ട്ട തൈയുടെ ഗുണമറിയാന്‍ ഇനി തെങ്ങുവളര്‍ന്ന് തേങ്ങ വിളയുന്നതുവരെ കാത്തിരിക്കേണ്ട. മുളച്ച തൈയുടെ ഓലയുടെ ചെറിയ ഭാഗം എടുത്ത് ജീന്‍ പരിശോധിച്ചാല്‍ ഗുണമറിയാം; ഇന്ത്യന്‍ കാര്‍ഷികശാസ്ത്രജ്ഞര്‍ തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്തിയതോടെയാണ് ഈ നേട്ടംകൈവന്നത്. തെങ്ങിന്റെ പാരമ്പര്യ സ്വഭാവവിശേഷങ്ങള്‍ നിര്‍ണയിക്കുന്നത് 51,953 ജീനുകളാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രം (സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്-സി.പി.സി.ആര്‍.ഐ.), ഡല്‍ഹിയിലെ സസ്യ ജനിതക സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രം (നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്‌നോളജി-എന്‍.ആര്‍.സി.പി.ബി.) എന്നിവിടങ്ങളിലെ 17 ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ സഹകരിച്ചത്. ഇന്ത്യന്‍ ഗവേഷകര്‍ തെങ്ങിന്റെ ജനിതകരഹസ്യം കണ്ടെത്തിയ വിവരം 2017 സെപ്റ്റംബര്‍ 24-ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചു.

പത്തൊന്‍പത് പട്ടത്തെങ്ങ് എന്ന് അറിയപ്പെടുന്ന ചാവക്കാട് പച്ചക്കുള്ളന്‍ എന്ന കുറിയ ഇനം തെങ്ങിലായിരുന്നു ഗവേഷണം. കാറ്റുവീഴ്ചരോഗത്തെ പ്രതിരോധിക്കുന്ന ഇനമാണ് ചാവക്കാട് പച്ചക്കുള്ളന്‍. രോഗപ്രതിരോധശേഷി നല്‍കുന്ന 112 ഇനം ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിറം, കൊപ്രയുടെ ഗുണം, വെളിച്ചെണ്ണ തുടങ്ങിയവ സൃഷ്ടിക്കുന്ന ജീനുകളെയും കണ്ടെത്തി.

Content Highlights: Genetic secrets of coconut tree unravelled