കേരവൃക്ഷങ്ങളുടെ നാടാണ് കേരളമെന്ന് അഭിമാനിക്കുന്ന, നമ്മുടെ തെങ്ങുകളുടെ ഉത്പാദനക്ഷമത അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ശരിയായ വളര്‍ച്ചയ്ക്കും  നേരത്തെ പുഷ്പിക്കുന്നതിനും നല്ല ഉത്പാദനത്തിനും തൈ നട്ട് ആദ്യ വര്‍ഷം മുതല്‍ തന്നെ വളപ്രയോഗം നടത്തണം. 

അമ്ലാംശം വളരെ കൂടുതലുളള നമ്മുടെ മണ്ണില്‍ തെങ്ങിന് ആദ്യം നല്‍കേണ്ടത് കുമ്മായ വസ്തുക്കളാണ്. തെങ്ങിന് ചുറ്റും 1.8 മീറ്റര്‍ വീതിയും ഒരടി താഴ്ച്ചയുളള വൃത്താകാരത്തിലുളള തടമെടുത്ത് വേണം കുമ്മായം ചേര്‍ക്കാന്‍. മെയ്-ജൂണ്‍ മാസത്തില്‍ ആദ്യ മഴ ലഭിച്ചതിന് ശേഷം തെങ്ങൊന്നിന് ഒരു കിലോഗ്രാം എന്ന നിരക്കില്‍ കുമ്മായമോ ഡോളോമൈറ്റോ മണ്ണുമായി ഇളക്കിചേര്‍ക്കണം. (രണ്ടാഴ്ചയ്ക്ക് ശേഷം ശുപാര്‍ശ ചെയ്ത രാസവളത്തിന്റെ മൂന്നിലൊരു ഭാഗവും നല്‍കാം. ഇതിനായി 350 ഗ്രാം യൂറിയ, 500 ഗ്രാം രാജ്‌ഫോസ്, 750ഗ്രാം പൊട്ടാഷ് എന്ന നിരക്കില്‍ രാസവളം വേണ്ടിവരും).

രാസവളങ്ങളും ജൈവവളങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയോജിത വളപ്രയോഗം മണ്ണിന്റെ ഫലപുഷ്ടിയും ഉത്പാദനക്ഷമതയും ജലസംഭരണശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും ഉപകാരികളായ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. തെങ്ങൊന്നിന് 25 ഗ്രാം വീതം പച്ചില വളവും കമ്പോസ്റ്റും ചേര്‍ക്കുന്നതാണ് ഉചിതം. ആവശ്യത്തിന് ജൈവവളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പച്ചിലവളച്ചെടികള്‍ തെങ്ങിന്‍ തടത്തില്‍ തന്നെ വളര്‍ത്തി തെങ്ങിന് തന്നെ നല്‍കുന്ന രീതിക്ക് ഏറെ പ്രാധാന്യമുണ്ട്. 

കാലവര്‍ഷാരംഭത്തില്‍ പ്യുരേറിയ,കാലപ്പഗോണിയം, പയര്‍ എന്നീ പച്ചില വളച്ചെടികളുടെ 100 ഗ്രാം വിത്ത് തെങ്ങിന്‍ തടത്തില്‍ വിതയ്ക്കാം. ചെടികള്‍ മൂക്കാന്‍ തുടങ്ങുന്നതോടെ അവ മുറിച്ചെടുത്ത് തടത്തില്‍ തന്നെ ചേര്‍ത്തുകൊടുക്കണം. ഇങ്ങനെ  പച്ചിലവളച്ചെടികള്‍ ചേര്‍ക്കുന്നത് വഴി 20-25 ഗ്രാം ജൈവാംശവും 150- 175ഗ്രാം നൈട്രജനും തെങ്ങിന് ലഭിക്കുന്നു.

ഇനി അവശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗം രാസവളത്തിന്റെ ഊഴമാണ്. 700ഗ്രാം യൂറിയ ഒരു കിലോഗ്രാം രാജ്‌ഫോസ,് ഒന്നര കിലോഗ്രാം പൊട്ടാഷ് എന്ന തോതില്‍ രാസവളം ചേര്‍ക്കാം. കേരളത്തില്‍ അങ്ങോളമിങ്ങോളമുളള മണ്ണില്‍ മഗ്നീഷ്യം എന്ന മൂലകം അപര്യാപ്തമാണെന്ന് പ്ലാനിംഗ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ തെളിഞ്ഞിട്ടുണ്ട്. തെങ്ങോലകള്‍ മഞ്ഞളിക്കുന്നത് തന്നെയാണ് മഗ്നീഷ്യത്തിന്റെ അപര്യാപ്തതാ ലക്ഷണം. മണ്ണ് പരിശോധനാ റിപ്പോര്‍ട്ടില്‍ അര കിലോഗ്രാം മുതല്‍ 2 കി.ഗ്രാം വരെ മഗ്നീഷ്യം സള്‍ഫേറ്റാണ് തെങ്ങിനുളള ശുപാര്‍ശ.

പൂങ്കുല കരിഞ്ഞുണങ്ങുന്നതിനും ഒരു കുലയിലെ മുഴവന്‍ തേങ്ങയും വളര്‍ച്ചയെത്താതെ വരുന്നതും കേരകര്‍ഷകന്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ബോറോണ്‍ എന്ന സൂക്ഷ്മ മൂലകമാണ് ഇവിടെ വില്ലന്‍. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം 150 ഗ്രാം വീതം ബോറാക്‌സ് 3 കി.ഗ്രാം ചാണകപ്പൊടിയുമായി ചേര്‍ത്ത് തടത്തില്‍ ഇട്ട് കൊടുക്കുന്നത് പ്രശ്‌നത്തിന് പരിഹാരമാകും. 

Content highlights: Agriculture, Organic farming, Coconut