കേരം തിങ്ങുന്ന കേരള നാട് ......ഐശ്വര്യത്തിന്റെ പ്രതീകമായി വീടുകളിലും  പറമ്പുകളിലും തോട്ടങ്ങളിലും അന്തസ്സോടെ തലയുയര്‍ത്തിയ കല്‍പ്പവൃക്ഷം....കൃഷി ഉപജീവനമാക്കിയ കേരകര്‍ഷകരുടെ ദീര്‍ഘകാല സ്വപ്നം.....  അടുക്കളയെ സമ്പുഷ്ടമാക്കി തേങ്ങയും വെളിച്ചെണ്ണയും...... ഒരുകാലത്ത് ഏതാണ്ട് അമ്പത് കോടിയ്ക്കു മീതെ തെങ്ങുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്ന കേരങ്ങള്‍ ഇരുപത് കോടിയില്‍ താഴെ.

നാളികേരത്തിന്റെ വിലയിടിവില്‍ പരിചരണം കിട്ടാതെ വാര്‍ധക്യത്തിലെത്തിയ തെങ്ങുകളുടെ മണ്ടകള്‍ മറിഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ അയല്‍ സംസ്ഥാനങ്ങള്‍ കേരത്തെ ഏറ്റെടുത്തു. കേരളിയരുടെ നാവിന്‍തുമ്പിലേയ്ക്ക് ശ്രീലങ്കയും ഫിലിപ്പൈന്‍സും തായ് ലാന്‍ഡും ഇന്തോനേഷ്യയും പോലുള്ള രാജ്യങ്ങള്‍ വെളിച്ചെണ്ണയും ഇളനീരും ഒഴിച്ചുതരുന്നു.കലര്‍പ്പില്ലാത്ത അടുക്കളയിലേയ്ക്ക് മായം കലര്‍ന്ന വെളിച്ചെണ്ണകള്‍ പായ്ക്കറ്റില്‍ കിട്ടുമ്പോഴും കല്‍പ്പവൃക്ഷത്തെ പരിചരിക്കാന്‍ മലയാളിക്ക് സമയമില്ല.

മറുനാട്ടില്‍ തഴച്ചുവളരുന്ന തെങ്ങുകൃഷിയുടെ വിജയം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെയാണ്. തേങ്ങയും കൊപ്രയിലൂടെ വെളിച്ചെണ്ണയും മാത്രമെന്ന് ചിന്തിച്ച മലയാളിയെ വിളിച്ചുണര്‍ത്തിയത് ആഗോള കുത്തകക്കമ്പനികളാണ്. ഇളനീരിന്റെയും കേക്കിന്റെയും വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെയും സാധ്യതകള്‍ അവര്‍ പ്രയോജനപ്പെടുത്തി. 

കൊപ്രയും വെളിച്ചെണ്ണയും മാത്രം കേട്ടുശീലിച്ച മലയാളി തേങ്ങയെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് നാളികേര വികസന ബോര്‍ഡ് പറയുന്നു. 
കേരളത്തില്‍ ആകെ ഉല്‍പ്പാദിപ്പിക്കുന്ന 560 കോടി തേങ്ങയില്‍ കയറ്റുമതി സാധ്യതയും കുറഞ്ഞതോടെ റബ്ബറിനു പുറമെ കേരകര്‍ഷകരും പ്രതിസന്ധിയിലായി.  വിതരണത്തേക്കാള്‍ ആവശ്യകത വര്‍ദ്ധിച്ചാല്‍ വില കൂടുമെന്ന സാമ്പത്തിക ശാസ്ത്രത്തിന് കേര കര്‍ഷകരെ രക്ഷിക്കാന്‍ കഴിയുന്നില്ല.

ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലൂടെ ലാഭം നേടാമെന്ന് പ്രമുഖ ധനകാര്യശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എഡ്വേര്‍ഡ് ചേംബറലീന്‍ പറയുന്നത് ഇവിടെ ചേര്‍ത്തു വായിക്കാം. മൂത്തുവിളഞ്ഞ നാളികേരം വെട്ടിയിടുന്നതിനു പകരം ഇളനീരിനായി തേങ്ങയിറക്കിയാല്‍ ഒന്നിന് 30-35 രൂപ നിരക്കില്‍ വില്‍ക്കാം. കലര്‍പ്പില്ലാത്ത ഔഷധഗുണങ്ങള്‍ ഏറെയുള്ള കരിക്കിന്‍ വെള്ളത്തിന്റെ വിപണി തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഇളനീര്‍ ബോട്ട്ലിങ് പ്ലാന്റിലൂടെയാണ്.

വ്യാവസായിക അടിസ്ഥാനത്തില്‍ കുപ്പിയിലാക്കി വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഇളനീരിന് അമേരിക്ക, യൂറോപ്പ്, യു.എ.ഇ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മറ്റു ശീതള പാനിയങ്ങളെക്കാള്‍ ജന സ്വീകാര്യതയുണ്ട്.വിഷമയമായ കുപ്പിവെള്ളങ്ങളെ വിപണി തിരസ്‌കരിക്കുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ ബോട്ടിലിങ് പ്‌ളാന്റുകള്‍  ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
 

കടല്‍ കടക്കുന്ന നീര

തെങ്ങില്‍നിന്ന് ചെത്തിയെടുക്കുന്ന നീരയെ തേടി അഞ്ചു രാജ്യങ്ങളില്‍നിന്ന് 70 കോടിയുടെ ഓര്‍ഡറാണ് ലഭിച്ചത്. അമേരിക്ക, കാനഡ, റഷ്യ, നേപ്പാള്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് നീരയ്ക്കായി കരാറില്‍ ഏര്‍പ്പെട്ടത്. കേരളത്തില്‍ എട്ടു കമ്പനികളാണ് നീര ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം അരലക്ഷം ബോട്ടില്‍ നീരയാണ് ഈ എട്ടു കമ്പനികളും വിപണിയിലിറക്കുന്നത്. 400 ഫെഡറേഷനുകള്‍ക്ക് നീര ചെത്താന്‍ ലൈസന്‍സ് നല്‍കിയെങ്കിലും സാങ്കേതിക വിദഗ്ധരുടെ അഭാവം ഉത്പാദനത്തെ ബാധിക്കുന്നു.      രണ്ടേകാല്‍ ലക്ഷം പേരെ ആവശ്യമുള്ളപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത് 2314 സാങ്കേതിക വിദഗ്ധരാണ് .

മായമില്ലാത്ത ഭക്ഷ്യവസ്തു 

കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ വെളിച്ചെണ്ണ തേപ്പിച്ച് കുളിപ്പിക്കുകയും ലേശം കഴിക്കാന്‍ നല്‍കുകയും ചെയ്യുന്നത് തലമുറ കൈമാറി വരുന്ന സുകൃതമാണ്. ശുദ്ധ ഔഷധമായി കാണുന്ന തേങ്ങയില്‍നിന്ന് വെര്‍ജിന്‍ വെളിച്ചെണ്ണ സംസ്‌കരിച്ചെടുക്കാം. നാളികേര വികസന ബോര്‍ഡിന്റെ കണക്കുപ്രകാരം ഒരുലക്ഷം തേങ്ങ സംസ്‌കരിക്കുന്ന പ്ലാന്റിന് ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ സംഭരിക്കാം. അതോടൊപ്പം 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്‌കിംമില്‍ക്ക്, ഒമ്പത് ടണ്‍ തൂള്‍ തേങ്ങ, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കും.

ചിരട്ടയില്‍നിന്ന് കരി, പൊടി, ആക്ടിവേറ്റഡ് കാര്‍ബണ്‍ തുടങ്ങിയവ നിര്‍മ്മിക്കാം. കാമ്പും ഇളനീരും കലര്‍ത്തിയ വെള്ളം കോക്കനട്ട് ലസ്സി, കോക്കനട്ട് തേന്‍,കോക്കനട്ട് സ്പ്രെഡ് തുടങ്ങിയവ സ്ഥിരവരുമാനത്തിന് നാളികേര കര്‍ഷകരെ സഹായിക്കും. തേങ്ങ പഞ്ചസാര, നാളികേര വിനാഗിരി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നീണ്ട നിരയാണ് മുന്നില്‍. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് നാളികേര വികസന ബോര്‍ഡ് 25 ശതമാനം സാന്പത്തിക സഹായം നല്‍കുന്നുണ്ട്. പ്രചാരണങ്ങള്‍ക്കായി 50 ശതമാനവും വകയിരുത്തി സബ്‌സിഡി തുകയായി 25 ശതമാനവും സര്‍ക്കാരും നല്‍കുന്നു.

പ്രതീക്ഷയേകുന്ന നാളികേര വിപണി 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-16) തേങ്ങയുടെ കയറ്റുമതി മൂല്യത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10.50 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ഇന്ത്യയുടെ വാണിജ്യോത്പന്ന കയറ്റുമതി 10 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമ്പോഴാണ് നാളികേരത്തിലെ വര്‍ദ്ധനവ്. വെര്‍ജിന്‍ വെളിച്ചെണ്ണയുടെ കയറ്റുമതിയില്‍ മികച്ച വര്‍ദ്ധനയാണ് ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കാണിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഓര്‍ഗാനിക് വെളിച്ചെണ്ണയ്ക്ക് നല്ല ഓര്‍ഡര്‍ ലഭിച്ചിട്ടും ഉത്പാദനക്കുറവ് തിരിച്ചടിച്ചെന്ന് നാളികേര വികസന ബോര്‍ഡ് പറയുന്നു.

keram2014-15  വര്‍ഷത്തില്‍ കയറും കയറുത്പന്നങ്ങളും ഒഴികെയുള്ള നാളികേര ഉത്പന്ന കയറ്റുമതി 1,312 കോടിയില്‍നിന്ന് 2015-16 ല്‍  1,450 കോടിയായി കയറ്റുമതി മൂല്യം ഉയര്‍ന്നു. അതോടൊപ്പം 2015-16 ല്‍ ഡസിക്കേറ്റഡ് കോക്കനട്ട് 63 ശതമാനം, വെളിച്ചെണ്ണ 23 ശതമാനം, ഉത്തേജിത കാര്‍ബണ്‍ 13 ശതമാനം എന്നിങ്ങനെയാണ് വര്‍ധന. കയര്‍ ഉത്പന്ന കയറ്റുമതിയില്‍ 2014-15 ല്‍ 1476 കോടി രൂപയാണ് ലഭിച്ചത്.