ജെറോം കെ ജെറോമിന്റെ ചീസെസ് ഫ്രം ലിവര്‍പൂള്‍ കഥ ഓര്‍മ്മയുണ്ടോ ?

ലിവര്‍പൂളില്‍ നിന്നും ഒരുതരം വിശേഷപ്പെട്ട ഗന്ധമുള്ള പാല്‍ക്കട്ടി വാങ്ങി ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്ന നായകന്‍. നല്ല തിരക്കുള്ള ഒരു ട്രെയിനില്‍ ആണ് യാത്ര. ചീസുമായി നായകന്‍ കയറിയതു മുതല്‍ ആ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും അസ്വസ്ഥത പ്രകടിപ്പിച്ച് ഓരോരുത്തരായി ഇറങ്ങി പോകുന്നു.

തിരക്കുള്ള ട്രെയിനില്‍ സ്വന്തമായി ഒരു കമ്പാര്‍ട്ട്‌മെന്റില്‍  ഇടയ്ക്കിടെ പാല്‍ക്കട്ടിയുടെ ഗന്ധം ആസ്വദിച്ച് യാത്ര തുടരുന്ന നായകന്‍. ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ഒരു കൂട്ടം പേര്‍ ഈ ഒഴിഞ്ഞ കംപാര്‍ട്‌മെന്റ് കണ്ട് ഓടി വരും. എന്നാല്‍ ആദ്യത്തെ ഉച്ഛ്വാസം കഴിയുന്നതും എല്ലാവരും മുഖം ഒന്ന് ചുളിച്ച് അവിടം വിട്ടു പോകുന്നു.

പിന്നീട് സുഹൃത്തിന്റെ വീട്ടുകാര്‍ പറയുമ്പോഴാണ് തനിക്കൊഴികെ ബാക്കി എല്ലാവര്‍ക്കും ഈ 'മാസ്മരിക ഗന്ധം' അസഹനീയമാണെന്ന് നായകന്‍ അറിയുന്നത് തന്നെ.

ഏതാണ്ട് ഇത് പോലെ ആണ് സിംഗപ്പൂരിന്റെ ദേശീയ ഫലം ആയ ഡുറിയാന്‍ പഴത്തിന്റെ കാര്യവും. ലോകത്തില്‍ വച്ച് 'ഏറ്റവും നാറ്റ'മുള്ള പഴം എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഒന്ന് മണത്താല്‍ തന്നെ ചിലര്‍ക്ക് ഛര്‍ദ്ദില്‍ വരും , തല കറങ്ങും...എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ സ്വാദൂറും ഗന്ധമാണത്.

ഇന്റര്‍നെറ്റില്‍ വെറുതെ ഒന്ന് തിരഞ്ഞു നോക്കൂ ഡുറിയാനെക്കുറിച്ച് . അതിന്റെ ശക്തിയുള്ള, അസ്വാസ്ഥ്യം ഉളവാക്കുന്ന ഗന്ധത്തെക്കുറിച്ചായിരിക്കും എല്ലാവര്‍ക്കും പറയാനുണ്ടാവുക.

മൂക്കിനടുത്തേക്കു കൊണ്ട് പോകാന്‍ തന്നെ കഴിയാത്ത ഒന്നിന്റെ സ്വാദ് എങ്ങനെ അറിയാനാണ് ? പക്ഷേ ഗന്ധം സഹിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ രക്ഷപെട്ടു. ഈ പഴത്തിന്റെ സ്വര്‍ഗീയമായ സ്വാദ് ആസ്വദിക്കാന്‍ കഴിയുന്ന ഭാഗ്യവാന്മാരില്‍ ഒരാള്‍ ആയി നിങ്ങള്‍.

ഇതിന്റെ ഗന്ധത്തെ പല രീതിയില്‍ വിവരിക്കാമെങ്കിലും മണം മണത്തുതന്നെ അറിയണം. സ്വാദ് ഭക്ഷിച്ചും!

അസഹനീയ ഗന്ധം എന്ന ഒറ്റ കാരണം കൊണ്ടുതന്നെ തന്നെ പല പൊതു ഇടങ്ങളിലും ഈ പഴം കൊണ്ട് വരുന്നത് നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ഇടങ്ങളില്‍ മാളുകളിലും, ഫുഡ് കോര്‍ട്ടുകളിലും, വിമാനത്താവളങ്ങളിലുമൊക്കെ ഡുറിയാന്‍ പഴത്തിന് വിലക്കുണ്ട്.

തെക്കു കിഴക്കന്‍ ഏഷ്യ ആണ് ഡുറിയാന്റെ നാട്. സിംഗപ്പൂരിലും മലേഷ്യയിലും ഇന്തോനേഷ്യയിലും തായ്ലാന്റിലും ഒക്കെ വരുന്ന വിനോദ സഞ്ചാരികളാണ് ഈ പഴത്തിന് ഇത്രയേറെ കുപ്രസിദ്ധി ഉണ്ടാക്കി കൊടുത്തത്. എന്നാല്‍ ദുര്‍ഗന്ധം കാരണമുള്ള ഈ കുപ്രസിദ്ധിയെ ആ നാട്ടുകാര്‍ അംഗീകരിച്ചിട്ടില്ല. 

ശീലമില്ലാത്ത സ്വാദുകള്‍ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സാധാരണ പ്രതികരണമാണിതെന്നാണ് ഡുറിയാന്റെ നാട്ടുകാര്‍ പറയുന്നത്. കൂടാതെ ഡുറിയാന്‍ തന്നെ രണ്ടു മൂന്നു വിധം ഉണ്ടെന്നും ചിലതിനു മാത്രമേ ഇങ്ങനെ രൂക്ഷ ദുര്‍ഗന്ധം ഉള്ളൂ എന്നും ഇവര്‍ പറയുന്നു. ആ നാട്ടുകാര്‍ക്ക് ഇത് പഴങ്ങളുടെ രാജാവ് ആണ്.

ഇങ്ങനെ കുറെ അപവാദങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ഇതുവച്ചുണ്ടാക്കുന്ന ഐസ്‌ക്രീം, കേക്ക് തുടങ്ങിയ വിഭവങ്ങള്‍ എല്ലാം തന്നെ ജനപ്രിയമാണ്.

ചക്കയോട് പല തരത്തിലുള്ള സാമ്യം ഉണ്ടെങ്കിലും ഡുറിയാനെ ചക്കയോട് ഉപമിച്ചാല്‍ ചക്ക പ്രേമികള്‍ സഹിക്കില്ല. എന്നാല്‍ ഡുറിയാന്‍ പഴത്തിനുള്ളത് പോലെ വിലക്കുകള്‍ ചക്കയ്ക്കും ചിലയിടങ്ങളില്‍ ഉണ്ട്. അങ്ങനെയെങ്കില്‍ ചക്കയൊക്കെ വഴങ്ങിയ നമ്മള്‍ മലയാളികള്‍ക്ക് ഡുറിയാന്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്നതാണ്.

മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമൊക്കെ ഡുറിയാന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയുമായി കേരളത്തിന് സാമ്യമുള്ളതിനാലാവാം കടല്‍ കടന്നു വന്ന ഡുറിയാന്‍ പഴങ്ങള്‍ നമ്മുടെ നാട്ടിലും മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. ലുലു പോലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇവ എപ്പോഴും ലഭിക്കും.

ഇത്ര കഷ്ടപ്പെട്ട് എന്തിനാ ഇത് കഴിക്കുന്നത് എന്ന് തോന്നുന്നുണ്ടോ ? ഏറ്റവും പോഷക സമൃദ്ധമായ പഴങ്ങളില്‍ ഒന്നാണ് ഡുറിയാന്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഡുറിയാന്‍ പഴത്തില്‍ പൊട്ടാസ്യം, അയേണ്‍, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ മിനറലുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും, എല്ലുകളുടെ ബലത്തിനും, നല്ല ദഹനത്തിനുമെല്ലാം ഡുറിയാന്‍ ഏറെ സഹായിക്കും. കാന്‍സര്‍ ചികിത്സയ്ക്കും, വന്ധ്യതാ നിവാരണത്തിനുമെല്ലാം ഡുറിയാന്‍ പലയിടങ്ങളിലും (അശാസ്ത്രീയമായി) പ്രയോഗിച്ച് വരുന്നു. അങ്ങനെ മൊത്തത്തില്‍ ആരോഗ്യപ്രേമികളുടെ ഇഷ്ടഫലമാണ് ഈ വിലക്കപ്പെട്ട കനി!