചെന്ന് പരിശീലനം നല്‍കാനും ഉണ്ണികൃഷ്ണന്‍ തയ്യാറാണ്.

ലാഭം ഇരട്ടി

ലാഭം ഇരട്ടിയെന്ന് വെറുതെ പറഞ്ഞതല്ല. 10,000 രൂപ ചെലവിട്ടാല്‍ 25,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഉണ്ണികൃഷ്ണന്റെ ഉറപ്പാണ്. കൃഷി ചെയ്യാന്‍ കൃത്യമായ പരിശീലനം നേടണം. 100 കൂണ്‍തടം കൃഷി ചെയ്യുന്നതിനായി 7,500 രൂപ വരെ ചെലവ് വരും. ഇത്തരത്തില്‍ ചെയ്താല്‍ കൃഷി വകുപ്പിന്റെ ആനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതില്‍നിന്നും 20,000 രൂപ വരെ വരുമാനം ലഭിക്കുമത്രേ.

365 ദിവസവും കൃഷി

വര്‍ഷത്തില്‍ എല്ലാ ദിവസവും കൃഷി ചെയ്യാമെന്നതാണ് കൂണ്‍ കൃഷിയുടെ പ്രത്യേകത. പാല്‍കൂണ്‍, ചിപ്പി കൂണ്‍ എന്നിവയാണ് ഇനങ്ങള്‍. പാല്‍ കൂണ്‍ 40 ദിവസം കൊണ്ട് മുളയ്ക്കും. രണ്ടുമാസം വരെ വിളവെടുക്കാമെന്നതാണ് സവിശേഷത.

വിളവെടുത്താല്‍ നാലുദിവസം വരെ ഉപയോഗിക്കാനാകും. ഒറ്റയായി വളരുന്നതാണ് പാല്‍കൂണ്‍. ചിപ്പി കൂണ്‍ കൂട്ടമായാണ് വളരുന്നത്. അത് പാക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും മുളയ്ക്കും. വിളവെടുത്ത് കഴിഞ്ഞാല്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ പറ്റില്ല. കിലോയ്ക്ക് 350 രൂപയ്ക്കാണ് രണ്ടും വില്‍ക്കുന്നത്. ചന്തയില്‍ 400 രൂപയാണ് കൂണിന്റെ വില.

കൃഷി ചെയ്യുന്ന രീതി

വൈക്കോല്‍ പത്ത് മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെക്കുക. ശേഷം ഒരുമണിക്കൂര്‍ ആവിയില്‍ പുഴുങ്ങുക. എന്നിട്ട് 50 ശതമാനം ഉണക്കുക. ഇവ പി.പി. കവറില്‍ നിറയ്ക്കുക. രണ്ട് ഇഞ്ച് വൈക്കോല്‍ നിറച്ച് പിന്നീട് വിത്തിടുക. ഇങ്ങനെ നാല് ഘട്ടങ്ങളായി ചെയ്യാം. (കൂടിന്റെ വലിപ്പം അനുസരിച്ച് അധികമാവാം). ഇത് 18 ദിവസം ഇരുട്ടുമുറിയില്‍ വെക്കുക.

അവ വെള്ളനിറമായ ശേഷം വെള്ളം തളിക്കണം. അപ്പോഴേക്കും കൂണ്‍ മുളയ്ക്കാന്‍ തുടങ്ങും. ചൂട് നിയന്ത്രിക്കാന്‍ മുറികള്‍ക്കുള്ളില്‍ സാധിക്കുമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. പാല്‍ കൂണില്‍ മണ്ണ്, ചകിരിച്ചോറ്, കാത്സ്യം കാര്‍ബണേറ്റ് (ചോക്ക് പൊടി) എന്നിവയിടുന്നതും നല്ലതാണ്. മണ്ണിലെ പുളിരസം കുറയ്ക്കാനാണ് ചോക്കുപൊടി. മണ്ണിരക്കമ്പോസ്റ്റ് ഇടുന്നതും ഗുണകരമാണ്.

ഗുണങ്ങളും ഉപയോഗവും

ശരീരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പുക്കുമെന്നതാണ് കൂണിന്റെ ഗുണം. കറി, മഷ്റൂം ചില്ലി, അച്ചാര്‍, സൂപ്പ് പൗഡര്‍, മഷ്റൂം പൗഡര്‍, പായസം തുടങ്ങിയവ കൂണുകൊണ്ട് ഉണ്ടാക്കുന്നുണ്ട്.

Content Highlights: Mushroom Agriculture In Kasaragod