തൃശ്ശൂര്‍: വിളവുകുറയുകയും കയറ്റുമതി കൂടുകയും ചെയ്തതോടെ തേങ്ങയ്ക്ക് ക്ഷാമവും വിലക്കയറ്റവും. പച്ചത്തേങ്ങ കിലോഗ്രാമിന് ചൊവ്വാഴ്ചത്തെ വില 44 രൂപ. ഒറ്റനാള്‍കൊണ്ട് കൂടിയത് 12 രൂപ. വെളിച്ചെണ്ണയ്ക്ക് ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 1000 രൂപ കൂടി. നാലുമാസത്തിനിടെ ക്വിന്റലിന്റെ വിലയില്‍ 5000 രൂപയുടെ വര്‍ധന. ജൂലായ് ഒന്നിന് ക്വിന്റലിന് 12,200 ആയിരുന്നത് ഇപ്പോള്‍ 17,200 ആണ്. ഇതിനനുസരിച്ച് വെളിച്ചെണ്ണയുടെ ചില്ലറവില്‍പ്പനവിലയും കുതിച്ചുയരുകയാണ്. എന്നാല്‍, വിളവു കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുന്നില്ല.

തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ തുടങ്ങിയ ഉത്പന്നങ്ങളായി വിവിധ കമ്പനികളുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമാണ് കയറ്റുമതിയേറെയും. ഉത്തരേന്ത്യയിലേക്കും അയക്കുന്നുണ്ട്. അവിടങ്ങളിലെ വന്‍കിട കമ്പനികളുമായുണ്ടാക്കിയ ദീര്‍ഘകാല കരാര്‍ അനുസരിച്ചാണ് കയറ്റുമതി. നിശ്ചിത വിലയില്‍ നിശ്ചിത അളവില്‍ കുറയാത്ത തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ എന്നിവ തുടര്‍ച്ചയായി നല്‍കാമെന്നാണ് കരാര്‍. ഇത് നടപ്പാക്കാനാണ് ഏതുവിലയ്ക്കും തേങ്ങ സംഭരിക്കുന്നത്. കേരളത്തിലെ 11 കമ്പനികളും തമിഴ്നാട്ടിലെ 18 കമ്പനികളും കയറ്റുമതിയിലുണ്ട്. തമിഴ്നാട്ടില്‍ കഴിഞ്ഞ സീസണിലെ കൊടും വരള്‍ച്ചയില്‍ തേങ്ങ ഉത്പാദനം കുറഞ്ഞു. ഇതോടെ തമിഴ്നാട്ടിലെ കമ്പനിയും തേങ്ങ വാങ്ങാനായി കേരളത്തിലേക്കെത്തിത്തുടങ്ങി.

തേങ്ങയ്ക്ക് വന്‍വിലയും ആവശ്യകതയും കൂടിയതോടെ നാളികേരകര്‍ഷകര്‍ മൂപ്പെത്താത്ത തേങ്ങയും വിറ്റുതുടങ്ങി.

വ്യാജന്മാരും വ്യാപകമായി

വിപണിയില്‍ വിലയുയര്‍ന്നതോടെ വ്യാജന്മാരും വ്യാപകമായി. റവചേര്‍ത്ത തേങ്ങാപ്പൊടിയും സോയാപ്പാല്‍ ചേര്‍ത്ത തേങ്ങാപ്പാലുമാണ് എത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് കേരള വിപണിയില്‍ വ്യാജന്‍ എത്തിക്കുന്നതില്‍ മുന്നില്‍.

പച്ചവെളിച്ചെണ്ണ എന്ന ഇനത്തിന്റെ ഗുണനിലവാരത്തെപ്പറ്റി ഭക്ഷ്യസുരക്ഷാവകുപ്പിന് പ്രത്യേക മാനദണ്ഡമില്ലാത്തതിനാല്‍ ഇതിന്റെ വ്യാജനും വ്യാപകം. യഥാര്‍ഥ ഇനങ്ങളെക്കാള്‍ വില കുറവുണ്ടെന്നതിനാല്‍ കേരളത്തിലും നല്ല വില്‍പ്പനയുമുണ്ട്.

പൊടിയാക്കുന്നത് ലക്ഷക്കണക്കിന് തേങ്ങകള്‍

കാസര്‍കോട്ടെ വൈറ്റല്‍ അഗ്രോ ഇന്‍ഡസ്ട്രീസാണ് കേരളത്തില്‍ തേങ്ങാ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്ന പ്രമുഖ സ്ഥാപനം. ദിവസേന 1.2 ലക്ഷം തേങ്ങയാണ് ഇവിടെ തേങ്ങാപ്പൊടിയാക്കി കയറ്റുമതി ചെയ്യുന്നത്. തേങ്ങ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഉത്പാദനം കുറഞ്ഞെന്ന് ഉടമ ഗുരുപ്രസാദ് പറഞ്ഞു. കിലോഗ്രാമിന് 42 രൂപയ്ക്കാണ് മൊത്തസംഭരണം നടത്തുന്നത്. ക്ഷാമം, വിലക്കയറ്റം, 12 ശതമാനം ജി.എസ്.ടി., ഗുണം കുറഞ്ഞ തേങ്ങ എന്നിവമൂലം വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്തെ ബി.എസ്.എ. കോകോസ് ആണ് തമിഴ്നാട്ടിലെ പ്രമുഖ സ്ഥാപനം. ദിവസേന നാലുലക്ഷം തേങ്ങയാണ് ഇവിടെ ഉത്പന്നങ്ങളാക്കി കയറ്റി അയക്കുന്നത്. തമിഴ്നാട്ടില്‍ തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെയാണ് കേരളത്തിലെത്തി ഉയര്‍ന്നവിലയ്ക്ക് തേങ്ങ സംഭരിക്കാന്‍ തീരുമാനിച്ചതെന്ന് ഉടമ ദക്ഷിണാമൂര്‍ത്തി പറഞ്ഞു. പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ നിന്ന് കിലോഗ്രാമിന് 44 രൂപയ്ക്കാണ് തേങ്ങ സംഭരിക്കുന്നത്.