തേങ്ങയുടെ പേരില്‍ അറിയപ്പെടുന്ന നാടാണ് കുറ്റ്യാടി. അത്രയ്ക്ക് പ്രശസ്തമാണ് കുറ്റ്യാടി തേങ്ങ. അവിടെ ഒരു നാളികേരപാര്‍ക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ കാവ്യനീതിയെന്ന് പലരും നിനച്ചു. പക്ഷെ പ്രഖ്യാപനംവന്ന് ഒമ്പതു വര്‍ഷം പിന്നിടുമ്പോള്‍ തെളിയുന്നത് നീതികേടിന്റെ ചിത്രമാണ്.
പാര്‍ക്കിനായി വാങ്ങിയ 125 ഏക്കര്‍ സ്ഥലം കാടുമൂടി കേരകര്‍ഷകരെ നോക്കി പരിഹസിക്കുന്നു. പദ്ധതി ഉടന്‍വരും എന്ന പ്രഖ്യാപനം ഇടയ്ക്കിടെ ഔദ്യോഗികകേന്ദ്രങ്ങളില്‍ നിന്നുണ്ടാകും. നാളികേര കര്‍ഷകരുടെ സര്‍വതോന്മുഖമായ കുതിപ്പ് ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തിമാത്രം ആരും കാണിക്കുന്നില്ല.
ലക്ഷ്യമിട്ടത് വന്‍കിടപദ്ധതി
കല്പവൃക്ഷത്തിന്റെ ഒരംശംപോലും പാഴാക്കാതെ മുഴുവന്‍ഭാഗങ്ങളും സംസ്‌ക്കരിച്ച് ഉപയോഗയോഗ്യമാക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. തെങ്ങിന്‍തടിയുടെ വേരുകള്‍കൊണ്ട് കരകൗശലവസ്തുകള്‍, തടികൊണ്ട് ഫര്‍ണിച്ചറുകള്‍, മടല്‍, ഓല എന്നിവ ഉപയോഗിച്ച് അലങ്കാരവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, തെങ്ങിന്‍മണ്ടയിലെ കരിമ്പ്, ഇളനീര്‍ എന്നിവ ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍... ഇത്തരത്തില്‍ നൂറോളം ഉത്പന്നങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്.
സംസ്ഥാന വ്യവസായവകുപ്പാണ് നാളികേര പാര്‍ക്കിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 2008 ഏപ്രില്‍ ഏഴിന് പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതിന്ന് മുന്നോടിയായി സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു. കേരകര്‍ഷകരുടെ ഉള്ളം കുളിര്‍ക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു സെമിനാറില്‍ അലയടിച്ചത്. എണ്ണയുത്പാദക രാജ്യങ്ങളിലെ അതി സമ്പന്നത പാര്‍ക്ക് യാഥാര്‍ഥ്യമാവുന്നതോടെ കേര കര്‍ഷകരെ കാത്തിരിക്കുന്നുവെന്നുവരെ പ്രഖ്യാപനംവന്നു.
ദിനംപ്രതി ഒരു ലക്ഷത്തോളം പച്ചത്തേങ്ങ സംസ്കരിക്കുന്ന യൂണിറ്റായിരുന്നു പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം. ഇത്രയേറെ പച്ചത്തേങ്ങ ലഭിക്കുമോ എന്ന ആശങ്കയും സെമിനാറില്‍ പങ്കുവെക്കുകയുണ്ടായി. ഉത്പാദനം കൂട്ടാനുള്ള നിര്‍ദേശവും ഉയര്‍ന്നു. നാളികേര വികസനബോര്‍ഡും സഹായവാഗ്ദാനം നല്‍കി.
ശിലയിട്ടിട്ട് ഒമ്പതുവര്‍ഷം
സംയോജിത കാര്‍ഷിക ഭക്ഷ്യ സംസ്‌കരണപദ്ധതിയുെട ചുവടു പിടിച്ചാണ് 2010 മേയ് 15-ന് കുറ്റ്യാടിയില്‍ നാളികേര പാര്‍ക്കിന്ന് അടിത്തറയിടുന്നത്. ഇതിന്നായി വികസന സൊസൈറ്റിയും രൂപവത്കരിച്ചു. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഉദ്ഘാടനംചെയ്ത നാളികേര പാര്‍ക്കിന്റെ പ്രഥമ ഓഹരി സ്വീകരിച്ചത് അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമായിരുന്നു.
വേളം മണിമലയില്‍ 125 എക്കര്‍ ഭൂമി വാങ്ങി. പിന്നീട് ഈ ഭൂമിയുമായി ബന്ധപ്പെട്ട് കുറെ തര്‍ക്കങ്ങള്‍. വ്യവസായ മന്ത്രിയായിരിക്കെ എ.സി. മൊയ്തീന്‍ വേളത്ത് ഒരു പൊതു പരിപാടിക്കെത്തിയപ്പോള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി അന്ന് ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പും നല്‍കി.
വ്യവസായമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി
കുറ്റ്യാടി നാളികേര പാര്‍ക്കിന്റെ കാര്യം വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നടക്കുന്ന കാര്‍ഷിക എക്‌സ്പോയില്‍ ഇതേക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി അന്ന് ഉറപ്പു നല്‍കിയിരുന്നു. തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.
- പാറക്കല്‍ അബ്ദുള്ള എം.എല്‍.എ.
Content Highlights: Coconut Industrial Park Kuttiyadi