coconut farmers
മീനാക്ഷിപുരത്ത് കര്‍ഷകന്‍ ശെന്തിലിന്റെ തോപ്പില്‍ വില്‍ക്കാന്‍ കഴിയാതെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കേരകര്‍ഷകര്‍, വ്യാപാരികള്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍ എന്നിവര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. കോവിഡ് പടര്‍ന്നതിനെത്തുടര്‍ന്ന് അതിര്‍ത്തിപ്രദേശങ്ങളില്‍ നിയന്ത്രണം വന്നതോടെ തേങ്ങ കൊണ്ടുപോകാന്‍ കഴിയാതെ തോപ്പില്‍ കിടക്കുകയാണ്. മൂത്തതേങ്ങ ഇടാന്‍ ആളില്ലാത്തതിനാല്‍ തനിയെ വീഴുകയും ചെയ്യുന്നുണ്ട്.

ചിറ്റൂര്‍ മേഖലയില്‍ എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളില്‍ ഏക്കര്‍ കണക്കിന് തോപ്പുണ്ട്. തമിഴ്‌നാട്ടിലെ തേങ്ങ കച്ചവടക്കാര്‍ തൊഴിലാളികളുമായി വന്നാണ് തേങ്ങ ഇട്ടുകൊണ്ടുപോകുന്നത്. എന്നാല്‍, ലോക്ഡൗണ്‍ വന്നതോടെ അവിടെനിന്ന് കച്ചവടക്കാര്‍ വരാതായി. തന്നെയുമല്ല തേങ്ങ വാങ്ങുന്ന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.

തമിഴ്‌നാട്ടിലെ പ്രധാന തേങ്ങ വ്യാപാരകേന്ദ്രമാണ് കാങ്കയം, ഉദുമല്‍പേട്ട, ധാരാപുരം, സേലം എന്നിവ. ഇവിടേയ്ക്ക് മാത്രമല്ല ഇടുക്കി, എറണാകുളം, കാഞ്ഞിരപ്പിള്ളി, തൃശ്ശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്കും തേങ്ങ പോയിരുന്നു. കരിക്ക്, തേങ്ങ, ചകിരി എന്നിവവയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകര്‍ക്ക് ആശ്രയം. അതും നിലച്ചതായി കേരകര്‍ഷകന്‍ സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആയിരക്കണക്കിന് ഇട്ട തേങ്ങയും

വീഴുന്നതേങ്ങയും വില്പന നടത്തിയില്ലെങ്കില്‍ മുളച്ച് നശിക്കും. തോപ്പുകളില്‍ തന്നെയല്ല, ചിറ്റൂര്‍ മേഖലയിലെ പാടവരമ്പുകളിലും തെങ്ങുകള്‍ ധാരളമുണ്ട്. അതില്‍നിന്നും തേങ്ങ വീണുകൊണ്ടിരിക്കുന്നുണ്ട്. തേങ്ങ വില്ക്കുന്നതിന് സൗകര്യപ്പെടുത്തിയില്ലെങ്കില്‍ ചിറ്റൂര്‍ മേഖലയില്‍ ആയിരക്കണക്കിന് തേങ്ങ മുളച്ച് നശിക്കും. ഇത് കേരകര്‍ഷകരെ വല്ലാതെ ബാധിക്കുമെന്നും കര്‍ഷകന്‍ രാജന്‍ പറഞ്ഞു.

പ്രതിസന്ധി വരുന്നതിനുമുമ്പ് ഏകദേശം 35,000-ത്തോളം തേങ്ങ വാങ്ങിയിട്ടുണ്ട്. ഇവ വില്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചെറുകിട വ്യാപാരികള്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. 19 രൂപവരെ വിലവന്നിരുന്ന തേങ്ങ എടുക്കാന്‍ ആളില്ലെന്ന് ചെറുകിട വ്യാപാരി രഘു പറഞ്ഞു.

Content Highlights: Coconut farmers in trouble due to corona outbreak