തെങ്ങിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പോലെ തന്നെ പരിഗണന അര്‍ഹിക്കുന്നതാണ് ഓല ചീയല്‍, കൂമ്പടപ്പ് തുടങ്ങിയ രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും.

മണ്ണില്‍ വെള്ളത്തിന്റെ ലഭ്യത അനുസരിച്ചാണ് തെങ്ങില്‍ നാളികേരം കൂടുതല്‍ പിടിക്കുന്നത്. മഴയുടെ ലഭ്യതക്കുറവ് അനുസരിച്ച് നവംബര്‍ മാസം തൊട്ട് നന തുടങ്ങാം. തെങ്ങിന്‍ തടത്തില്‍ നനയ്ക്കുന്ന രീതിയാണ് മിക്കവാറും കര്‍ഷകര്‍ അനുവര്‍ത്തിക്കുന്നത്. ഇപ്രകാരം ചെയ്യുമ്പോള്‍ നാലു ദിവസത്തിലൊരിക്കല്‍ തെങ്ങ് ഒന്നിന് 200 ലിറ്റര്‍ വെള്ളം നല്‍കണം.

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ കണിക ജലസേചനമാണ് കൂടുതല്‍ ഫലപ്രദം. ഈ രീതിയില്‍ തെങ്ങൊന്നിന് 30 ലിറ്റര്‍ വെള്ളം എന്ന തോതില്‍ നല്‍കിയാല്‍ മതി. തെങ്ങോലകള്‍ കൊണ്ട് തെങ്ങിന്‍ തടങ്ങളില്‍ പുതയിടുന്നതും നല്ലതാണ്.

എലിശല്യം നിയന്ത്രിക്കാം

തെങ്ങിന്റെ മണ്ടയില്‍ കയറി വെള്ളയ്ക്കയും കരിക്കും തുരന്ന് തിന്നുന്ന എലികള്‍ നാളികേര മേഖലയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. തെങ്ങിന്‍ തടിയില്‍ ചുറ്റി തകിടുകൊണ്ടുള്ള സംരക്ഷണത്തടകള്‍ ഉറപ്പിച്ചാല്‍ എലികള്‍ തടിയില്‍ കൂടി മരത്തില്‍ കയറുന്നത് തടയാം.

25-30 സെന്റീമീറ്റര്‍ വീതിയുള്ള ജി.ഐ ഷീറ്റ് കൊണ്ട് തെങ്ങിന്‍ തടിക്കു ചുറ്റും തറനിരപ്പില്‍ നിന്ന് രണ്ടുമീറ്റര്‍ തടസ്സം നിര്‍മിച്ചു വച്ചും എലികളുടെ ആക്രമണത്തെ നിയന്ത്രിക്കാം. ഇതുകൂടാതെ ബ്രോമോഡിയോലാണ്‍ എന്ന വിഷം കലര്‍ന്ന 10 ഗ്രാം തൂക്കമുള്ള മെഴുകു കട്ടകള്‍ ഒരു ഹെക്ടറിന് 30 എണ്ണം വീതം അടുത്തടുത്തുള്ള അഞ്ചു തെങ്ങുകള്‍ക്ക് ഒന്ന് എന്ന തോതില്‍ 12 ദിവസം ഇടവിട്ട് രണ്ടു പ്രാവശ്യം ഉപോയഗിച്ചാല്‍ എലികളുടെ ശല്യവും ഇതുവഴിയുള്ള നഷ്ടവും ഗണ്യമായി കുറയ്ക്കാം.

ഓലചീയല്‍ രോഗത്തിനെതിരെ കുമിള്‍ നാശിനി

coconut

കാറ്റുവീഴ്ച  ബാധിച്ച തെങ്ങുകളില്‍  ഓലചീയല്‍ രോഗം കാണുന്നുണ്ടെങ്കില്‍ കൂമ്പോലയുടെയും അതിനുതൊട്ടടുത്ത രണ്ട് ഓലകളുടെയും മാത്രം ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ചുമാറ്റുക.

മറ്റ് ഓലകളില്‍ മുന്‍പ് ചീയല്‍ വന്നതാണെങ്കിലും മുറിച്ചുമാറ്റേണ്ട ആവശ്യമില്ല. കുമിള്‍ നാശിനികളായ ഹെക്‌സാകോണോസോള്‍ (കോണ്‍ടഫ് 5 ഇ) തെങ്ങൊന്നിന് 2.മി.ലി വീതം അല്ലെങ്കില്‍ മാങ്കോസേബ് (ഡൈത്തേന്‍ എം. 45/ ഇന്‍ഡോഫില്‍ എം.45) തെങ്ങൊന്നിന് 3 ഗ്രാം വീതം 300 മി.ലി വെള്ളത്തില്‍ കലക്കി നാമ്പോലയുടെ ചുവട്ടില്‍ ഒഴിക്കുക.

20 ഗ്രാം ഫോറേറ്റ് 10-ജി. 200 ഗ്രാം ആറ്റുമണലില്‍ കലര്‍ത്തി നാമ്പോലയുടെ ചുവടിന് ചുറ്റുമായി ഇടുന്നതും ഫലപ്രദമാണ്.

ഈ നിയന്ത്രണ നടപടികള്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം അതായത് കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പും (ഏപ്രില്‍ -മേയ് ) കാലവര്‍ഷത്തിന് ശേഷവും (ഒക്ടോബര്‍-നവംബര്‍) സ്വീകരിക്കുന്നത് ഓലചീയല്‍ രോഗത്തിനെതിരെയും മറ്റ് കീടനിയന്ത്രണത്തിനും ഫലവത്താണ്.

കൊമ്പന്‍ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിന് മുന്‍കരുതലെന്ന നിലയില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓലക്കവിളുകളില്‍ പാറ്റഗുളിക 10 ഗ്രാം (4 എണ്ണം) വെച്ച് മണല്‍ കൊണ്ടുമൂടുകയോ, വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക്(250ഗ്രാം) തുല്യ അളവില്‍  മണലുമായി ചേര്‍ത്ത് ഇടുകയോ ചെയ്യുക. 

പെരുവലം എന്ന ചെടി പറിച്ച് ചാണകക്കുഴികളില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ബാക്കുലോവൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പന്‍ചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിക്കാം.

ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ ഒരു ഹെക്ടറില്‍ 10-15 എണ്ണം എന്ന കണക്കില്‍ സന്ധ്യാസമയത്ത് തോട്ടത്തില്‍ തുറന്നുവിടുക. മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്‌ളിയ എന്ന കുമിള്‍ തേങ്ങാവെള്ളത്തിലോ കപ്പക്കഷണങ്ങളും തവിടും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തില്‍ വന്‍തോതില്‍ വളര്‍ത്തിയെടുത്ത് ഒരു ക്യൂബിക് മീറ്ററിന് 250 മില്ലിഗ്രാം മെറ്റാറൈസിയം കള്‍ച്ചര്‍ 750 മി.ലി വെള്ളവുമായി കലര്‍ത്തിയ മിശ്രിതം എന്ന തോതില്‍ ചാണകക്കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിക്കുക.

ബോറോണിന്റെ അഭാവത്താലുള്ള കൂമ്പടപ്പ് രോഗം തടയുക 

coconut tree

ബോറോണിന്റെ അഭാവത്തില്‍ തെങ്ങുകളില്‍ കൂമ്പടപ്പ് രോഗം നമ്മുടെ നാട്ടില്‍ പരക്കെ കാണുന്നുണ്ട്. ഈ രോഗത്തിന്റെ ഫലമായി ഓലകള്‍ ചെറുതായി ചുരുങ്ങിപ്പോകുന്നു. ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുകയും ശരിക്കു വിരിയാതെ കൂടിപ്പിടിച്ച് ഇരിക്കുകയും ചെയ്യുന്നു. രോഗബാധ ഗുരുതരമാകുന്നതോടെ തെങ്ങ് നശിക്കുന്നു.

തൈതെങ്ങുകള്‍ക്ക് 150 ഗ്രാം, കായ്ക്കുന്ന തെങ്ങുകള്‍ക്ക് 250 ഗ്രാം എന്ന തോതില്‍ ബോറോക്‌സ് വളം വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം സാധാരണ വളങ്ങളോടൊപ്പം നല്‍കിയാല്‍ പ്രാരംഭദശയില്‍ തന്നെ ഈ രോഗത്തെ നിയന്തിക്കാം.

(കടപ്പാട്: ഇന്ത്യന്‍ നാളികേര ജേണല്‍)