തെങ്ങിന്റെ ഓലകളുടെ അടിയിലിരുന്ന്  നീരൂറ്റിക്കുടിക്കുന്ന ചാഴിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട തൂവെള്ള നിറത്തിലുള്ള കീടമാണ് വെള്ളീച്ച. ഇവ കൂട്ടത്തോടെ തെങ്ങോലകളുടെ അടിയില്‍ നിന്നും നീരൂറ്റി കുടിക്കുകയും തേന്‍ തുള്ളികള്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. ഈ തേന്‍ തുള്ളികള്‍ കരിം പൂപ്പല്‍ എന്ന കുമിളുകളെ ആകര്‍ഷിക്കുകയും ഇതിനാല്‍ തെങ്ങോലക്കാലുകളുടെ മുകള്‍ ഭാഗം കറുത്ത നിറമായി തീരുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. 

വെള്ളീച്ചകള്‍ കൂട്ടത്തോടെ പെറ്റു പെരുകി തെങ്ങോലയിലിരുന്നു നീരൂറ്റി കുടിക്കുന്നതിനാല്‍ ഓലകളില്‍ പച്ചപ്പ് അഥവാ ഹരിതകം നഷ്ടമാകുകയും തെങ്ങുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പാകം ചെയ്യുന്ന ഫോട്ടോസിന്തസിസ് പ്രക്രിയ തടസ്സപ്പെടുകയും ചെയ്യുന്നു. ക്രമേണ തെങ്ങിന്റെ വളര്‍ച്ച മുരടിക്കുകയും നാളീകേരം ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

1. കഞ്ഞിവെള്ളം 1 ശതമാനം, വീര്യത്തില്‍ തെങ്ങിന്റെ ഓലകളില്‍ തളിക്കുന്നത്  ഈ കീടത്തിന്റെ ആക്രമണത്തിന്റെ രൂക്ഷത കുറയ്ക്കുന്നു.

2. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം, പുകയില കഷായം, പൊന്‍ഗാമിയ എണ്ണ സോപ്പ് മിശ്രിതം തുടങ്ങിയവ മറ്റു വിളകളില്‍ വെള്ളീച്ചയുടെ ആക്രമണം തടയുവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ജൈവ കീടനാശിനികള്‍ തന്നെ തെങ്ങിന്‍തോപ്പുകളിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.

വേപ്പെണ്ണ, വെളുത്തുള്ളി സോപ്പ് മിശ്രിതം ( 20 ഗ്രാം വെളുത്തുള്ളി + 20 മി.ലി വേപ്പെണ്ണ + 5 ഗ്രാം സോപ്പ് + ഒരു ലിറ്റര്‍ വെള്ളം ) എന്ന തോതില്‍ കലക്കി കീടബാധയേറ്റ ഓലക്കാലുകളില്‍ അടിവശത്ത് വീഴത്തക്കവണ്ണം തളിച്ചുകൊടുക്കണം. കൂടാതെ രാസകീടനാശിനിപ്രയോഗം  ഈ കീടത്തെ നിയന്ത്രിക്കുന്ന പ്രകൃതിയിലുള്ള മിത്ര കീടങ്ങള്‍ നശിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ല.

ഈ കീടത്തിന്റെ ആക്രമണം മൂലം ഓലക്കാലിലെ ഹരിതകം നഷ്ടമാകുകയും, തെങ്ങു ക്ഷീണിക്കുകയും ചെയ്യുന്നതിനാല്‍ ശാസ്ത്രീയമായ വളപ്രയോഗവും, വേനല്‍ക്കാലത്ത് ജലസേചനവും ചെയ്ത് തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്തി കീടത്തിന്റെ ആക്രമണം ഒരു പരിധി വരെ ചെറുത്തു നില്‍ക്കാന്‍ തെങ്ങിനെ പ്രാപ്തമാക്കേണ്ടതാണ്.

ഫോണ്‍: 944 60 54 59 7

(നാളികേര വികസന ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍.

കടപ്പാട്: ഇന്ത്യന്‍ നാളികേര ജേണല്‍)