വേനല്‍സമയത്തുനിന്ന് മഴക്കാലത്തേക്കുള്ള മാറ്റം തെങ്ങുകളെ സംബന്ധിച്ചിടത്തോളം നിര്‍ണായകഘട്ടമാണ്. പലയിടത്തും കൂമ്പുചീയല്‍രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ പ്രതിരോധനടപടികള്‍ ഉടന്‍തന്നെ സ്വീകരിക്കണമെന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
അന്തരീക്ഷതാപനില കുറഞ്ഞിരിക്കുകയും ഈര്‍പ്പം കൂടിയിരിക്കുകയും ചെയ്യുന്ന മേഖലകളിലാണ് കൂമ്പുചീയല്‍ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളത്. നാമ്പോലയ്ക്കുചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകളെയാണ് രോഗം ബാധിക്കുന്നത്. നാമ്പോലകള്‍ വാടി മഞ്ഞനിറത്തില്‍ കാണപ്പെടുന്നതാണ് ആദ്യലക്ഷണം.
കേരളത്തിലെ ആര്‍ദ്രതയേറിയ കാലാവസ്ഥ ഇതിന് അനുയോജ്യമാകയാല്‍ വേഗത്തില്‍ രോഗം പടര്‍ന്നുപിടിക്കുകയും ചെയ്യും. ഫൈറ്റോഫ്ത്തോറ ഇനത്തില്‍പ്പെട്ട കുമിളുകളാണ് രോഗകാരികള്‍.
തെങ്ങുകളുടെ മണ്ട കൃത്യമായി വൃത്തിയാക്കുകയും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുകയും വേണം. ഒന്നരമാസത്തിനുശേഷം ഇത് ആവര്‍ത്തിക്കുകയും ചെയ്യണം. രോഗബാധിതമായ നാമ്പോലയുടെ അഴുകിയ ഭാഗം മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ചുമാറ്റി വൃത്തിയാക്കി 10 ശതമാനം വീര്യമുള്ള ബോര്‍ഡോകുഴമ്പ് പുരട്ടണം.
ഈ ഭാഗം മഴവെള്ളം കയറാതെ പോളിത്തീന്‍ ഷീറ്റുപയോഗിച്ച് പൊതിഞ്ഞുസൂക്ഷിക്കണം. വെട്ടിമാറ്റിയ ഭാഗങ്ങള്‍ കത്തിക്കുകയും വേണം. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച പിണ്ണാക്ക് ഇപ്പോള്‍ കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലും മറ്റും ലഭ്യമാണ്.
ഇത് നാമ്പോലയുടെ കവിളുകളില്‍ വെക്കുന്നതും നല്ലതാണ്. കൂമ്പുചീയലിനെതിരേ പ്രതിരോധനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു കീടങ്ങളുടെ ആക്രമണത്തിനും വിധേയമാകും.
Content Highlights: Tips For Caring Coconut Trees