മണ്ണും സൂക്ഷ്മ മൂലകങ്ങളും

ആരോഗ്യമുള്ള മണ്ണില്‍ ജീവസന്ധാരണത്തിനാവശ്യമായ എല്ലാ മൂലകങ്ങളും ശരിയായ അളവില്‍ അടങ്ങിയിരിക്കും. മണ്ണിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ മുഖ്യമായും സസ്യങ്ങളിലൂടെയാണ് ഭൂമിയിലെ ഇതര ജീവജാലങ്ങള്‍ക്കു ലഭ്യമാകുന്നത്. അതിനാല്‍ത്തന്നെ മണ്ണിലെ മൂലക സാന്നിധ്യവും മൂലക സന്തുലിതാവസ്ഥയും നിലനിര്‍ത്തേണ്ടത് ഭൂമിയില്‍ ജീവന്റെ നിലനില്പിന് അനിവാര്യമാണ്. 

മണ്ണിലെ ജൈവാംശത്തെ തീരെ അവഗണിച്ചുകൊണ്ടുള്ള ആധുനിക കൃഷിരീതികള്‍, അസന്തുലിതമായ രാസവളപ്രയോഗം, ഒരു കൃഷിയിടത്തില്‍ ഒരേ വിളതന്നെ തുടര്‍ച്ചയായി കൃഷി ചെയ്യുന്നത്, മണ്ണിലെ ഉയര്‍ന്ന തോതിലുള്ള ഘനമൂലകസാന്നിധ്യം, കാലാവസ്ഥാ വ്യതിയാനവും മണ്ണൊലിപ്പും മൂലം മണ്ണിന്റെ ഭൗതിക, രാസ,ജൈവ സ്വഭാവങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍, ജൈവ വൈവിധ്യത്തില്‍ വന്ന വമ്പിച്ച ശോഷണം, ഉയര്‍ന്ന മൂലക ആവശ്യകതയുള്ള പുതിയ ഇനം വിത്തുകള്‍ മാത്രം കൃഷി ചെയ്യുന്നത്... എന്നിവയെല്ലാം തന്നെ നമ്മുടെ കൃഷിയിടങ്ങളുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ മൂലക പദാര്‍ത്ഥങ്ങളെ അടിസ്ഥാന മൂലകങ്ങള്‍, പ്രാഥമിക മൂലകങ്ങള്‍, ദ്വിതീയ മൂലകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം. ജീവശരീര നിര്‍മ്മിതിയുടെ അടിസ്ഥാന ഘടകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയാണ് പ്രാഥമിക മൂലകങ്ങള്‍.

സസ്യങ്ങളാല്‍ കൂടുതല്‍ അളവില്‍ സ്വാംശീകരിക്കപ്പെടുന്ന നൈട്രജന്‍ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നിവയാണ് പ്രാഥമിക മൂലകങ്ങള്‍. കാല്‍സ്യം (Ca), മഗ്‌നീഷ്യം (Mg), സള്‍ഫര്‍ (S), എന്നിവയാണ് ദ്വിതീയ മൂലകങ്ങള്‍. ഇരുമ്പ് (Fe), ചെമ്പ് (Cu), നാകം അഥവാ സിങ്ക് (Zn),  മാംഗനീസ് (Mn), ബോറോണ്‍ (B), മോളിബ്ഡിനം (Mo), ക്ലോറിന്‍ (Cl) എന്നിവയാണ് സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ സൂക്ഷ്മമൂലകങ്ങള്‍. ഇവയ്ക്കു പുറമേ വനേഡിയം (Va), നിക്കല്‍ (Ni), സോഡിയം (Na), സിലിക്കണ്‍ (Si), കൊബാള്‍ട്ട് (Co) എന്നീ മൂലകങ്ങളും വ്യത്യസ്ത വിളകളുടെ വളര്‍ച്ചയിലും ഉത്പാദനത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. 

പ്രാഥമിക, ദ്വിതീയ മൂലകങ്ങളെ അപേക്ഷിച്ച് സൂക്ഷ്മ മൂലകങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യമുള്ളൂ. ഈ അളവില്‍ കൂടിയാല്‍ ഇവ ചെടിയിലും മണ്ണിലും പ്രതികൂല പ്രതികരണങ്ങള്‍ ഉളവാക്കും. എന്നാല്‍ വിവിധങ്ങളായ ജീവത്പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസാഗ്‌നികളുടെ അവശ്യ ഘടകങ്ങളായ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം സസ്യങ്ങളെ മാത്രമല്ല, മനുഷ്യനുള്‍പ്പെടെയുള്ള ഇതര ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്പിനെ പ്രതികൂലമായി ബാധിക്കും. 

ലോകത്താകമാനം നാലു ബില്യണ്‍ ജനങ്ങള്‍ സൂക്ഷ്മ മൂലക അപര്യാപ്തത മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് മണ്ണിലെ സൂക്ഷ്മ മൂലക സാന്നിധ്യം കൃത്യമായി നിര്‍ണ്ണയിക്കേണ്ടതും ആവശ്യമായ അളവില്‍ കൃത്യമായിത്തന്നെ അവ നല്‍കേണ്ടതും മണ്ണിന്റെയും വിളയുടെയുമൊപ്പം മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്പിന് അത്രമേല്‍ അനിവാര്യമാണ്. കഴിവതും മണ്ണുപരിശോധനയ്‌ക്കൊപ്പം ചെടിയിലെ മൂലകാംശം കൂടി കണക്കാക്കി വേണം സൂക്ഷ്മ മൂലക പ്രയോഗം ശുപാര്‍ശ ചെയ്യാന്‍. ഇനി സസ്യപോഷണത്തില്‍ മുഖ്യസ്ഥാനമുള്ള സൂക്ഷ്മ മൂലകങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം...

ironഇരുമ്പ്

ശ്വസനം, പ്രകാശ സംശ്ലേഷണം എന്നീ ജീവത് പ്രധാനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന മൂലകമാണ് ഇരുമ്പ്. ഹരിതക നിര്‍മ്മിതിയ്ക്ക് ഇരുമ്പ് കൂടിയേ തീരൂ. ചെടികളുടെ സംവഹന വ്യൂഹങ്ങളില്‍ക്കൂടിയുള്ള അവശ്യമൂലകങ്ങളുടെ നീക്കത്തിനും ഇരുമ്പ് അനിവാര്യമാണ്. കോശഘടകങ്ങളായ സൈറ്റോക്രോമുകളുടെയും ഹീം (Haeme) രഹിത പ്രോട്ടീനുകളുടെയും ഘടകപദാര്‍ത്ഥമാണ് ഇരുമ്പ്. ഇരുമ്പും ഹരിതകണങ്ങളുടെ അടിസ്ഥാന ഘടകങ്ങളായ പോര്‍ഫൈറിന്‍ പ്രോട്ടീനുകളും ചേര്‍ന്ന ഫോര്‍ഫൈറീന്‍ -ഇരുമ്പ് കൂട്ടായ്മയാണ് (Porphyrineiron complex) പ്രകാശ സംശ്ലേഷണ വേളയില്‍ ഓക്‌സിജന്റെയും ഇലക്‌ട്രോണുകളുടെയും സംവഹന മാധ്യമമായി വര്‍ത്തിക്കുന്നത്.

ഫെറസ് അയോണുകള്‍ (Fe 2+) സസ്യകലകളില്‍ സ്വതന്ത്ര പ്രവര്‍ത്തനശേഷിയുള്ള ഹൈഡ്രോക്‌സിന്‍ റാഡിക്കലുകള്‍ (OH) ഉത്പാദിപ്പിക്കുന്ന രാസത്വരകങ്ങളായി വര്‍ത്തിക്കുന്നു. ഈ ഹൈഡ്രോക്‌സിന്‍ റാഡിക്കലുകള്‍ ഏറ്റവും ശക്തിയുള്ള ഓക്‌സീകരണകാരികളാണ്. (Oxidising agents).  കോശങ്ങളില്‍ നടക്കുന്ന ഓക്‌സീകരണ പ്രക്രിയ കോശങ്ങളുടെ നാശത്തിനു കാരണമാകുമെന്നതിനാല്‍ സസ്യങ്ങളുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും ഇരുമ്പ് സ്വാംശീകരിക്കുന്നതില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തുന്നു. കൂടുതലായി ആഗിരണം ചെയ്യപ്പെടുന്ന ഇരുമ്പ് 'ഫെറിറ്റിന്‍' എന്ന നിഷ്‌ക്രിയ പ്രോട്ടീനായി സസ്യകലകളില്‍ ശേഖരിക്കപ്പെടുന്നു. ഒരു ഫെറിറ്റിന്‍ പ്രോട്ടീന് 4500 ഇരുമ്പ് ആറ്റങ്ങളെ ഉള്‍ക്കൊള്ളാനാകും. അനിവാര്യസന്ദര്‍ഭങ്ങളില്‍ ഇത് കോശങ്ങള്‍ക്ക് ഉപയോഗിക്കാനുമാവും.

agriculture

മണ്ണിലെ ഇരുമ്പിന്റെ സാന്നിധ്യം

ഭൗമോപരിതലത്തിലെ മൂലകങ്ങളില്‍ അളവുകൊണ്ട് നാലാം സ്ഥാനമുള്ള മൂലകമാണ് ഇരുമ്പ്. ഇരുമ്പ് അതിന്റെ ഓക്‌സൈഡുകളും ഹൈഡ്രോക്‌സൈഡുകളുമായാണ് പ്രധാനമായും കാണപ്പെടുന്നത്. സള്‍ഫൈഡും, സിലിക്കേറ്റ് ധാതുക്കളായും ഇരുമ്പ് നിലനില്‍ക്കുന്നു. ഇരുമ്പിന്റെ മുഖ്യ ധാതുരൂപങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. ഹേമറ്റൈറ്റ് (Fe 2 O3) (ഓക്‌സൈഡ്)
2. മാഗ്‌നറ്റൈറ്റ് (Fe 3 O 4) (ഓക്‌സൈഡ്)
3. ലിമൊണൈറ്റ് (Fe O (OH) n H2 O + Fe O 3. n H 2 O)
4. ഗാ ത്തൈറ്റ് (d Fe OOH)
5. ലെപ്പിഡോത്രോസൈറ്റ് (r Fe OOH) ഹൈഡ്രോക്‌സൈഡ്
6. സിഡെറ്റൈറ്റ് (Fe Co 3) കാര്‍ബണേറ്റ്
7. പൈറൈറ്റ് (Fe S 2)
8. ചാല്‍ക്കോപൈറ്റൈറ് (Cu Fe S 2) സള്‍ഫൈഡ്
9. ഒലിവിന്‍ (Mg Fe 2 Si O 4) സിലിക്കേറ്റ്
10. ഇല്‍മനൈറ്റ് (Fe T i O 3)

ആസിഡ് സള്‍ഫേറ്റ് മണ്ണില്‍ ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയുമായി ചേര്‍ന്ന് 'ജാറോസൈറ്റ്' (K Fe 3 (SO) 2 (OH) 6) എന്ന രൂപത്തില്‍ കാണപ്പെടുന്നു.

മേല്‍പറഞ്ഞവയില്‍ ഓക്‌സൈഡുകളും ഹൈഡ്രോക്‌സൈഡുകളുമാണ് ചെടികള്‍ക്ക് ലഭ്യമാകുന്ന ഇരുമ്പിന്റെ മുഖ്യസ്രോതസ്സുകള്‍. മണ്ണില്‍ വിവിധ കാലാവസ്ഥാഘടകങ്ങളുടെ പ്രവര്‍ത്തനം മൂലം (weathering) വിഘടനം സംഭവിക്കുന്ന ഓക്‌സൈഡുകളില്‍ നിന്നും ഹൈഡ്രോക്‌സൈഡുകളില്‍ നിന്നും ഇരുമ്പ്, ഫെറിക് അയോണുകളായി (Fe 3+) സ്വതന്ത്രമാക്കപ്പെടുന്നു. ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ ഫെറിക് അയോണുകള്‍ക്ക് നിരോക്‌സീകരണം സംഭവിച്ച് ഫെറസ് അയോണുകളായി മാറുന്നു. ഫെറസ് അയോണുകളായാണ് മിക്ക ചെടികളും ഇരുമ്പ് ആഗിരണം ചെയ്യുന്നത്.

 മണ്ണിലെ ജൈവാംശവും ഇരുമ്പും

ജൈവാംശത്തില്‍ ഇരുമ്പ് ഉള്‍പ്പെടെയുള്ള സൂക്ഷ്മ മൂലകങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്താന്‍ കഴിവുള്ള ധാരാളം ചീലേറ്റിംഗ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. വെള്ളത്തില്‍ ലയിക്കുന്ന ഇത്തരം ചീലേറ്റുകളുടെ രൂപത്തില്‍ ഇരുമ്പ് ചെടികള്‍ക്ക് ആഗിരണം ചെയ്യാനാകും. ഇരുമ്പിന്റെ ദൗര്‍ലഭ്യവും ആധിക്യവും ഒരു പരിധിവരെ പരിഹരിക്കാന്‍ മണ്ണിലെ ജൈവാംശത്തിനു സാധിക്കും.

ഇരുമ്പും മണ്ണിലെ അമ്ലാവസ്ഥയും

മണ്ണിലെ അമ്ലത വര്‍ധിക്കുന്നതിനനുസരിച്ച് ഇരുമ്പും അധികരിക്കുന്നു. അമ്ലത ഓരോ യൂണിറ്റ് വര്‍ധിക്കുന്തോറും ഇരുമ്പിന്റെ ഗാഢത 100 മടങ്ങ് വര്‍ധിക്കുന്നു. അമ്ലാവസ്ഥയില്‍ ഇരുമ്പ് അതിന്റെ അയോണിക രൂപത്തില്‍ നിലനില്‍ക്കുന്നു. (Fe 3+, Fe 2+). അമ്ലതയില്‍ നിന്നും ക്ഷാരാവസ്ഥയിലേക്ക് മാറുമ്പോള്‍ ഇരുമ്പ് അയേണുകള്‍ ഹൈഡ്രോക്‌സൈഡുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. 

മണ്ണിന്റെ അമ്ലക്ഷാര സൂചികയായി പി.എച്ച്. 6 ല്‍ താഴെ നില്‍ക്കുമ്പോള്‍ ഇരുമ്പ് അയോണുകളായും 6 നു മുകളില്‍ ഹൈഡ്രോക്‌സൈഡുകളായുമാണ് നിലനില്‍ക്കുന്നത്. കുറഞ്ഞ ക്ഷാരാവസ്ഥയില്‍ (Fe(OH) 2+, ക്ഷാര സൂചിക കുറച്ചുകൂടി ഉയരുമ്പോള്‍ (Fe(OH)2 + , ഏറ്റവും ഉയര്‍ന്ന ക്ഷാരാവസ്ഥയില്‍ Fe (OH)3 എന്നിങ്ങനെയാണ് മണ്ണില്‍ ഇരുമ്പ് കാണപ്പെടുന്നത്. ഈ ഹൈഡ്രോക്‌സൈഡുകള്‍ ഒന്നും തന്നെ ചെടികളാല്‍ ആഗിരണ യോഗ്യമല്ല. അതുകൊണ്ടാണ് ക്ഷാരാവസ്ഥയിലുള്ള മണ്ണില്‍ ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്.

ഇരുമ്പും മണ്ണിലെ നീര്‍വാര്‍ച്ചയും

വെള്ളം കയറിക്കിടക്കുന്ന അവസ്ഥയില്‍, മണ്ണിലെ ഫെറിക് (Fe 3+) അയോണുകള്‍ക്ക് നിരോക്‌സീകരണം സംഭവിച്ച് ഫെറസ് (Fe 2+) അയോണുകളായി തീരുന്നു. ഈ ഫെറസ് അയോണുകള്‍ കൂടുതല്‍ ലേയ സ്വഭാവമുള്ളവയാണ്. അമ്ലഗുണമുള്ള നെല്‍പ്പാടങ്ങളില്‍, വെള്ളം കയറിക്കിടക്കുന്ന സാഹചര്യത്തില്‍ ഇപ്രകാരം കൂടുതലായി വെള്ളത്തില്‍ ലയിച്ച് ചേര്‍ന്ന് ചെടിക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഫെറസ് അയോണുകള്‍ പലപ്പോഴും ഇരുമ്പിന്റെ ആധിക്യ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.

വെള്ളം കയറി രണ്ട് ആഴ്ചകള്‍ കഴിയുമ്പോഴാണ് പരമാവധി ഇരുമ്പ് വെള്ളത്തില്‍ ലയിച്ച് ചേരുന്നത്. ഇത്തരം നെല്‍പാടങ്ങളില്‍ വെള്ളത്തിനുമുകളില്‍ കാണപ്പെടുന്ന ചുവന്ന പാട ഇരുമ്പിന്റെ അധികരിച്ച സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

മറിച്ച് ക്ഷാരാംശമുള്ള മണ്ണില്‍ സ്വതവേ ഇരുമ്പിന്റെ ദൗര്‍ലഭ്യമാണല്ലോ അനുഭവപ്പെടുക. എന്നാല്‍ വെള്ളം കയറ്റിവിടുക വഴി, ദൗര്‍ലഭ്യമുള്ള സാഹചര്യത്തിലും മണ്ണിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ ലഭ്യത ഉറപ്പുവരുത്താനാവും. മറിച്ച് മണ്ണില്‍ ഈര്‍പ്പത്തിന്റെ അഭാവത്തില്‍ ഇരുമ്പിന്റെ അധികരിച്ച സാന്നിധ്യത്തില്‍പ്പോലും പലപ്പോഴും ചെടിവേരുകളിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടുന്നു. മണ്ണില്‍ ഈര്‍പ്പമുള്ള അവസ്ഥയിലാകട്ടെ ചെറിയതോതില്‍ നിരോക്‌സീകരണം സംഭവിച്ച് രൂപപ്പെടുന്ന ഫെറസ് അയോണുകള്‍ ചെടികള്‍ക്ക് ആവശ്യമായ ഇരുമ്പിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു. അതേ സമയം കൂടുതലായി നിരോക്്‌സീകരണം സംഭവിക്കാത്തതിനാല്‍ ആധിക്യം അനുഭവപ്പെടുന്നില്ല.

 ഇനി ചെടികള്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നത് ;

iron

മണ്ണില്‍ നിന്നും ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവ് ജനിതകപരമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. മുഖ്യമായും ഫെറസ് അയോണുകളായാണ് (Fe 2+) ചെടികള്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നത്. ദ്വിബീജപത്രസസ്യങ്ങള്‍ക്കും, ധാന്യവിളകളൊഴികെയുള്ള ഏകബീജപത്രസസ്യങ്ങള്‍ക്കും മണ്ണിലുള്ള ആഗിരണയോഗ്യമല്ലാത്ത ഫെറിക് അയോണുകളെ ഫെറസ് അയോണുകളാക്കി നിരോക്‌സീകരിച്ച് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇതിനായി ഇവയുടെ വേരുപടലത്തില്‍ 'പ്രത്യേക' പരിവര്‍ത്തന കോശങ്ങള്‍ (Specialized േൃമnsfer cells) രൂപപ്പെടുന്നു. ചില സസ്യങ്ങള്‍ പാര്‍ശ്വവേരുകള്‍ കൂടുതലായി ഉത്പാദിപ്പിച്ച് ആഗിരണശേഷി വര്‍ധിപ്പിക്കുന്നു. 

മണ്ണിലെ ക്ഷാരാംശം മൂലം ഇരുമ്പ് ലഭ്യത തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഈ വിഭാഗം സസ്യങ്ങള്‍ വേരുപടലത്തിലൂടെ പുറത്തേക്ക് വീഴുന്ന പ്രോട്ടോണുകള്‍ (H+) വഴി മണ്ണിലെ അമ്ലത വര്‍ധിക്കുന്നു. തത്ഫലമായി ഇരുമ്പിന്റെ ലഭ്യത വര്‍ധിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം മണ്ണിന്റെ പി.എച്ച്. മൂല്യം മൂന്ന് യൂണിറ്റ് വരെ താഴ്ത്താന്‍ ഈ സംവിധാനത്തിലൂടെ ഇത്തരം ചെടികള്‍ക്കാകും. 'പ്രോട്ടോണ്‍ പമ്പിംഗ് എറ്റിപ്പിയേസ് (Proton pumping atpase) എന്ന രാസാഗ്‌നിയുടെ ഉത്തേജനം വഴിയാണ് ഇത് സാധ്യമാകുന്നത്.

iron

നെല്ലുള്‍പ്പെടെയുള്ള ധാന്യവര്‍ഗ്ഗങ്ങളാകട്ടെ ഇരുമ്പിനെ ചീലേറ്റുകളായി പരിവര്‍ത്തനം ചെയ്്താണ് ആഗിരണ യോഗ്യമാക്കുന്നത്. 'സിഡറോഫോറുകള്‍' എന്ന പ്രത്യേക ഇരുമ്പ് ബന്ധ പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിച്ചാണ് ഇവ ഇരുമ്പിനെ ചീലേറ്റുകളായി പരിവര്‍ത്തനം ചെയ്യുന്നത്. സൂക്ഷ്മാണുക്കളും ഇതേ പോലെ സിഡറോഫോറുകള്‍ ഉത്പാദിപ്പിച്ചാണ് ഇരുമ്പിനെ ആഗിരണം ചെയ്യുന്നത്. സൂക്ഷ്മാണു ജന്യ സിഡറോഫോറുകള്‍ സസ്യജന്യ സിഡറോഫോറുകളേക്കാള്‍ പ്രവര്‍ത്തനക്ഷമതയുള്ളവയത്രെ.

ചില സസ്യങ്ങള്‍ ഫെറിക് അയോണുകളായി (Fe 3+) ഇരുമ്പ് ആഗിരണം ചെയ്യുന്നു. ഇവയില്‍ പലപ്പോഴും ഇരുമ്പിന്റെ ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട്. ഇതിനു വിപരീതമായി ഒരേ മണ്ണില്‍ വളരുന്ന വിവിധ വിളകളില്‍ ചിലവയില്‍ മാത്രം ഇരുമ്പിന്റെ ആധിക്യ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. ഇലകളില്‍ തവിട്ട് നിറത്തിലുള്ള പുള്ളിക്കുത്തുകളും പാടുകളും രൂപപ്പെടുകയാണ് ബാഹ്യലക്ഷണം.

ഇത്തരം ചെടികളില്‍ ജനിതകമായ പ്രത്യേകതകളാല്‍ ഇരുമ്പ് കൂടുതലായി നിരോക്‌സീകരിക്കപ്പെട്ട് കൂടുതല്‍ ഫെറസ് അയോണുകള്‍ രൂപപ്പെടുന്നതാണ് ഇതിനു കാരണം. മറ്റ് സസ്യങ്ങളെ അപേക്ഷിച്ച്് ഇവയുടെ ഇലകളില്‍ 50 മടങ്ങിലധികം ഇരുമ്പ് കാണപ്പെടാറുണ്ട്. മിക്ക കാര്‍ഷിക വിളകളുടെയും നാടന്‍ ഇനങ്ങള്‍ക്ക് കൂടിയ അളവിലുള്ള ഇരുമ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

(മങ്കൊമ്പ് കീടരോഗ നിരീക്ഷണ കേന്ദ്രത്തിലെ കൃഷിഓഫീസറാണ് ലേഖിക )

ഫോണ്‍: 9495 308639