തെങ്ങിന്‍തോപ്പില്‍ നിന്ന് ഇളനീര്‍ നശിപ്പിക്കുന്ന വവ്വാലുകളെ നേരിടാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

നാളീകേരക്കുലകള്‍ മുള്ളുകളുള്ള ചെടിയുടെ ചില്ലകള്‍ കൊണ്ട് മൂടിക്കെട്ടിയാല്‍ വവ്വാലുകളുടെ ആക്രമണം ഒരു പരിധി വരെ തടയാം. നൈലോണ്‍, പോളിസ്റ്റര്‍ മെഷ് എന്നിവ കൊണ്ട് നിര്‍മിച്ച മിസ്റ്റ് നെറ്റ് ഉപയോഗിക്കുകയാണ് മറ്റൊരു മാര്‍ഗം.  രണ്ട് ദണ്ഡുകള്‍ക്കിടയില്‍ സ്ഥാപിച്ച നൈലോണ്‍ വലയാണിത്. കാഴ്ചയ്ക്ക് ഒരു വോളിബോള്‍ നെറ്റ് പോലെയിരിക്കും. വേണ്ട വിധം കെട്ടിയാല്‍ വല കാണാനേ കഴിയില്ല. ഇത് വവ്വാലിന്റെ സഞ്ചാര പഥങ്ങളില്‍ മരങ്ങള്‍ക്കിടയിലായി 5-15 മീറ്ററോളം ഉയരത്തില്‍ കെട്ടും. ഉയര്‍ത്താനോ താഴ്ത്താനോ കഴിയുന്ന വിധമാണ് ഇത് സ്ഥാപിക്കുന്നത്.

രാത്രി സഞ്ചാരത്തിനിടയ്ക്ക് വലയില്‍ തട്ടുന്ന വവ്വാല്‍ നേരെ ഒരു പന്ത് പോലെ സഞ്ചിയിലേക്ക് വീഴും. ഇവയെ പിന്നീട് ബോധം കെടുത്തി കൊല്ലുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. മീന്‍ പിടിക്കുന്ന പഴയ വലകളും ഇത്തരത്തില്‍ മരച്ചില്ലകള്‍ക്കിടയില്‍ കെട്ടി വവ്വാലുകളെ കുടുക്കാം. നിരവധി മുള്ളുകളുള്ള വലക്കമ്പികള്‍ പറമ്പുകളില്‍ കെട്ടിയും വവ്വാലുകളെ അകറ്റാറുണ്ട്.

പഴയ തകരപ്പാട്ടകള്‍ക്കിരുപുറവും കല്ലുകെട്ടി തകിടടിച്ച് ശബ്ദമുണ്ടാക്കി വവ്വാലുകളെ പേടിപ്പിക്കാം. നോക്കു കുത്തികള്‍ തോട്ടത്തില്‍ നാട്ടിയും തോട്ടത്തില്‍ വലിയ എണ്ണ വിളക്കുകളും പന്തങ്ങളും കത്തിച്ചും നിര്‍ദോഷമായി വവ്വാലുകളെ വിരട്ടിയകറ്റാം.

സസ്യഭുക്കാണെങ്കിലും വവ്വാല്‍ ഇത്തരം ചില വികൃതികള്‍ തെങ്ങിന്‍തോട്ടങ്ങളില്‍ വരുത്തിവെക്കാറുണ്ട്. കേര കര്‍ഷകന്റെ മടിശ്ശീലയ്ക്ക് ഭീഷണിയാകുമ്പോള്‍ നിയന്ത്രണ വിധികള്‍ തേടാതെ മറ്റു മാര്‍ഗമില്ലല്ലോ.

(കടപ്പാട്‌ : ഇന്ത്യന്‍ നാളീകേര ജേണല്‍ )