തൃശ്ശൂര്‍: ശാസ്ത്രീയമായി കൃഷിചെയ്ത് വരുമാനമുണ്ടാക്കിത്തരുന്ന ഒരു സസ്യമായി കുറുന്തോട്ടി ഉയരുന്നു. രണ്ടര ഏക്കറില്‍ ജില്ലയില്‍ കുറുന്തോട്ടികൃഷി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ അഞ്ച് വന്‍കിട വൈദ്യശാലകള്‍ കിലോയ്ക്ക് 90 രൂപവെച്ച് കുറുന്തോട്ടി വാങ്ങിക്കോളാമെന്ന് കരാറും ഒപ്പിട്ടു. മറ്റത്തൂരിലെ സഹകരണസംഘമാണ് കുറുന്തോട്ടി വളര്‍ത്താന്‍ കര്‍ഷകരെ സഹായിക്കുന്നത്. അടുത്ത കൊല്ലം കൃഷി 50 ഏക്കറിലേക്ക് വ്യാപിപ്പിക്കും. 

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണവും പദ്ധതിക്കുണ്ട്. ആനപ്പാന്തം, കാരിക്കടവ് എന്നീ ആദിവാസി ഊരുകളില്‍നിന്ന് 15 കിലോ വിത്ത് സൊസൈറ്റി ശേഖരിച്ചു. ഇത് പീച്ചി വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസ്‌കരിച്ചശേഷം മുളപ്പിച്ച തൈകളാക്കി തിരിച്ചുവാങ്ങി. തൈകള്‍ ജൂണില്‍ പൂക്കോട്ടെ അഞ്ച് കര്‍ഷകര്‍ രണ്ടര ഏക്കറിലായി നട്ടു. ഇപ്പോള്‍ മൂന്നടിയോളം ഉയരമുള്ള കുറുന്തോട്ടികളുടെ പോഷണത്തിന് മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം, ആട്ടിന്‍കാഷ്ഠം എന്നിവ മാത്രമാണ് ഉപയോഗിച്ചത്. കീടങ്ങളുടെ ആക്രമണവുമില്ല. 

ജനുവരിയില്‍ വിളവിനു പാകമാകും. കര്‍ഷകരില്‍നിന്ന് സൊസൈറ്റി ശേഖരിച്ച്, കഴുകിയുണക്കി വൈദ്യശാലകള്‍ക്കു കൈമാറും.

ഔഷധി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല, സീതാറാം ആയുര്‍വേദ ഫാര്‍മസി, കേരള ആയുര്‍വേദ ഫാര്‍മസി എന്നിവയുമായാണ് കരാര്‍ ഉണ്ടാക്കിയത്. സര്‍വീസ് ചാര്‍ജ് എടുത്തശേഷം ചുരുങ്ങിയത് 75 രൂപ കര്‍ഷകര്‍ക്ക് സൊസൈറ്റി നല്‍കും. കുറുന്തോട്ടിയുടെ വിത്തുകള്‍ കര്‍ഷകരില്‍നിന്നും കിലോയ്ക്ക് 1000 രൂപയ്ക്ക് എടുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് എ.കെ. സുകുമാരന്‍, സെക്രട്ടറി കെ.പി. പ്രശാന്ത് എന്നിവര്‍ പറഞ്ഞു.

എന്തുകൊണ്ട് കുറുന്തോട്ടി കൃഷി

സംസ്ഥാനത്തെ വൈദ്യശാലകള്‍ക്കുമാത്രം രണ്ടുലക്ഷം ടണ്ണോളം കുറുന്തോട്ടി ഒരു വര്‍ഷം വേണം. ആളുകള്‍ പറമ്പുകളില്‍നിന്നും വനത്തില്‍നിന്നും ശേഖരിച്ച് കടകള്‍ വഴിയാണിപ്പോള്‍ കിട്ടുന്നത്. കുറുന്തോട്ടിയുടെ പ്രജനനകാലം നവംബറാണ്. ഇക്കാലത്ത് വേരോടെ പിഴുതെടുക്കുന്നതോടെ അടുത്ത തലമുറ ഇല്ലാതാവുന്നു. ഇപ്പോള്‍ കിട്ടുന്നവയില്‍ നിലവാരമുള്ളത് കുറവാണെന്ന് സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. ഒ.എല്‍. പയസ് പറഞ്ഞു. 

കുറുന്തോട്ടി എന്തിന്

വാതരോഗത്തിനുള്ള ആയുര്‍വേദമരുന്നുകളില്‍ ഒന്നാംസ്ഥാനമാണ് കുറുന്തോട്ടിക്കുള്ളത്. 'ബല' എന്ന് സംസ്‌കൃതപ്പേര്. ബലാരിഷ്ടം, ക്ഷീരബല, ഞവരക്കിഴി തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മുഖ്യസ്ഥാനം. സിഡ അല്‍നിഫോളിയ, സിഡ റെട്യൂസ തുടങ്ങിയ ശാസ്ത്രീയനാമങ്ങളില്‍ അറിയപ്പെടുന്നു. ജൈവരീതിയില്‍ കൃഷിചെയ്ത് എടുക്കുന്ന കുറുന്തോട്ടിക്ക് ഗുണമേറുമെന്ന് ഔഷധിയുടെ തൃശ്ശൂരിലെ പഞ്ചകര്‍മ ആസ്പത്രി മേധാവി ഡോ. കെ.എസ്. രജിതന്‍ പറയുന്നു.