പ്പോള്‍ വിപണിയിലെ താരമായ മുളകിനമാണ് കാന്താരി. കഴിഞ്ഞ മാസങ്ങളില്‍ ഇതിന്റെ വില 1200 രൂപ വരെ ഉയര്‍ന്നിരുന്നു. പറങ്കികള്‍ കൊണ്ടുവന്നതിനാല്‍ പറങ്കിമുളകെന്നും ചീരാമുളകെന്നും വിളിപ്പേരുള്ള കാന്താരിക്ക് ഗുണങ്ങളേറെയാണ്. എന്നാല്‍ ഇതിന്റെ തൈ എല്ലായിടത്തും വളരില്ലെന്ന് ഒരാക്ഷേപമുണ്ട്. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നതാണ് പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. 

പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയുമെന്നാണ് വിദഗ്ധമതം. സോളന്‍സിയേ കുടുംബത്തില്‍പ്പെട്ട കാപ്സികം മിനിമം എന്നശാസ്ത്രനാമത്തിലാണ് കാന്താരി അറിയപ്പെടുന്നത്. എളുപ്പത്തില്‍ വീട്ടുപരിസരത്ത് കാന്താരി മുളകിന്റെ ചെടി നട്ടുവളര്‍ത്താം.

തൈകള്‍ ഉണ്ടാക്കാം

നാടന്‍ കാന്താരിയുടെ വിത്തുകള്‍ കണ്ടെത്തുകയെന്നതാണ് പ്രധാനം. അധികം നാട്ടിന്‍പുറത്തും ഇതിന്റെ ചെടികളുണ്ടാകും അവിടെനിന്നും സംഘടിപ്പിക്കുന്ന പഴുത്ത കായകള്‍ കീറി ചെറിയ വിത്തുകള്‍ അല്പം വെയിലത്ത് ഉണക്കിയെടുക്കണം. ഈ വിത്തുകള്‍ മുളപ്പിച്ചെടുക്കണം. മണ്ണ് നന്നായി പൊടിയാക്കിയതിനുശേഷം അതില്‍ ചാണകപ്പൊടിയും  മണലും കൂട്ടിക്കലര്‍ത്തി തരിച്ചെടുത്തതിനുശേഷം അല്‍പം വെള്ളം നനച്ച് അതിലാണ് വിത്തുകള്‍ വിതക്കേണ്ടത്. വിത്ത് വിതറിയതിനുശേഷം പുളിയിലപോലുള്ള ചെറിയ ഇലകള്‍ മുകളില്‍ വിതറി ഒന്നിരാടന്‍ ദിവസങ്ങളില്‍ നനച്ചു കൊടുക്കാം. നാലഞ്ചു ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും. അതിലേക്ക് കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും കുതിര്‍ത്തതിന്റെ തെളിവെള്ളവും ചാണകം കലക്കിയതിന്റെ തെളിവെള്ളവും ചേര്‍ത്ത് വേരുകള്‍ പൊങ്ങിപ്പോവാത്ത തരത്തില്‍ ഒഴിച്ചു കൊടുക്കണം.

മാറ്റിനടാം

ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള ചരല്‍മണ്ണിലാണ് കാന്താരി നന്നായി വളരുക.സൂര്യപ്രകാശം കിട്ടുന്നയിടമാണെങ്കില്‍ കാന്താരിയുടെ എരിവ് കൂടും. നിലം തയ്യാറാക്കുമ്പോള്‍ വാട്ടരോഗം ഒഴിവാക്കാന്‍ മണ്ണില്‍ കുമ്മായം ചേര്‍ക്കണം. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടമെടുക്കാന്‍. വേര് പൊട്ടിപോകാതെ പറിച്ചെടുത്ത് ഒരു മീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ നടാന്‍. വെയിലുള്ള സ്ഥലമാണെങ്കില്‍ തണല്‍ കൊടുക്കാന്‍ ശ്രദ്ധിക്കണം. വേനലില്‍ ദിവസവും നനച്ചുകൊടുക്കണം. തൈകള്‍ വേരുപിടിച്ച് കഴിഞ്ഞാല്‍ തടത്തില്‍ റോക്ക് ഫോസ്ഫേറ്റും എല്ലു പൊടിയും ചേര്‍ത്തിളക്കിക്കൊടുക്കാം.

ഗ്രോബാഗില്‍

മണ്ണും അതേ അളവില്‍ ചകിരിച്ചോറും മണ്ണിന്റെ അളവിന്റെ മൂന്നിലൊന്ന് ചാണകപ്പൊടിയും ബാഗൊന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. ഇത് ഗ്രോബാഗില്‍ നിറച്ച് വേരുപൊട്ടിപ്പോകാതെ തൈകള്‍ മാറ്റി നടാം. വേരുപിടിച്ചു കഴിഞ്ഞാല്‍ 50 ഗ്രാം എല്ലുപൊടിയും 50 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഒരു ടീസ്പൂണ്‍ ട്രൈക്കോഡര്‍മയും ഓരോ ഗ്രോ ബാഗിലും ചേര്‍ക്കാം. തൈകള്‍ നട്ട് ആദ്യ ദിവസങ്ങളില്‍ ഗ്രോബാഗ് തണലത്തുവെക്കണം. ടെറസിലാണ് ഗ്രോബാഗ് വയ്ക്കുന്നതെങ്കില്‍ കല്ലിനോ ഇഷ്ടികയ്‌ക്കോ മുകളിലാകണം. മൂന്നു മാസം കൊണ്ട് കായകള്‍ പറിക്കാന്‍ തുടങ്ങാം. മുളക് പറിക്കാന്‍ തുടങ്ങിയാല്‍ ഓരോ മാസത്തിലും അല്പം വളം ചേര്‍ത്തുകൊടുക്കണം. 

പ്രതിരോധശേഷി കൂടുതലായതിനാല്‍ രോഗങ്ങളും കീടങ്ങളും കാന്താരിയെ ആക്രമിക്കാറില്ല. പച്ചമുളകിനെ ബാധിക്കുന്ന ഫംഗസ് രോഗങ്ങളും വേരുചീയല്‍ കരിംപൂപ്പ് ആക്രമണം എന്നിവ അപൂര്‍വമായി കണ്ടുവരുന്നു. വേപ്പെണ്ണ എമെല്‍ഷന്‍, സ്യൂഡോമോണസ് നേര്‍പ്പിച്ചത് എന്നിവ തളിച്ചും വെളുത്തുള്ള ഗോമൂത്രം ലായനി, പുകയിലക്കഷായം എന്നിവയുപയോഗിച്ചും രോഗകീടങ്ങളെ അകറ്റാം.

Content Highlights: Bird's eye chili Farming- Kitchen Farming