ആലപ്പുഴ: സംസ്ഥാനത്തെ കയര്‍മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ 1200 കോടി രൂപ നിക്ഷേപിക്കും. യന്ത്രവത്കരണം, ഉത്പന്നനിര്‍മാണം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി കയര്‍മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ലക്ഷ്യമിട്ടാണിത്.

അഞ്ചുവര്‍ഷം കൊണ്ടാണ് 1200 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇപ്പോള്‍ത്തന്നെ 200 കോടി രൂപയുടെ സഹായം നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്ന് ലഭിച്ചു. ഇത്രയും തുക വീണ്ടും ലഭിക്കുമെന്നു കരുതുന്നു. 

കയര്‍ സഹകരണസംഘങ്ങളെയെല്ലാം യന്ത്രവത്കരണത്തിന് സജ്ജമാക്കും. 8000 കയര്‍ റാട്ടുകള്‍ ഉടന്‍ നല്‍കും. സംസ്ഥാനത്ത് 50 ചകിരിമില്ലുകളും ചകിരി വേര്‍തിരിക്കുന്ന 100 യന്ത്രങ്ങളും സ്ഥാപിക്കും. കുടുംബശ്രീ സഹകരണത്തിലാണ് ചകിരിമില്ലുകള്‍ പ്രവര്‍ത്തിക്കുക.

കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രാദേശികമായി തൊണ്ട് സംഭരിച്ച് മില്ലുകളിലെത്തിക്കും. ആദ്യപരീക്ഷണം കണ്ണൂരില്‍ നടന്നുവരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 കയര്‍ വിപണനകേന്ദ്രങ്ങള്‍ തുറക്കും.

സര്‍വകലാശാലകളിലെ ഗവേഷണത്തില്‍ കയര്‍മേഖലയ്ക്ക് പരിഗണന നല്‍കുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തും. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആധുനിക കയര്‍യന്ത്രം രൂപകല്പന ചെയ്യുന്നതിന് മത്സരം നടത്തും.