ണ്ണിലെ മൂലക സാന്നിദ്ധ്യവും മൂലക സന്തുലിതാവസ്ഥയും നിലനിര്‍ത്തേണ്ടത് ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സസ്യങ്ങളില്‍ ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെട്ടാല്‍ അത് പരിഹരിക്കുന്നതെങ്ങനെ?

1. ഇരുമ്പ് ഉള്‍പ്പെടെയുള്ള മിക്ക സൂക്ഷ്മ മൂലകങ്ങളുടെയും ആഗിരണം ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരേ വിളയുടെ തന്നെ വ്യത്യസ്ത ഇനങ്ങളുടെ മൂലക ആഗിരണശേഷി വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മണ്ണിനങ്ങളില്‍ മെച്ചപ്പെട്ട മൂലക ആഗിരണശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.

2. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുക. ജൈവാംശത്തിലടങ്ങിയിരിക്കുന്ന ചിലേറ്റിംഗ് പദാര്‍ത്ഥങ്ങള്‍, ഇരുമ്പിനെ ചീലേറ്റഡ് രൂപത്തിലാക്കി ചെടികള്‍ക്ക് ആഗിരണ യോഗ്യമാക്കുന്നു.

3. ഉയര്‍ന്ന ക്ഷാരംശമുള്ള മണ്ണില്‍ (കേരളത്തില്‍ ചിറ്റൂര്‍ താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമേ ക്ഷാരംശമുള്ള മണ്ണുള്ളൂ) അല്ലെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണിലെ പി.എച്ച്. 7 നു മുകളില്‍ വന്നാല്‍ അമ്ലോത്പാദക നൈട്രജന്‍ വളങ്ങള്‍ ഉപയോഗിച്ച് പി.എച്ച്. 7ന് താഴെയാക്കുക. (ഉദാ: യൂറിയ്ക്കു പകരം ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുക).

4. ഇരുമ്പിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫെറസ് സള്‍ഫേറ്റ് (Fe So 4 7H 2 O) ഉപയോഗിക്കലാണ്. ഈ സാഹചര്യത്തില്‍ മണ്ണില്‍ പ്രയോഗിക്കുന്ന ഫെറസ് സള്‍ഫേറ്റ്, ഫെറിക് ഹൈഡ്രോക്‌സൈഡായി (Fe Co H 3) പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഫെറസ് സള്‍ഫേറ്റ് ലായനി രൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് ഉത്തമം. വിളയുടെ സ്വഭാവം, ദൗര്‍ലഭ്യത്തിന്റെ തീവ്രത എന്നിവയനുസരിച്ച് 0.2 - 2% വീര്യമുള്ള ഫെറസ് സള്‍ഫേറ്റ് ലായനി ഇലകളില്‍ തളിച്ച് കൊടുക്കാം. എന്നാല്‍ ഇതിനും പരിമിതിയുണ്ട്. ഇലകള്‍ക്കുള്ളില്‍ ഇരുമ്പിന്റെ സംവഹനം തീര്‍ത്തും പരിമിതമാണ്. അതുകൊണ്ട് രണ്ടാഴ്ച ഇടവിട്ട് ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ മാറുന്നതുവരെ രണ്ടോ മൂന്നോ പ്രാവശ്യം തളിക്കേണ്ടിവരും.

നെല്പാടങ്ങളില്‍ ചിനപ്പുപൊട്ടുന്ന സമയമാണ് ഫെറസ് സള്‍ഫേറ്റ് ലായനി രൂപത്തില്‍ തളിച്ചുകൊടുക്കാന്‍ ഉത്തമം. 10 ഗ്രാം ഫെറസ് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ 2.5 ഗ്രാം ഫെറസ് സള്‍ഫേറ്റ് 20 ഗ്രാം യൂറിയയുമായി ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ തളിച്ചു കൊടുക്കാം. പച്ചക്കറി വിളകളില്‍ 5 ഗ്രാം ഫെറസ് സള്‍ഫേറ്റ് 2.5 ഗ്രാം കുമ്മായവുമായി (Ca Co H) 2) ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കാം. വാഴയ്ക്കും ഇതേ അളവില്‍ പ്രയോഗിക്കാം. ഫലവര്‍ഗ്ഗ വിളകളില്‍ 10 ഗ്രാം ഫെറസ് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കാം. പുതുതായി വരുന്ന ഇലകളില്‍ ദൗര്‍ലഭ്യ ലക്ഷണം കാണുകയാണെങ്കില്‍ വീണ്ടും തളിക്കേണ്ടതായി വരും.

5. ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ പ്രകടമായതിനുശേഷം പരിഹരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മൂലകമാണ് ഇരുമ്പ്. ഇരുമ്പിനെ അതിന്റെ ചീലേറ്റഡ് സംയുക്തങ്ങളുടെ രൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് ഏറ്റവും ഫലപ്രദം. 0.1%- 0.5% വീര്യമുള്ള ഇരുമ്പ് ചീലേറ്റുകള്‍ ലായനി രൂപത്തില്‍ തളിച്ചു കൊടുക്കാം. ഇതു മെച്ചപ്പെട്ട ആഗിരണം ഉറപ്പാക്കും. പക്ഷേ ചീലേറ്റുകള്‍ക്ക് വില കൂടുതലാണ്.

6. ഇപ്പോള്‍ ഇരുമ്പ് അടങ്ങിയ ജൈവ സംയുക്തങ്ങള്‍ ലഭ്യമാണ്. പക്ഷേ ഇവ ചീലേറ്റുകളുടെ അത്രയും ഫലപ്രദമല്ല. വില അതിലും അധികവുമാണ്.

7. ചാണകം, കമ്പോസ്റ്റ്, ഇതര ജൈവവളങ്ങള്‍ങ എന്നിവ തുടര്‍ച്ചയായി നല്‍കുക വഴി ഇരുമ്പുള്‍പ്പെടെയുള്ള എല്ലാ സൂക്ഷ്മ മൂലകങ്ങളുടെയും മെച്ചപ്പെട്ട ലഭ്യത ഉറപ്പാക്കാം.

8. പച്ചില വളപ്രയോഗവും സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യതയ്ക്കുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗമാണ്.

iron

ഇരുമ്പിന്റെ ആധിക്യം

ഉയര്‍ന്ന അമ്ലാവസ്ഥയിലുള്ള താഴ്ന്ന നിലങ്ങളിലാണ് ഇരുമ്പിന്റെ ആധിക്യം അനുഭവപ്പെടുന്നത്. നെല്‍പാടങ്ങളില്‍ ഇത് 12-100% വരെ വിളനഷ്ടത്തിനു കാരണമാവാറുണ്ട്.

ലക്ഷണങ്ങള്‍: താഴെയുള്ള ഇലകളില്‍ തവിട്ട് പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയും ഇലകള്‍ തുരുമ്പ് നിറത്തിലാവുകയും ചെയ്യുന്നു. ക്രമേണ മുകളിലേക്കും ഇത് വ്യാപിക്കുന്നു. ചിലപ്പോള്‍ ഇലത്തുമ്പ് തൊട്ട് താഴേക്ക് കരിഞ്ഞിറങ്ങും. ഉയര്‍ന്ന സള്‍ഫര്‍ സാന്നിധ്യമുള്ള മണ്ണില്‍ നിരോക്‌സീകരിക്കപ്പെട്ട ഇരുമ്പ് സള്‍ഫറുമായി ചേര്‍ന്ന് ഉണ്ടാകുന്ന അയണ്‍ സള്‍ഫൈഡ് വേരുപടലത്തിനു പുറമേ കറുത്ത ഒരു ആവരണമായി രൂപപ്പെടുന്നു.

തന്മൂലം വേരിലൂടെയുള്ള മൂലക ആഗിരണം പൂര്‍ണ്ണമായി തടസ്സപ്പെടുന്നു. അങ്ങനെ ഇരുമ്പിന്റെ ആധിക്യം വിവിധ മൂലക ദൗര്‍ലഭ്യത്തിന് (Multiple Nutrient Deficiency) കാരണമാവുന്നു. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, മാംഗനീസ് എന്നീ മൂലകങ്ങളുടെ ദൗര്‍ലഭ്യമാണ് പ്രധാനമായും ഇരുമ്പിന്റെ ആധിക്യത്തോടനുബന്ധിച്ച് കാണുന്നത്. നെല്ലില്‍ ഇത് പതിരിന്റെ അംശം വളരെയധികമാവുന്നതിനും കതിര്‍മണികള്‍ കറുത്ത് പോവുന്നതിനും (Ear head blackening) ഇടയാക്കുന്നു. മണ്ണിന്റെ തരം, വിളയുടെ ഇനം, വളര്‍ച്ചാഘട്ടം, വേരുപടലത്തിന്റെ ആരോഗ്യം, വേരുപടലത്തിന്റെ ഓക്‌സീകരണ ശേഷി എന്നിവയനുസരിച്ച് ഇരുമ്പിന്റെ ആധിക്യലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. സാധാരണയായി വെള്ളം കെട്ടിനില്‍ക്കുന്ന താഴ്ന്ന നിരപ്പുള്ള നെല്പാടങ്ങളിലാണ് ഇരുമ്പിന്റെ ആധിക്യം മൂലമുള്ള ദൂഷ്യഫലങ്ങള്‍ പ്രകടമാവുന്നത്.

നെല്‍പ്പാടങ്ങളില്‍ ഇരുമ്പിന്റെ ആധിക്യം പരിഹാരമാര്‍ഗ്ഗങ്ങള്‍

ഉയര്‍ന്ന അളവിലുള്ള ഇരുമ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.

വെള്ളം കയറ്റി രണ്ടാഴ്ചയ്ക്കകം പരമാവധി ഇരുമ്പ് മണ്ണില്‍ ലയിച്ച് ചേരും. ഈ വെള്ളം വേരുപടലം ഇറങ്ങുന്ന താഴ്ച (ഏകദേശം 1520 സെ.മീ) യില്‍ നിന്നു വാര്‍ന്നു കളയണം. ഇതിനായി കൃഷിയിടത്തില്‍ നിശ്ചിത അകലത്തില്‍ 20-30 സെ.മീ. താഴ്ത്തി ചാലുകളെടുക്കുക. 

ശുപാര്‍ശ ചെയ്ത പ്രകാരം കുമ്മായ വസ്തുക്കള്‍ പ്രയോഗിക്കുക.

അമ്ലോത്പാദക നൈട്രജന്‍ വളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. തുടര്‍ച്ചയായി വെള്ളം കെട്ടിനിര്‍ത്താതിരിക്കുക. മണ്ണില്‍ ഉമിച്ചാരം/സിലിക്കേറ്റ് ഇട്ടുകൊടുക്കുന്നത് ഇരുമ്പിന്റെ ആധിക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
സംയോജിത മൂലക പോഷണം നല്‍കുക. വേരിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പത്രപോഷണം വഴി നല്‍കുക.

പൊടിയില്‍ ഉഴവ് നടത്തുന്നത് ഇരുമ്പിന്റെ ഓക്‌സീകരണ പ്രക്രിയ ത്വരിതഗതിയിലാക്കും. ഇത് പിന്നീട് അമിത മൂലക ആഗിരണം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു ഏക്കറിന് 40 കിലോഗ്രാം എന്ന തോതില്‍ മാംഗനീസ് ഡയോക്‌സൈഡ് ചേര്‍ത്ത് കൊടുക്കുന്നത് ഇരുമ്പിന്റെ നിരോക്‌സീകരണം മൂലമുള്ള മൂലക വിഷബാധ തടയാന്‍ സഹായിക്കും.

ഇരുമ്പിന്റെ ആധിക്യം മൂലമുള്ള മൂലക വിഷ ബാധാ ലക്ഷണങ്ങളെ പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ടായി തിരിക്കാം.

പ്രാഥമിക ലക്ഷണം ഇരുമ്പിന്റെ ആധിക്യം 

ഇരുമ്പിന്റെ ആധിക്യം വേരുപടലത്തെ ബാധിക്കുന്നതുമൂലമുള്ള വളര്‍ച്ചാമുരടിപ്പാണ് പ്രാഥമിക ലക്ഷണം. വേരു വളര്‍ച്ച മുരടിക്കുന്നതുമൂലമുള്ള വിവിധ മൂലക ദൗര്‍ലഭ്യ ലക്ഷണങ്ങളാണ് ദ്വിതീയം. വേരിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പത്രപോഷണമാണ് അഭികാമ്യം. ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ മാറുന്നതുവരെ ഇതു കൂടുതല്‍ തവണകളിലായി നല്‍കേണ്ടിവരും.

ഇരുമ്പിന്റെ ആധിക്യം അനുഭവപ്പെടുന്ന സമയത്ത് പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് മൂലകങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് പത്രപോഷണം വഴി ഈ മൂലകങ്ങള്‍ ലഭ്യമാക്കുക.

വിതച്ച് 30 നും 35 നും ഇടയില്‍ ഒരാഴ്ച വെള്ളം പൂര്‍ണ്ണമായി വാര്‍ത്ത് ഈര്‍പ്പം മാത്രം നിലനിര്‍ത്തി ഒരാഴ്ച ചെറിയ ഉണക്കു കൊടുക്കുക. ഇത് വേരിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത വര്‍ധിക്കുന്നതിനും കൂടുതല്‍ ചിനപ്പുകള്‍ പൊട്ടുന്നതിനും സഹായിക്കും