കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി എന്നിങ്ങനെ ഒട്ടേറെ കീടങ്ങള്‍ കേരം തിങ്ങും കേരളനാട്ടില്‍ തെങ്ങിനെ ബാധിക്കുന്നതായിട്ടുണ്ട്. കേര കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കാനും തെങ്ങ് കൃഷി ലാഭകരമല്ലാതാക്കിമാറ്റാനും വ്യാപകമായ മണ്ഡരി പോലുള്ള രോഗബാധകളും കാരണമാകുന്നു. കാറ്റുവീഴ്ച, ഓലചീയല്‍, തഞ്ചാവൂര്‍വാട്ടം, മച്ചിങ്ങപൊഴിച്ചില്‍, കൂമ്പുചീയല്‍, മീലിമൂട്ട, ഗല്‍ക്കപ്രാണികള്‍, വേരുതീനിപ്പുഴു, തെങ്ങോലപ്പുഴു, പൂങ്കുലച്ചാഴി, ചെന്നീരൊലിപ്പ് എന്നിങ്ങനെയുള്ള രോഗ, കീടങ്ങളും കേരകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.  

തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്നയിനത്തില്‍പ്പെട്ട കുമിളാണ് ചെന്നീരൊലിപ്പിന്റെ രോഗകാരി. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിന്‍ തടിയില്‍ അതിന്റെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ പ്രാരംഭലക്ഷണം. കുറച്ചുദിവസം കഴിഞ്ഞാല്‍ അതിലൂടെ ചുവപ്പും തവിട്ടും കലര്‍ന്ന ഒരുതരം നീര് ഒലിച്ചിറങ്ങാന്‍ തുടങ്ങും. ഇങ്ങനെ തുടര്‍ന്നാല്‍ ആ ഭാഗത്തെ തൊലി അടര്‍ത്തിനോക്കിയാല്‍ അവിടം ചീഞ്ഞളിഞ്ഞിരിക്കും. കാലക്രമേണ ഈ അഴുകല്‍ തെങ്ങിന്റെ മുകള്‍ ഭാഗത്തേക്കും ഉള്ളിലേക്കും ബാധിക്കുന്നു. ചെറിയ പാടുകളും വിള്ളലുകളും പിന്നീട് വലുതായി രോഗം കടുക്കുന്നതോടെ ഓലകള്‍ മഞ്ഞനിറമാവുകയും തെങ്ങിന് പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറഞ്ഞ് മണ്ട ശോഷിച്ച് കായകള്‍ ചെറുതായി കായ്ഫലം തീരെക്കുറയുന്നു. 

മാനുഷികമായോ പ്രാകൃതികമായോ തെങ്ങിനുണ്ടാകുന്ന ക്ഷതങ്ങള്‍, വിള്ളലുകള്‍, ഇപ്പോഴത്തെ കനത്തമഴയും തുടര്‍ന്നുള്ള കൊടുംചൂടും കാരണം തെങ്ങിന്റെ തോലിലുണ്ടാകുന്ന വിള്ളലുകള്‍ തെങ്ങിന്‍ തടത്തില്‍ തീയിടുന്നതുമൂലം ഉണ്ടാകുന്ന പൊള്ളലുകള്‍  എന്നിവയിലൂടെയാണ് കുമിളുകള്‍ ബാധിക്കുന്നത്.

 ട്രൈക്കോഡര്‍മ 

നല്ലവനായ കുമിള്‍ എന്നപേരില്‍ പ്രസിദ്ധമായ ട്രൈക്കോഡര്‍മ എന്ന മിത്ര കുമിള്‍ ഉപയോഗിച്ച് നമുക്ക് ചെന്നീരൊലിപ്പിനെ ഫലപ്രദമായി തടയാം.  മുള്ളുകൊണ്ട് മുള്ളിനെയെടുക്കുകയെന്നരീതിയാണിത്. ചെന്നീരൊലിപ്പിന് കാരണക്കാരനായ തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന കുമിളിനെ നശിപ്പിക്കുന്ന വിഷങ്ങള്‍ ഉത്പാദിപ്പിച്ച് ഇല്ലാതാക്കുകയാണ് ട്രൈക്കോഡര്‍മ ചെയ്യുക. ട്രൈക്കോഡര്‍മിന്‍, വിസിറിന്‍, ഗഌയാടോക്‌സിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളും വിഷങ്ങളുമാണ് ട്രൈക്കോഡര്‍മ ഉത്പാദിപ്പിക്കുക. ഇതില്‍ ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകളെയും വിഷവസ്തുക്കള്‍ കുമിളിനെയും തുരത്തുന്നു. കൂടാതെ തെങ്ങിന്റെ വളച്ച ത്വരിതപ്പെടുത്താനും മിത്രകുമിളിന് ശേഷിയുണ്ട്. 

 ട്രൈക്കോഡര്‍മ ശത്രുകുമിളിനുമീതെ പടര്‍ന്നു വളര്‍ന്ന് അവയെ തിന്നുതിര്‍ക്കുന്നു. മാത്രമല്ല ട്രൈക്കോഡര്‍മ ഉത്പാദിപ്പിക്കുന്ന ചില എന്‍സൈമുകള്‍ കുമിളുകളെ ലയിപ്പിച്ച് നശിപ്പിക്കുന്നു. ട്രൈക്കോഡര്‍മ കുഴമ്പുരൂപത്തിലാക്കി ചെന്നീരൊലിപ്പുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുകയാണ് ചികിത്സാരീതി.   

മിത്ര കുമിള്‍ എന്നതിലുപരി ഒരു മികച്ച ജീവാണു വളംകൂടിയാണ് ട്രൈക്കോഡര്‍മ. പച്ചക്കറിയിനങ്ങളുടെ വേരു ചീയല്‍, അഴുകല്‍ തുടങ്ങിയവ തടയാനും ട്രൈക്കോഡര്‍മചേര്‍ത്ത ജൈവവളങ്ങള്‍ ഉപയോഗിക്കാം.  ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും രണ്ടുകിലോ ട്രൈക്കോഡര്‍മയും ചേര്‍ത്ത് സമ്പുഷ്ടമാക്കിയാണ് തെങ്ങിന്‍ചുവട്ടില്‍ വളമായിചേര്‍ത്തുകൊടുക്കേണ്ടത്. 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ടുകിലോ ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്തതിന് ശേഷം കുറച്ച് ശുദ്ധവെള്ളം കുടഞ്ഞ് ചേര്‍ത്തിളക്കിയതിന് ശേഷം ഒരടി ഉയരമുള്ള കൂനകൂട്ടി  നനച്ചചാക്കുകൊണ്ട് മൂടിയിടുക.  ഒരാഴ്ച കഴിഞ്ഞാല്‍ ചാക്കു തുറന്നുനോക്കിയാല്‍ പച്ചനിറത്തില്‍ ട്രൈക്കോഡര്‍മ വര്‍ന്നതായിക്കാണാം. ഇവനേരിട്ട് തെങ്ങിന്‍ ചുവട്ടില്‍ വളമായും പച്ചക്കറികള്‍ക്ക് അടിവളമായും ഉപയോഗിക്കാം.   

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധവേണം

രാസ കുമിള്‍കീടനാശിനികള്‍ കളനാശിനികള്‍ എന്നിവയോടൊപ്പമോ അവചേര്‍ത്ത് കൃഷിചെയ്യുന്ന കൃഷിയിടങ്ങളിലോ ട്രൈക്കോഡര്‍മ ഉപയോഗിച്ചാല്‍ അതിന്റെ ഫലം ലഭിക്കില്ല. ചാരവുമായി കലര്‍ത്തിയാലും മിത്രകുമിള്‍ നശിച്ചുപോകും. വെള്ളം കൊണ്ട് നനയ്ക്കുമ്പോള്‍ കുഴമ്പുരൂപത്തിലാവരുത്. വായുസഞ്ചാരം ഉള്ളിലെത്തുന്ന രീതിയിലായിരിക്കണം മിശ്രിതം. എന്നാലേ ട്രൈക്കോഡര്‍മ സംപുഷ്ടമാവൂ.

തെങ്ങുകള്‍ക്ക് ആയുധം കൊണ്ടോ അല്ലാതെയോ ഒരുവിധത്തിലും ക്ഷതം ഏല്‍ക്കാതിരിക്കുകയെന്നതാണ് ചെന്നീരൊലിപ്പു തടയാന്‍ ഫലപ്രദമായ മാര്‍ഗം. തെങ്ങിന്‍ തടത്തില്‍ ഡോളമൈറ്റെ്ാ കുമ്മായമോ വിതറുക. വേനല്‍ക്കാലത്ത് നനയ്ക്കുക. മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക എന്നിവയും ചെന്നീരൊലിപ്പ് തടയാന്‍ ചെയ്യാം.

pramodpurath@gmail.com