കാലവര്‍ഷമെത്തും മുമ്പ് കേരകര്‍ഷകര്‍ എടുക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി സി.പി.സി.ആര്‍.ഐ. വെള്ളക്കെട്ടുണ്ടാകാത്ത നിരപ്പായ സ്ഥലങ്ങളില്‍ ഒരു മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴികളെടുത്ത് മേയ്, ജൂണ്‍ മാസങ്ങളില്‍ തെങ്ങിന്‍തൈകള്‍ നടാം. 

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ തൈകള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കുഴിച്ചുവെച്ച് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ നടുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കൂനകളില്‍ നടുകയോ ആഴംകുറച്ച് നട്ടശേഷം വര്‍ഷാവര്‍ഷം ചുവട്ടില്‍ മണ്ണേറ്റിക്കൊടുക്കുകയോ ചെയ്യണം. തൈകള്‍ നടുമ്പോള്‍ ട്രൈക്കോഡെര്‍മ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച കമ്പോസ്റ്റ് ചേര്‍ക്കുന്നത് ഗുണംചെയ്യും.

നട്ടുകഴിഞ്ഞാല്‍ ചെല്ലിശല്യം ഒഴിവാക്കാന്‍ തിരിനാമ്പിന് താഴെയുള്ള രണ്ട് ഓലക്കവിളുകളില്‍ പാറ്റഗുളിക വെച്ചുകൊടുക്കണം. തൈത്തെങ്ങുകളില്‍ ചെല്ലിശല്യം കുറയ്ക്കാന്‍ നാമ്പോലയ്ക്കുചുറ്റും ചെറുകണ്ണികളുള്ള ഉടക്കുവല അയച്ച് ചുറ്റുന്നതും ഫലപ്രദമാണ്.

കാലവര്‍ഷാരംഭത്തോടെ തന്നെ തെങ്ങിന്‍തടം തുറക്കണം. തെങ്ങിന് രണ്ടുമീറ്റര്‍ ചുറ്റളവില്‍ തടം തുറന്നതിനുശേഷം ഒരുകിലോ കുമ്മായമോ ഡോളമൈറ്റോ തെങ്ങിനുചുറ്റും തടത്തില്‍ വിതറണം. തെങ്ങിനുചുറ്റും തടത്തില്‍ 100 ഗ്രാം വന്‍പയര്‍ വിത്ത് വിതച്ചുകൊടുക്കുക. എട്ട് ആഴ്ചകള്‍ക്കുശേഷം ഇത് പിഴുത് തടത്തില്‍ ചേര്‍ത്തുകൊടുക്കുന്നതിലൂടെ ഏകദേശം 25 കിലോ ജൈവവളം ലഭിക്കും.

രണ്ടാഴ്ചയ്ക്കുശേഷം ആദ്യത്തെ നൈട്രജന്‍ വളപ്രയോഗം നടത്തണം. മൂന്നുവര്‍ഷത്തിന് മുകളില്‍ പ്രായമുള്ള എല്ലാ തെങ്ങുകള്‍ക്കും വര്‍ഷത്തില്‍ 1.1 കിലോ യൂറിയ, 1.5 കിലോ രാജ്ഫോസ്, രണ്ടുകിലോ പൊട്ടാഷ് എന്നിവ കൊടുക്കണം.

മഴക്കാലം തുടങ്ങുന്നതിന് മുന്‍പായി തെങ്ങുകളുടെ മണ്ട വൃത്തിയാക്കണം. ഒപ്പം പുരയിടത്തിലെ പാഴ്മരങ്ങളുടെ ശാഖകള്‍ വെട്ടിയൊതുക്കി കൂടുതല്‍ സൂര്യപ്രകാശം തെങ്ങുകള്‍ക്ക് ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം.

Content Highlights: Coconut seedlings can be planted before the monsoon