ചേര്‍ത്തല: കയര്‍ വ്യവസായത്തിന്റെ നിലനില്പിനായി കേരളം ചികിരി ഇറക്കുമതിയിലേക്കു നീങ്ങുമ്പോള്‍ തമിഴ്നാട് ചകിരി കയറ്റുമതിയില്‍ കുതിക്കുന്നു. 2016-'17 സാമ്പത്തികവര്‍ഷം തമിഴ്നാട്ടില്‍നിന്ന് 539.13 കോടിയുടെ ചകിരിയാണ് കയറ്റുമതിചെയ്തതത്. 3,70,357 മെട്രിക് ടണ്‍ ചകിരിയാണിത്.

രാജ്യത്തിന്റെ മൊത്തം കയറുത്പന്നങ്ങളുടെ കയറ്റുമതിയില്‍ 23.3 ശതമാനം വരുമിത്. മുഖ്യമായും ചൈനയിലേക്കാണ് കയറ്റുമതി. പ്രതിദിനം ശരാശരി 3000 ടണ്‍ ചകിരിയിലധികം തമിഴ്നാട്ടില്‍നിന്ന് കയറ്റുമതിചെയ്യുന്നതായാണ് കണക്ക്.

കേരളത്തിലെ കയര്‍വ്യവസായത്തിന് ആവശ്യമായതിന്റെ ഇരട്ടിക്കു മുകളിലാണിത്. ഒരുവര്‍ഷം കേരളം 550 കോടി നാളികേരം ഉത്പദിപ്പിക്കുന്നുണ്ടെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്. ഇതില്‍ 30 ശതമാനം തൊണ്ട് ചകിരിയായാല്‍ കേരളത്തിലെ കയര്‍വ്യവസായം സുഗമമാകും.

എന്നാല്‍, നിലവില്‍ 70 ശതമാനം തൊണ്ടും ഉപയോഗിക്കാതെ മലിനമാകുകയാണ്. അതിലൊരുഭാഗം വിറകായും ഉപയോഗിക്കുകയാണെന്നുമാണ് അനൗദ്യോഗിക കണക്ക്. ഇതാണ് സംസ്ഥാനത്തിന്റെ പ്രധാന പ്രശ്നമെന്ന് കയര്‍വ്യവസായിയായ ടെക്നോ എക്സ്പോര്‍ട്ട് ഉടമ ടി.എസ്.സുരേഷ് പറഞ്ഞു.

അഞ്ചു ശതമാനം തൊണ്ടുപോലും സംഭരിച്ചു ചകിരിയാക്കാന്‍ കേരളത്തിനു കഴിയുന്നില്ല. ബാക്കിവരുന്ന തൊണ്ട് കേരളത്തില്‍നിന്നും എത്തുന്നത് പൊള്ളാച്ചിയിലെയും തെങ്കാശിയിലെയും ചകിരി മില്ലുകളിലേക്കാണ്. അതേസമയം തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 50 ശതമാനത്തോളം കൃത്യമായി ചകിരിയാകുന്നുണ്ട്. അതാണ് തമിഴ് നാടിനു നേട്ടമാകുന്നത്.

സംസ്ഥാനത്ത് തൊണ്ടു സംഭരണത്തിന് പല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ലക്ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്തിട്ടും വിജയിക്കാനായിട്ടില്ല. എന്നാല്‍, തമിഴ്നാട്ടില്‍ സര്‍ക്കാര്‍തല ഇടപെടലോ പദ്ധതികളോ ഇല്ലാതെയാണ് ഇത്തരം നേട്ടം. 2015-'16ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചകിരികയറ്റുമതി 2,55,293 മെട്രിക്ക്ടണ്‍ ആയിരുന്നു. 417.67 കോടിയായിരുന്നു. ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം ടണ്ണിന്റെ കയറ്റുമതി വര്‍ധനയാണുണ്ടായത്.