കേരളത്തിലെ കേരകര്‍ഷകന്റെ നടുവൊടിക്കുന്നത് തമിഴ്നാട്ടിലെ കുറഞ്ഞ കൊപ്രവില. കിലോഗ്രാമിന് 84 രൂപ മുതല്‍ 86 രൂപവരെയാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ വില. നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍) നിശ്ചയിച്ച 95.21 രൂപ പോലും കേരളത്തില്‍ കുറവായിരിക്കെയാണ് തമിഴ്നാട്ടിലെ ഈ വില. വന്‍തോതില്‍ തമിഴ്നാട്ടില്‍നിന്ന് കൊപ്രയെത്തുന്നതിനുപിന്നിലെ കാരണവും ഇതാണ്.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സംഭരണം തുടങ്ങുന്നതോടെ വില ഉയരും. കൂടിയ ഉത്പാദനവും കുറഞ്ഞചെലവുമാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നത്. വിലകുറവാണെന്ന് കര്‍ഷകര്‍ പറയുന്നുണ്ട്. നാഫെഡിന്റെ സഹകരണത്തോടെ കിലോഗ്രാമിന് 90 മുതല്‍ 95 രൂപവരെ നിരക്കില്‍ കൊപ്രസംഭരിക്കുമെന്ന് കാര്‍ഷികവിപണന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ഈമാസം അവസാനത്തോടെ സംഭരണം തുടങ്ങുമെന്നാണ് അറിയുന്നത്. ഈ വിലയ്ക്ക് സംഭരണം തുടങ്ങിയാല്‍ പൊതുവിപണിയിലും വിലകൂടും. അതോടെ വളരെ കുറഞ്ഞവിലയില്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കൊപ്ര ഒഴുകുന്നത് കുറയും.
സംഭരണം തുടങ്ങാത്ത കേരളത്തില്‍ കൊപ്രവില 92 വരെ താഴ്ന്നിട്ടുണ്ട്. പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 22 മുതല്‍ 24 രൂപ വരെയാണ് കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന വില. ജനുവരിയില്‍ താങ്ങുവില 95 ആയി നിശ്ചയിച്ചിരുന്നു. ആ വിലയ്ക്ക് കൊപ്ര എടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തുറന്ന വിപണിയില്‍ 120 രൂപയുണ്ടായിരുന്നപ്പോഴാണ് 95 രൂപ താങ്ങുവില പ്രഖ്യാപിച്ചത്.
വിലകുറവാണെങ്കിലും കേരളത്തിലെ കര്‍ഷകരെ അപേക്ഷിച്ച് തമിഴ്നാട്ടിലെ കര്‍ഷകര്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്നത് ഹെക്ടറില്‍നിന്ന് 14,000 തേങ്ങവരെ എന്ന മികച്ച ഉത്പാദനക്ഷമതകൊണ്ടാണ്. കേരളത്തില്‍ ഒരു ഹെക്ടറില്‍നിന്ന് 10,000 തേങ്ങവരെയാണ് ലഭിക്കുന്നത്. മറ്റൊരു പ്രധാന നാളികേര ഉത്പാദകരായ കര്‍ണാടകത്തില്‍ ഇത് 13,000-ന് മുകളിലാണ്.
കൂലി, വളം, മറ്റുചെലവുകള്‍ എന്നിവയിലും തമിഴ്നാടും കര്‍ണാടകവും പിന്നിലാണ്. രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ 31 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്. 27 ശതമാനമാണ് കേരളത്തിന്റെ വിഹിതം. തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് രാജ്യത്തെ ആകെ തേങ്ങയുത്പാദനത്തിന്റെ 90 ശതമാനവും. തമിഴ്നാട്ടില്‍ കോയമ്പത്തൂരിലാണ് കൂടുതല്‍ ഉത്പാദനം. 700 കോടിക്കടുത്താണ് തമിഴ്നാട്ടിലെ ആകെ ഉത്പാദനം.
Content Highlights: Tamil nadu Produce Low Cost Dry Coconut