വിത്തുഗുണം പത്ത് ഗുണമാണ്. അതിനാല്‍ കര്‍ഷകന് നല്ല വിത്തിനങ്ങള്‍ നല്‍കി സഹായിക്കുകയാണ് മാതൃഭൂമി കാര്‍ഷികമേള. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിലാരംഭിച്ച കാര്‍ഷികമേള വരുന്ന ആറുദിനങ്ങള്‍ കൂടിയുണ്ടാകും.

വിവിധ ഇനങ്ങളിലുള്ള തെങ്ങിന്‍ തൈകള്‍, 30 ലധികം ഇനത്തിലുള്ള പ്ലാവിന്‍ തൈകള്‍, മാവിന്‍ തൈകള്‍ തുടങ്ങി നാനാവിധത്തിലുള്ള ഫല വൃക്ഷങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് മാതൃഭൂമി കാര്‍ഷികമേള. രണ്ടുവര്‍ഷം കൊണ്ട് കായ്ക്കുന്ന ഗംഗം ബോണ്ടം തെങ്ങിനമാണ് തൈകളുടെ പവലിയനിലെ പ്രധാന ആകര്‍ഷണം. അത്യുല്‍പ്പാദന ശേഷിയുള്ള ഈ തെങ്ങിന്‍ തൈക്കാണ് ആവശ്യക്കാരേറെ.

രണ്ടരവര്‍ഷം കായ്ക്കുന്ന മലേഷ്യന്‍ കുള്ളന്‍ എന്നറിയപ്പെടുന്ന തെങ്ങിന്‍ തൈയ്ക്ക് മൂന്നര അടി വരയെ പൊക്കം വെക്കൂ. ഒരുകുലയില്‍ അറുപതില്‍ അധികം തേങ്ങ കായ്ക്കുന്ന കേരഗംഗയും ഇവിടുണ്ട്. മാത്രമല്ല, ഗ്രാമഗംഗ, ഗോദാവരി, ചാവക്കാടന്‍ കുള്ളന്‍ ഇങ്ങനെ നീളുന്നു തെങ്ങിന്‍ തൈകളിലെ വൈവിധ്യങ്ങള്‍.

തേന്‍വരിക്ക മുതല്‍ പ്രശാന്തിവരെ

ആറുമാസം കൊണ്ട് കായ്ഫലം ലഭിക്കുന്ന ആയുര്‍ ജാക്ക് പ്ലാവ്, തേന്‍വരിക്ക, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, മലേഷ്യന്‍ ജെ 33, പ്രശാന്തി തുടങ്ങി വിവിധ ഫല വൃക്ഷങ്ങളും കാര്‍ഷിക മേളയിലുണ്ട്. 30 മാസം കൊണ്ട് കായ്ക്കുന്ന പ്ലാവില്‍ 25 ചക്കകള്‍ വരെ ഉണ്ടാകും. മരത്തിന്റെ തായ്ത്തടിയിലാണ് ഇവ ഉണ്ടാകുക.

മാവുകളിലും നിറയെ വൈവിധ്യങ്ങളുണ്ട്. തായ് ലന്‍ഡ് മാവും ആഫ്രിക്കന്‍ മാവും എന്നും കായ്ക്കുന്ന നാടന്‍ മാവുവരെ മേളയിലുണ്ട്. കൂടാതെ രണ്ട് വര്‍ഷം കൊണ്ട് കായയ്ക്കുന്ന ലോഗന്‍, ബെല്‍റ്റപ്പിന്‍, മൂവാണ്ടന്‍, മല്ലിക, മല്‍ഗോവ, സ്വീറ്റമ്പഴം, എന്നിവയും മേളയിലുണ്ട്. 

ഗാബ്, കശുമാവ്, അമ്പഴം, പിസ്ത, ആപ്പിള്‍, ചെറുനാരങ്ങ, കുറ്റി കറിവേപ്പ്, മുരിങ്ങ, സ്‌ട്രോബ്രറി പേര, ഗോള്‍ഡന്‍ ജാതി തുടങ്ങി വീടിനലങ്കരമായ എല്ലാം പൂച്ചെടികളും ചെറുവൃക്ഷങ്ങളും മേളയില്‍നിന്നും കുറഞ്ഞചെലവില്‍ സ്വന്തമാക്കാം. മണ്ണുത്തിയിലെ ജനത ഗാര്‍ഡന്‍സിന്റെ പവലിയനിലാണ് ഇത്തരത്തിലുള്ള വൈവിധ്യ കാഴ്ചകള്‍.