കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി നാളികേരത്തിന് വില ഉയരുന്നു. ഉല്‍പ്പാദനക്കുറവാണ് വില ഉയരാന്‍ കാരണം.

തീരദേശജില്ലകളിലടക്കം നാളികേരത്തിന്റെ ഉല്‍പ്പാദനത്തില്‍ കുറവ് വന്നതായി വ്യാപാരികള്‍ പറയുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള നാളികേരത്തിന്റെ വരവും കുറഞ്ഞു. തമിഴ്നാട്ടിലുണ്ടായ ഉല്‍പ്പാദനക്കുറവും നാളികേരത്തിന്റെ ദൗര്‍ലഭ്യത്തിനും വിലവര്‍ധനയ്ക്കും കാരണമായി.

കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ തറവില നിശ്ചയിച്ചും പച്ചത്തേങ്ങ സംഭരിച്ചും വിലസ്ഥിരതയ്ക്കുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഉല്‍പ്പാദനക്കുറവ് തിരിച്ചടിയാകുന്നത്. കച്ചവടകേന്ദ്രങ്ങളില്‍ ഏറെയും തൂക്കിയാണ് നാളികേരം വില്‍ക്കുന്നത്. 54 മുതല്‍ 60 രൂപ വരെയാണ് ഒരു കിലോ പൊതിച്ച പച്ചത്തേങ്ങയുടെ വില.

നാളികേരത്തിന്റെ വിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് വെളിച്ചെണ്ണ വില കിലോയ്ക്ക് 190 രൂപയ്ക്ക് മുകളിലെത്തി. ഇത് വ്യാജ വെളിച്ചെണ്ണയുടെ വരവിനും വഴിതുറന്നു.

വരള്‍ച്ചയും മഴയുടെ കുറവും തമിഴ്നാട്ടിലും ഉല്‍പ്പാദനക്കുറവിന് കാരണമായി. തമിഴ്നാട്ടിലെ പൊള്ളാച്ചി, കങ്കയം എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി നാളികേരം എത്തുന്നത്.

വിപണിയില്‍ കിട്ടുന്നവയില്‍ ശരിയായി വിളയാത്ത തേങ്ങയും ഉണ്ട്. കണ്ടാല്‍ ഉണക്കത്തേങ്ങയെന്ന് തോന്നും. മുറിച്ചുനോക്കിയാല്‍ കരിക്കായിരിക്കും.