തെങ്ങ് ആദ്യം എവിടെയാണുണ്ടായത്? തേങ്ങ കേരളത്തിലേക്ക് കൊണ്ടുവന്നത് ആരാണ്? ഇക്കാര്യത്തില്‍ ഇന്നുവരെ ശാസ്ത്രജ്ഞന്‍മാര്‍ ഒത്തുതീര്‍പ്പിലെത്തിയിട്ടില്ലെങ്കിലും തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 

2017 ല്‍ നമ്മള്‍ 19-ാം നാളീകേര ദിനമാണ് ആചരിച്ചത്. 'നാളീകേരം ആരോഗ്യത്തിന്' എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. 1999ല്‍ ഒന്നാം നാളികേര ദിനം ആചരിക്കുമ്പോള്‍ ഒരു തേങ്ങയുടെ വില നാല്‌ രൂപയായിരുന്നു. എന്നാല്‍ ഇന്ന് അത് 25 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയമായി തെങ്ങ് കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ വ്യക്തമാകുന്നത്. കാസര്‍കോട് കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ന്യൂഡല്‍ഹിയിലെ ദേശീയ തോട്ടവിള, ജനിതക സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ജനിതക രഹസ്യം കണ്ടെത്തിയപ്പോള്‍  ശാസ്ത്രീയമായ കൃഷിരീതിയുടെ സാധ്യതകളാണ് ഇവര്‍ വെട്ടിത്തുറന്നത്. 

'തെങ്ങ്,കവുങ്ങ്,കൊക്കൊ എന്നീ വിളകളുടെ ഉദ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്നത്. വിളകളിലെ സ്ഥായിയായ ഉത്പാദന വര്‍ദ്ധനവ് സാദ്ധ്യമാക്കുന്നത് പുതിയ ഇനങ്ങളെ ഉരുത്തിരിച്ചെടുക്കുന്നതിലൂടെയാണ്. കഴിഞ്ഞ 100 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇരുപതോളം പുതിയ ഇനം തെങ്ങുകള്‍ ഈ സ്ഥാപനത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം ഗവേഷണപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ജനിതക സമ്പത്താണ്. ലോകത്തിലെ ഏറ്റവും വലിയ തെങ്ങിന്റെ ജനിതക ശേഖരം സി.പി.സി.ആര്‍.ഐയിലാണ് സംരക്ഷിച്ചു വരുന്നത്. ' ക്രോപ് ഇംപ്രൂവ്‌മെന്റ് വിഭാഗത്തിലെ മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ.​ അനിത കരുണ്‍ പറയുന്നു. 

കര്‍ഷകര്‍ക്കുള്ള നടീല്‍ വസ്തുക്കളില്‍ ഗുണമേന്മയുള്ള ജീനുകള്‍ 

'ജനിതക ശേഖരത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിനായുള്ള ക്രയോപ്രിസര്‍വേഷന്‍ സാങ്കേതിക വിദ്യ ഇവിടെ കണ്ടുപിടിക്കുകയും ന്യൂഡല്‍ഹിയിലെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജെനറ്റിക് റിസോഴ്‌സ് എന്ന സ്ഥാപനവുമായി സഹകരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഉതകുന്ന വിധത്തില്‍ തെങ്ങിന്റെ ജനിതകഘടന കണ്ടെത്തുന്നതിനുള്ള ഗവേഷണ പ്രോജക്ട് (whole genome sequencing) തോട്ടവിള ഗവേഷണ കേന്ദ്രവും ഡല്‍ഹിയിലെ ഐ.സി.എ.ആറിന്റെ കീഴിലുള്ള ബയോടെക്‌നോളജിയുടെ സ്ഥാപനവുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നു.' ഡോ. അനിത വ്യക്തമാക്കുന്നു.

 ഉത്പാദന ക്ഷമത, ഗുണമേന്മ, കീടരോഗപ്രതിരോധ ശേഷി  തുടങ്ങിയ സ്വഭാവ സവിശേഷതകളെ നിയന്ത്രിക്കുന്ന ജീനുകളെ കണ്ടെത്താനും അത്തരം ജീനുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നടീല്‍ വസ്തുക്കളിലുണ്ടെന്ന് ഉറപ്പു വരുത്താനും ഈ ഗവേഷണ പദ്ധതി കൊണ്ട് സാധിക്കും. പുതിയ ഇനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കുവാനും ജനിതക ഘടന ഗവേഷണത്തിന് കഴിയുമെന്ന് ഇവര്‍ പറയുന്നു. 

എന്തുകൊണ്ട് ചാവക്കാടന്‍ കുള്ളന്‍ ?

' ചാവക്കാടന്‍ കുള്ളന്‍' പച്ച ഇനത്തില്‍പ്പെട്ട തെങ്ങിന്റെ ജനിതക ഘടനയാണ് ഈ ഗവേഷണത്തിലൂടെ വെളിപ്പെടുത്തിയത്. ഈ ഇനം തെങ്ങ് താരതമ്യേന ഹോമോസൈഗസ് (Homozygous)ആയതിനാലാണ് ഗവേഷണത്തിന് ഇത് തിരഞ്ഞെടുത്തത്. ഏകദേശം 2.5 GB എന്ന തോതിലാണ് ഇതിന്റെ ജനിതക ഘടനയുടെ വ്യാപ്തി.  ഇതിനോടകം 1.85 GB യുടെ genom sequencing പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.' ഡോ.അനിത വിശദമാക്കുന്നത് ചാവക്കാടന്‍ കുള്ളന്‍ തന്നെ ഈ ഗവേഷണത്തിനായി തിരഞ്ഞെടുത്തതിന്റെ കാരണമാണ്.

35000 മുതല്‍ 40,000 വരെ ജീനുകളാണ് ജനിതക ഘടനയില്‍ ഉള്‍പ്പെടുന്നതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ഭാവി ഗവേഷണം എങ്ങനെ?

തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഭാവി ഗവേഷണത്തില്‍ ചാവക്കാടന്‍ പച്ചക്കുള്ളന്റെ Genom sequencing പൂര്‍ണമായും നടത്തുക, തെങ്ങിന്റെ മറ്റുള്ള പ്രധാന ഇനങ്ങളില്‍ക്കൂടി Genome sequencing പൂര്‍ത്തിയാക്കുക, മെച്ചപ്പെട്ട ഇനങ്ങള്‍  വികസിപ്പിച്ചെടുക്കുന്നതിന് ഗുണപ്രദമായ രീതിയില്‍ ജീനുകളെക്കുറിച്ചുള്ള വിജ്ഞാനം ഉപയോഗപ്പെടുത്തുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

ഉത്പാദന ക്ഷമത ഏറ്റവും വലിയ പ്രശ്‌നം : ഡോ. സി.തമ്പാന്‍

'കേരളത്തില്‍ തെങ്ങ് കൃഷിയുടെ ഉത്പാദന ക്ഷമത വളരെ കുറവാണ്. തമിഴ്‌നാട്ടില്‍ ഒരു ഹെക്ടറില്‍ 13,000 ലധികം നാളികേരം കിട്ടുമ്പോള്‍ നമുക്ക് കിട്ടുന്നത് 9000 ല്‍ താഴെ മാത്രമാണ്. ഉത്പാദന ക്ഷമത വലിയ പ്രശ്‌നം തന്നെയാണ്. ഉത്പാദനക്ഷമത കൂടിയതും മറ്റ് സ്വഭാവ സവിശേഷതകളുമുള്ള ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കുക എന്നുള്ളതാണ് ഇവിടെ ചെയ്യേണ്ടത്. തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് തെങ്ങിന്റെ മെച്ചപ്പെട്ട ഇനങ്ങള്‍ വികസിപ്പിച്ചെടുത്തുന്നുവെന്നതാണ്. ഇവിടെ തെങ്ങിന്റെ 455 ഓളം വിവിധ ഇനങ്ങളുടെ ജീന്‍ ബാങ്ക് പരിപാലിക്കുന്നുണ്ട്.' തോട്ടവിള ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ.സി.തമ്പാന്‍ പറയുന്നു.

അഞ്ച് കുറിയ ഇനങ്ങള്‍, ആറ് സങ്കരയിനങ്ങള്‍ , ഒമ്പത് നെടിയ ഇനങ്ങള്‍

'കുറിയ ഇനങ്ങള്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും. ഉയരം കൂടിയ ഇനങ്ങള്‍ അഞ്ച് മുതല്‍ എട്ടു വര്‍ഷങ്ങള്‍ വരെയെടുക്കും കായ്ച്ചുതുടങ്ങാന്‍. കുറിയ ഇനം തെങ്ങുകളുടെ നാളീകേരം ഇളനീരിന് അനുയോജ്യമാണ്. പല നെടിയ ഇനങ്ങളുടെയും നാളികേരം ഇളനീരിന് ഉപയോഗപ്പെടുത്താം. നെടിയ ഇനങ്ങളാണെങ്കില്‍ ചുരുങ്ങിയത് 60 വര്‍ഷമെങ്കിലും കായ്ഫലം തരും. സങ്കരയിനം തെങ്ങ് വികസിപ്പിച്ചെടുത്തതാണ് കേര ഗവേഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം.' 

എന്താണ് സങ്കരയിനം തെങ്ങ്?

'ജനിതകപരമായി വ്യത്യാസമുള്ള രണ്ട് തെങ്ങിനങ്ങള്‍ കൃത്രിമ പരാഗണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതാണ് സങ്കരയിനം തെങ്ങുകള്‍. സങ്കരയിനങ്ങളില്‍ ആറെണ്ണമാണ് ഇവര്‍ പുറത്തിറക്കിയിട്ടുള്ളത്. കേരസങ്കര, ചന്ദ്രസങ്കര, കല്‍പ്പശ്രേഷ്ഠ, കല്‍പ്പശതാബ്ദി എന്നിവയാണ് അവ. ഈ തെങ്ങുകള്‍ മാതൃപിതൃ വൃക്ഷങ്ങളുടെ സ്വഭാവങ്ങള്‍ ഒരുമിച്ച് കാണിക്കും. 40 ല്‍ അധികം തെങ്ങുകളില്‍ ഇളനീരിന് ഏറ്റവും നല്ലത് ഏതെന്ന് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. ഏറ്റവും മെച്ചപ്പെട്ട ഇനമായി കണ്ടത് ചാവക്കാട് കുള്ളന്‍ ഓറഞ്ച് ആണ്.' ഡോ.തമ്പാന്‍ തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത തെങ്ങിനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.

കല്‍പ്പശ്രീ, കല്‍പ്പരക്ഷ, കല്‍പ്പജ്യോതി തുടങ്ങിയ കുറിയ ഇനങ്ങളും സി.പി.സി.ആര്‍.ഐ പുറത്തിറക്കിയിട്ടുണ്ട്. ഒമ്പത് നെടിയ ഇനങ്ങളുണ്ട്. കേര ചന്ദ്ര, കല്‍പ്പധേനു, കല്‍പ്പമിത്ര എന്നിവ നെടിയ ഇനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. 

യഥാര്‍ഥത്തില്‍ തെങ്ങിന് അസുഖം വന്ന് പുറത്തെത്താന്‍ ഏകദേശം 15 വര്‍ഷങ്ങള്‍ എടുക്കും. അത്രയും വര്‍ഷങ്ങള്‍ നട്ടുനനച്ചു വളര്‍ത്തിയ തെങ്ങ് കായ്ഫലം തരാന്‍ കഴിയാതെ കര്‍ഷകരെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥ എത്ര പരിതാപകരമാണ്. 

നിങ്ങള്‍ക്ക് ഡയബറ്റിസിന്റെ ജീന്‍ ഉണ്ടെങ്കില്‍ നിങ്ങളില്‍ അത് പ്രകടമാകണമെങ്കില്‍ ഏകദേശം 25 വര്‍ഷങ്ങള്‍ വേണ്ടിവരും. അതുപോലെ തന്നെയാണ് തെങ്ങിലെ അസുഖങ്ങളുടെയും കാര്യം. പക്ഷേ ഇപ്പോള്‍ കണ്ടെത്തിയ ജനിതക രഹസ്യം വെളിപ്പെടുത്തുന്നത് വളരെ ചെറുപ്പത്തില്‍ത്തന്നെ ഇത്തരം ജീനുകള്‍ കണ്ടെത്തി അത്യുത്പാദനശേഷിയുള്ളവ മാത്രം നട്ടുവളര്‍ത്തുക എന്നതാണ്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളുടെ ഫലം കര്‍ഷകരിലെത്താന്‍  ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.