തെങ്ങുഗവേഷണകേന്ദ്രങ്ങളിൽനിന്ന് ഇത്തവണ തെങ്ങിൻതൈ വിതരണം നടന്നില്ല. ജൂൺ ഒന്നുമുതൽ കർഷകരുടെ കൈകളിലെത്തേണ്ടിയിരുന്ന ഒരുലക്ഷത്തിലേറെ തെങ്ങിൻതൈ ജില്ലയിലെ വിവിധ കാർഷിക ഗവേഷണ കേന്ദ്രങ്ങളിലായുണ്ട്.
കൃഷിവകുപ്പ് പ്രഖ്യാപിച്ച കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ നിർവഹണത്തിലുള്ള കാലതാമസമാണ് ഈ അവസ്ഥയ്ക്ക് ഇടയാക്കിയത്. നീലേശ്വരം, കരുവാച്ചേരി പ്രാദേശിക കാർഷികഗവേഷണ കേന്ദ്രങ്ങളിലായി 40,000, പിലിക്കോട് കാർഷികഗവേഷണ കേന്ദ്രത്തിൽ 10,000, സി.പി.സി.ആർ.ഐ. കാസർകോട് 25,000 ഉൾപ്പെടെ ഒരുലക്ഷത്തിലേറെ തെങ്ങിൻതൈകൾ ജില്ലയിൽ മാത്രം ഇത്തവണ ഉത്പാദിപ്പിച്ചിട്ടുണ്ട്.
കേരശ്രീ, കേരഗംഗ തുടങ്ങിയ അത്യുത്‌പാദനശേഷിയുള്ള സങ്കരയിനം തൈകളാണ് കൂടുതലും. കേരകേരളം സമൃദ്ധകേരളം പദ്ധതിയിൽ കൃഷിഭവൻ മുഖാന്തരം ഓരോ വാർഡുകളിലും 75 തെങ്ങിൻതൈകൾ വിതരണംചെയ്യുമെന്ന് കൃഷിവകുപ്പ് പ്രഖ്യാപിച്ചിരുന്നു.
കാർഷിക സർവകലാശാലയുടെ കീഴിലുള്ള കേന്ദ്രങ്ങളിലും മറ്റ് തെങ്ങുഗവേഷണകേന്ദ്രങ്ങളിലും ഉത്പാദിപ്പിച്ച തെങ്ങിൻതൈ കൈമാറണമെന്ന് കൃഷിവകുപ്പ് നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഗവേഷണകേന്ദ്രങ്ങളിൽനിന്ന് കർഷകർക്ക് നേരിട്ട് തെങ്ങിൻതൈ വിതരണംചെയ്യുന്നത് നിർത്തിവെച്ചത്.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ നാളികേര കൗൺസിൽ രൂപവത്‌കരിച്ച് തെങ്ങിൻതൈ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. തെങ്ങിൻതൈ സൗജന്യമായി കർഷകരിലെത്തിക്കാനായിരുന്നു തുടക്കത്തിൽ പരിപാടി. പിന്നീടത് 50 ശതമാനം സൗജന്യമെന്നാക്കി. നാളികേര കൗൺസിൽ രൂപവത്‌കരണം ഇതുവരെ നടന്നില്ല. ഇതിനുള്ള ഉത്തരവ് താഴെത്തട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് കൃഷിവകുപ്പ് ജീവനക്കാർ പറയുന്നത്.
കൃഷിവകുപ്പിന്റെ നിർദേശം ലഭിക്കുന്നതിനുമുൻപ് ഒട്ടേറെ കർഷകർ തെങ്ങിൻതൈയ്ക്കുവേണ്ടി ഗവേഷണകേന്ദ്രങ്ങളിൽ അപേക്ഷ നൽകിയിരുന്നു. ഇവർക്ക് പരിമിതമായി തൈ ലഭ്യമാക്കാനുള്ള നീക്കവും ഉപേക്ഷിക്കേണ്ടിവന്നു.
കേന്ദ്രങ്ങളിൽ ഉത്പാദിപ്പിച്ച തൈ പൂർണമായും കൃഷിവകുപ്പിന് കൈമാറണമെന്ന് കാർഷിക സർവകലാശാല രജിസ്ട്രാർ സ്ഥാപനമേധാവികളോട് നിർദേശിച്ചു. അടുത്തവർഷം 3,25,000 തെങ്ങിൻതൈ ഉത്പാദിപ്പിച്ച് കൈമാറാനും കൃഷിവകുപ്പിന്റെ നിർദേശമുണ്ട്.
ജൂൺ ഒന്ന് ആഘോഷമായ കാലം
പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ ജൂൺ ഒന്നിനായിരുന്നു മുമ്പ് തെങ്ങിൻതൈ വിതരണം. ഒന്നും രണ്ടും തൈയ്ക്കുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് തലേദിവസംതന്നെ കർഷകരെത്തും. നീണ്ടനിരയിൽ സ്ഥാനംപിടിച്ച് മണിക്കൂറുകൾ കാത്തുകിടന്നാണ് തൈ വാങ്ങിയിരുന്നത്. ജൂൺ ഒന്നിലെ തെങ്ങിൻതൈ വിതരണം പിലിക്കോട്ട് ആഘോഷമാക്കിയ കാലമാണ് പിന്നിട്ടത്.
ആവശ്യക്കാരുടെ വർധന നിയന്ത്രണാധീതമായതിനാൽ കഴിഞ്ഞ ഏതാനും വർഷമായി നേരത്തേ അപേക്ഷ സ്വീകരിച്ചാണ് തൈ വിതരണം ചെയ്തത്. ആർ.കെ.വി.വൈ. പദ്ധതിയിൽ കോക്കനട്ട് മിഷൻ കരുവാച്ചേരിയിലും നീലേശ്വരത്തും കൂടുതലായി തെങ്ങിൻതൈ ഉത്പാദിപ്പിച്ചുതുടങ്ങിയത് കർഷകർക്ക് ആശ്വാസമായിരുന്നു.
Content Highlights: Coconut Research Center Kasaragod