തെങ്ങുഗവേഷണത്തിനായി 1916-ല്‍ സ്ഥാപിതമായ നാളികേര ഗവേഷണകേന്ദ്രങ്ങള്‍ ശതാബ്ദിയാഘോഷ വേളയിലാണ്. നൂറുവര്‍ഷമെന്നത് ഒരു ഗവേഷണകേന്ദ്രത്തെ സംബന്ധിച്ച് ചെറിയ കാലയളവല്ല. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കാര്‍ഷികമേഖലയ്ക്ക് വിലമതിക്കാനാവാത്ത ഗവേഷണഫലങ്ങള്‍ കാസര്‍കോട് ജില്ലയിലെ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളില്‍നിന്നും ലഭ്യമായിട്ടുണ്ട്. 

പിലിക്കോട്, കാസര്‍കോട്, നീലേശ്വരം പ്രദേശങ്ങളില്‍ സ്ഥാപിതമായ തെങ്ങുഗവേഷണ കേന്ദ്രങ്ങളിലാണ് ഇന്ത്യയില്‍ ആദ്യമായി നാളികേര ഗവേഷണത്തിന് തുടക്കം കുറിച്ചത്. ലോകത്തിന് ആദ്യത്തെ സങ്കരയിനം തെങ്ങിന്‍തൈ (ടിxഡി) സംഭാവനചെയ്ത സ്ഥാപനമായി പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം മാറുകയും ചെയ്തു. ഇന്ന് അറിയപ്പെടുന്ന സങ്കര തെങ്ങിനങ്ങളുടെ ഏറ്റവും പ്രായം കൂടിയ സങ്കര മുത്തശ്ശിത്തെങ്ങുകള്‍ നീലേശ്വരം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ഇന്നും തലയെടുപ്പോടെയുണ്ട്. 1936-ലാണ് ഇവിടെ ഒരുവര്‍ഷം പ്രായമായ തെങ്ങിന്‍തൈ നട്ടുപിടിപ്പിച്ചത്. 

1972-ല്‍ പിലിക്കോട്, നീലേശ്വരം കേന്ദ്രങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലായി. സര്‍വകലാശാല ഏറ്റെടുത്ത ഇരു ഗവേഷണകേന്ദ്രങ്ങളെയും 1980-ല്‍ ദേശീയ കാര്‍ഷികഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരകേരളത്തിന്റെ മുഴുവന്‍ കാര്‍ഷികപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള ഗവേഷണപ്രവര്‍ത്തനം നടത്താനുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടു. 

തെങ്ങ്, കുരുമുളക്, കശുവണ്ടി പ്രധാനമായും ഉത്പാദിപ്പിക്കുന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക്, പ്രയോജനകരമായ ഗവേഷണപ്രവര്‍ത്തനം നടത്താനുള്ള ചുമതല പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിക്ഷിപ്തമായി. നാളികേര വികസനത്തിന് നേതൃത്വം വഹിക്കുക, നെല്ല്-പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുവിളകള്‍ എന്നിവയുടെ പരിശോധനാ നിര്‍ണയ കേന്ദ്രമായി പ്രവര്‍ത്തിക്കുക, മഞ്ചേശ്വരം ഉപകേന്ദ്രം, പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും നിര്‍വഹിക്കുക എന്നിവ പിലിക്കോട് പ്രാദേശിക ഗവേഷണകേന്ദ്രത്തിന്റെ മുഖ്യ ചുമതലായാണ്.

ലോകത്തിലെതന്നെ ആദ്യത്തെ സങ്കരയിനം തെങ്ങ് ടിxഡി സംഭാവനചെയ്ത പിലിക്കോട്ടുനിന്നും പിന്നീട് അത്യുത്പാദനശേഷിയുള്ള ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയ സങ്കരയിനം തെങ്ങിന്‍തൈകള്‍ കര്‍ഷകരുടെ കൈകളിലേക്കെത്തി. 40 നാടന്‍ ഇനങ്ങളും 35 വിദേശ ഇനങ്ങളും ഉള്‍പ്പെടെ 75 തെങ്ങിനങ്ങളുടെ വലിയ ജനിതകശേഖരമുള്ള കേന്ദ്രമാണ് പിലിക്കോട്.

തെങ്ങ് കൃഷിയിലെ വിളപരിപാലനമുറകളുടെ സിംഹഭാഗവും സംഭാവനചെയ്തത് ഈ ഗവേഷണകേന്ദ്രമാണ്. തെങ്ങിലെ പ്രധാന കീടമായ വേരുതീനിപ്പുഴുവിനെതിരെ ജൈവ നിയന്ത്രണമാര്‍ഗമായി ഉപയോഗിക്കാവുന്ന മിത്ര കുമിളുകള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുളള ശേഷിയുണ്ടെന്നത് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കണ്ടെത്തലാണ്. 

ഉത്തരകേരളത്തിലെ, കൈപ്പാട് ഉപ്പ് നിലങ്ങള്‍ക്ക് യോജിച്ച അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങള്‍ ഏഴോം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവ വികസിപ്പിച്ചെടുത്തതും ഈ കേന്ദ്രത്തിലാണ്. കൈപ്പാട് അരിക്ക് ഭൗമസൂചികപദവി നേടിക്കൊടുക്കുകയും ചെയ്തു. ആദ്യത്തെ ജൈവനെല്ലിനമായ 'ജൈവ' പിലിക്കോട് കേന്ദ്രത്തിന്റെ മികച്ച സംഭാവനകളിലൊന്നാണ്. വടക്കന്‍ കേരളത്തിലെ 64 തനത് കശുവണ്ടി ഇനങ്ങള്‍, 87 അച്ചാര്‍ മാവിനങ്ങള്‍ കണ്ടെത്തി പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ സംരക്ഷിച്ചുവരുന്നു. മലബാര്‍ മേഖലയിലെ തനത് കന്നുകാലിയിനമായ കാസര്‍കോട് കുള്ളന്‍, മലബാറി ആടിനങ്ങള്‍ എന്നിവയുടെ ജനിതകശേഖരം കേന്ദ്രത്തില്‍ സംരക്ഷിച്ചുവരുന്നു. 
    
കാര്‍ഷികമേഖലയില്‍ നൂറുവര്‍ഷമായി സംശുദ്ധസേവനം നല്കിവരുന്ന പിലിക്കോട് കാര്‍ഷികഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് സങ്കരയിനം തെങ്ങിന്‍ തൈ നട്ടുകൊണ്ടാണ് നിര്‍വഹിച്ചത്. 
 
ആഘോഷഭാഗമായി കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍, സംസ്ഥാനതല ജൈവ നെല്‍കൃഷി ശില്പശാല, വിവിധ കൃഷി അനുബന്ധ മത്സരങ്ങള്‍, കര്‍ഷകപങ്കാളിത്തത്തോടെയുള്ള ജൈവ നെല്ലുത്പാദന പദ്ധതികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. അനുബന്ധമായി പിലിക്കോട് കേന്ദ്രത്തില്‍ അഗ്രിഫിയസ്റ്റ-2016 നൂതന കൃഷിയിട പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

വിവിധ വിളകളുടെ നേര്‍ക്കാഴ്ചയുമായി ഫാം വാക്ക്, വിളകളുടെ അത്യപൂര്‍വ ഇനങ്ങളടങ്ങിയ പ്രദര്‍ശനം, വിളപരിപാലനം, സസ്യസംരക്ഷണം, മൂല്യവര്‍ധനം എന്നീ മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകള്‍ അഗ്രിഫിയസ്റ്റയിലുണ്ട്. 

നടീല്‍വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും പരീശീലനവും, വിവിധ വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, ആധുനിക മൃഗസംരക്ഷണ മാതൃകകള്‍ തുടങ്ങിയവയും കാര്‍ഷിക പ്രദര്‍ശനത്തിലിടം നേടിയിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണമികവും സാങ്കേതികവിദ്യാ തികവും പ്രകടമാക്കുന്നതാണ് പ്രദര്‍ശന നഗരി.

കാഴ്ചയൊരുക്കി അഗ്രിഫിയസ്റ്റ-2016 

തണല്‍ വിരിച്ചുനില്ക്കുന്ന മാന്തോപ്പിലൂടെ ഒഴുകിയെത്തുന്ന പഴയകാല ചലച്ചിത്രഗാനങ്ങളും ആസ്വദിച്ച് കൊണ്ടൊരു നടത്തം. ഇന്നലെവരെ കണ്ടിട്ടില്ലാത്തതും രുചി അറിഞ്ഞിട്ടില്ലാത്തതുമായ വിവിധയിനം വാഴപ്പഴങ്ങള്‍ കാണാം. അവയെക്കുറിച്ച് കൂടുതലറിയാം. പിലിക്കോട് ഉത്തരമേഖല കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അഗ്രിഫിയസ്റ്റ കൃഷിയിട പ്രദര്‍ശനത്തിലാണ് തൂക്കിയിട്ട വാഴക്കുലകള്‍ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്.

 വര്‍ഷങ്ങളായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിപാലിച്ചുവരുന്ന മാന്തോപ്പിലാണ് കാഴ്ചയുടെ പൂരം ഏറെയും ഒരുക്കിവെച്ചിട്ടുള്ളത്. മട്ടി, പൂവന്‍, പാളയംകോടന്‍, രസകദളി, മൊന്തന്‍, പേയന്‍ എന്നിങ്ങനെ വടക്കര്‍ കേട്ടിട്ടില്ലാത്ത പേരുകളാണെല്ലാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വാഴക്കുലകള്‍ പ്രദര്‍ശന നഗരിയിലെത്തിയത്. കാണാനും കൃഷിയെക്കുറിച്ച് കൂടുതലറിയുന്നതിനുമായി കൃഷിയിടത്തില്‍ ഏറെയുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകരും കൃഷിയെ സ്‌നേഹിക്കുന്നവരും വിദ്യാര്‍ഥികളും കൃഷിയെ അടുത്തറിയാന്‍ പ്രദര്‍ശന നഗരിയിലെത്തുന്നുണ്ട്. വിവിധ വിളകളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫാം വാക്കാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. 30 ഏക്കര്‍ സ്ഥലത്ത് ഒരുക്കിയ പ്രദര്‍ശനം അനുഭവിച്ചറിയാന്‍ ചുരുങ്ങിയത് മൂന്നുമണിക്കൂറെങ്കിലും ചെലവിടണം.

വിളയുത്പാദനം, സസ്യസംരക്ഷണം, മൂല്യവര്‍ധനം എന്നീ മേഖലകളില്‍  നിലവിലുള്ള സാങ്കേതികവിദ്യകള്‍ അടുത്തറിയാനും കൃഷിയിട പ്രദര്‍ശനം വഴിയൊരുക്കുന്നു. എല്ലാം കണ്ടുകഴിഞ്ഞാല്‍ ചെടികളും മാവിന്‍തൈകളും വിത്തുമെല്ലാം വാങ്ങുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. മിനി അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിനോദത്തിനും, കുതിരസവാരിക്കും അവസരമുണ്ട്. വൈകീട്ട് ഏഴിന് കലാ-സാംസ്‌കാരിക പരിപാടികളുമുണ്ട്. അഗ്രിഫിയസ്റ്റ 2016 കൃഷിയിട പ്രദര്‍ശനം 28-ന് സമാപിക്കും.