സിങ്കിന്റെ അഭാവത്തില്‍ നെല്ലില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളെ ചേര്‍ത്താണ് 'ഖൈറ' എന്നു വിളിക്കുന്നത്. ചിനപ്പുകളുടെ എണ്ണം കുറയുക, ചിനപ്പുകള്‍ പൊട്ടാതിരിക്കുക, ചുവട്ടിലെ ഇലകളുടെ നടുഞരമ്പ് മഞ്ഞനിറത്തിലാകുക, ഇലകളില്‍ തവിട്ടുപുള്ളികള്‍ രൂപപ്പെടുക, ക്രമേണ ഇല മുഴുവന്‍ തവിട്ടുനിറത്തിലായി കരിഞ്ഞുപോവുക, മുകളിലകള്‍ വലിപ്പം കുറഞ്ഞും മഞ്ഞനിറത്തിലും കാണപ്പെടുക, വളര്‍ച്ച മുരടിപ്പ്, പൂവിടാന്‍ കാലതാമസം, ഉയര്‍ന്ന അളവില്‍ പതിര് എന്നിവയെല്ലാമാണ് ബാഹ്യലക്ഷണങ്ങള്‍.

തുടര്‍ച്ചയായി വിളവെടുക്കുന്ന താഴ്ന്ന നിലങ്ങള്‍, അമ്ലാംശമുള്ള മണല്‍മണ്ണ്, ക്ഷാരാംശമുള്ള മണ്ണ്, ജൈവാംശം തീരെ കുറവുള്ള വെട്ടുകല്‍മണ്ണ് എന്നിവയിലാണ് 'ഖൈറ' ലക്ഷണങ്ങള്‍ കാണുന്നത്. 'ഖൈറ' ലക്ഷണങ്ങള്‍ക്ക് നെല്ലിനെ ബാധിക്കുന്ന വൈറസ് രോഗങ്ങളായ 'ഗ്രാസി സ്റ്റണ്ട്'; തുംഗ്രൂ എന്നിവയുമായി സാമ്യമുണ്ട്.

ഇതിനുപുറമെ, നെല്‍പാടങ്ങളില്‍, ഒരുപോലെയല്ലാതെ കാണുന്ന ചെടി വളര്‍ച്ചയും മൊത്തത്തിലുള്ള ബ്രൗണ്‍ നിറവും സിങ്കിന്റെ അഭാവലക്ഷണങ്ങളായി പരിഗണിക്കാം. തുടര്‍ച്ചയായി വിളവെടുക്കുന്ന നെല്‍പാടങ്ങളില്‍ ചിലപ്പോള്‍ പുറമെ ലക്ഷണങ്ങളൊന്നും പ്രകടമാവാതെ തന്നെ 40 ശതമാനം വരെ വിളനഷ്ടം സിങ്കിന്റെ അഭാവം മൂലം ഉണ്ടാകാറുണ്ട്. ഈ അവസ്ഥയെ 'സബ്ക്ലിനിക്കല്‍ ഡെഫിഷ്യന്‍സി' എന്നു വിളിക്കുന്നു. ഈ സാഹചര്യത്തില്‍ മൂലക ദൗര്‍ലഭ്യം അറിയാനുള്ള മാര്‍ഗം മണ്ണിന്റേയും ഒപ്പം ചെടിയുടേയും രാസപരിശോധനയാണ്. നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ മുകളിലുള്ള 2 മുതല്‍ 4 വരെ ഇലകളാണ് സിങ്കിന്റെ രാസപരിശോധനയ്ക്കായി എടുക്കേണ്ടത്.

വിളയുടെ സ്വഭാവവും സിങ്ക് ദൗര്‍ലഭ്യവും

വ്യത്യസ്ത വിളകള്‍, ഒരേ വിളയുടെ വ്യത്യസ്ത ഇനങ്ങള്‍ എന്നിവ സിങ്ക് ദൗര്‍ലഭ്യത്തേട് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. മണ്ണില്‍ മൂലക ദൗര്‍ലഭ്യം ഇല്ലാത്ത സാഹചര്യത്തിലും ചില ഇനങ്ങളില്‍ ദൗര്‍ലഭ്യലക്ഷണങ്ങള്‍ കാണാന്‍ സാധിക്കും. സിങ്കിന്റെ ആഗിരണവും സംവഹനവും ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നതിനാലാണിത്. മണ്ണലുള്ള മൂലകാംശത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന ചെടികളെ 'സിങ്ക് എഫിഷ്യന്റ്' ചെടികള്‍ എന്നും അല്ലാത്തവയെ 'സിങ്ക് ഡെഫിഷ്യന്റ്' ചെടികള്‍ എന്നും വിളിക്കുന്നു. മണ്ണില്‍ മൂലകാംശം പ്രായേണ കുറവുള്ളപ്പോള്‍ പോലും സിങ്ക് എഫിഷ്യന്റ് ചെടികളില്‍ ഇതുമൂലമുള്ള 'വിളവ ്കുറവ്'  ഉണ്ടാവുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ത്തന്നെ മണ്ണുപരിശോധനയെക്കാള്‍ സിങ്കിന്റെ ദൗര്‍ലഭ്യം അറിയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ഇലകളുടെ രാസപരിശോധനയാണ്.

മൂലക ദൗര്‍ലഭ്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

സിങ്ക് ഒരു സൂക്ഷ്മ മൂലകമായതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യമുള്ളുവെന്ന് സൂചിപ്പിച്ചല്ലോ. സിങ്ക് കൂടുതലും മണ്ണിലെ ജൈവാംശവുമായി ചേര്‍ന്നിരിക്കുന്നതിനാല്‍ തുടര്‍ച്ചയായി ജൈവവളപ്രയോഗം നടത്തുന്ന മണ്ണില്‍ സിങ്ക് ഉള്‍പ്പെടെയുള്ള സൂക്ഷ്മമൂലകങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. വിവിധ ജൈവവളങ്ങള്‍ അവയുടെ സിങ്ക് പ്രദാനശേഷിയുടെ അവരോഹണ ക്രമത്തില്‍ ചുവടെ കൊടുക്കുന്നു.

കോഴിവളം-കാലിവളം-കമ്പോസ്റ്റ് -ബയോഗ്യാസ്-സ്ലറി

പച്ചിലവളപ്രയോഗം വഴി മണ്ണില്‍ സ്വാഭാവികമായുള്ള സിങ്കിന്റെ ആഗിരണം വര്‍ദ്ധിക്കുന്നു. മണ്ണിന്റെ അമ്ലക്ഷാരസൂചികയായി പിഎച്ച് 5.5നും 6.5നും ഇടയില്‍ നിര്‍ത്തുക. 'മൈക്കോറൈസ' എന്ന വേരു കുമിളുകളെ മണ്ണിലേക്കു സന്നിവേശിപ്പിക്കുക വഴി സിങ്ക് ലഭ്യത വര്‍ദ്ധിപ്പിക്കാനാവും.

സിങ്കിന്റെ ദൗര്‍ലഭ്യം ത്വരിതഗതിയില്‍ പരിഹരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ (ഉദാ: ഹ്രസ്വകാല വിളകളില്‍) സാധാരണയായി പ്രയോഗിക്കുന്നത് സിങ്ക് സള്‍ഫേറ്റ് ആണ്. നെല്ലിന് ഒരു ഏക്കറിന് 8 കിലോഗ്രാം സിങ്ക് സള്‍ഫേറ്റ് ആണ് ശുപാര്‍ശചെയ്യുന്നത്. എങ്കിലും മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രയോഗിക്കുകയാണ് ഉചിതം. നെല്‍ച്ചെടി കൂടുതലായി സിങ്ക് ആഗിരണം ചെയ്യുന്നത് ചിനപ്പുകള്‍ പൊട്ടുന്ന സമയത്താണ്. അതിനാല്‍ വിതയ്ക്കുന്നതിന് / പറിച്ചെടുക്കുന്നതിന് മുമ്പായി മണ്ണില്‍ ചേര്‍ത്തു കൊടുക്കുകയാണ് നല്ലത്. അടിവളമായി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 45 ദിവസം വരെ സിങ്ക് സള്‍ഫേറ്റ് പ്രയോഗം ശുപാര്‍ശ ചെയ്യുന്നുണ്ട്.

വൈകി മാത്രം മൂലക ദൗര്‍ലഭ്യം തിരിച്ചറിയുകയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്യേണ്ട സാഹചര്യത്തില്‍ വിവിധ വിളകള്‍ക്ക് സിങ്ക് സള്‍ഫേറ്റ് പത്രപോഷണമായി നല്‍കാം. ഇതിനായി 0.5% (അതായത് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി) വീതമുള്ള സിങ്ക് സള്‍ഫേറ്റ് ലായനി ഉപയോഗിക്കാം. സിങ്ക് സള്‍ഫേറ്റ് ഒരു അമ്ലജന്യപദാര്‍ഥമാകയാല്‍ ഇലകളില്‍ തളിക്കുമ്പോള്‍ പൊള്ളലുണ്ടാകാതിരിക്കാനായി 5 ഗ്രാം സിങ്ക് സള്‍ഫേറ്റ് 2.5 ഗ്രാം കുമ്മായവുമായി ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നതാണ് അഭികാമ്യം. ചിലപ്പോള്‍ രണ്ടാഴ്ച ഇടവിട്ട് ലക്ഷങ്ങള്‍ പൂര്‍ണമായി മാറുന്നതുവരെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടി വരും. അതുപോലെ പുതുമകള്‍ വരുന്നതിന് മുമ്പ് തളിച്ചു കൊടുക്കണം. രാവിലെയോ വൈകുന്നേരമോ തളിക്കുന്നതാണ് നല്ലത്. അധികരിച്ച അളവില്‍ സിങ്ക് സള്‍ഫേറ്റ് പ്രയോഗിക്കുന്നത് ഇലകൊഴിച്ചിലിന് കാരണമാകാറുണ്ട്.

സിങ്കിന്റെ സാന്നിധ്യം തീരെ കുറവുള്ള മണ്ണിനങ്ങളില്‍, വിത്തില്‍ പുരട്ടിയും സിങ്ക് സള്‍ഫേറ്റ് പ്രയോഗിക്കാവുന്നതാണ്. 20ഗ്രാം സിങ്ക് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി ഒരു കിലോഗ്രാം വിത്തിന് ഉപയോഗിക്കാം.

ഉയര്‍ന്ന തോതില്‍ സിങ്ക് അധിശോഷണം ചെയ്യപ്പെടുന്ന മണ്ണിനങ്ങളില്‍ (ഉദാ: ക്ഷാരാംശമുള്ളത്, ഉയര്‍ന്ന ഫോസ്ഫറസ് സാന്നിധ്യമുള്ളത്, ഉയര്‍ന്ന കാല്‍സ്യം കാര്‍ബണേറ്റ് നിക്ഷേപമുള്ളത് മുതലായ മണ്ണിനങ്ങളില്‍) സിങ്ക് ചീലേറ്റുകളായി നല്‍കുകയാണ് ഉത്തമം. ചീലേറ്റഡ് രൂപത്തില്‍ സിങ്കിന്റെ ആഗിരണക്ഷമത കൂടുതലാകയാല്‍ സിങ്ക് സള്‍ഫേറ്റിനെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രം പ്രയോഗിച്ചാല്‍ മതി.