കൊച്ചി: കേരഗ്രാമം പദ്ധതിക്കുള്ള പഞ്ചായത്തുകളുടെ പട്ടികയായി. 79 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 11 ജില്ലകളില്‍നിന്ന് 77 ഗ്രാമങ്ങള്‍ കൃഷിവകുപ്പ് തിരഞ്ഞെടുത്തു. രണ്ട് പഞ്ചായത്തുകളെക്കൂടി വരും ദിവസങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. സംയോജിത വിളപരിപാലനത്തിലൂടെ നാളികേര ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും അതുവഴി കേരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ഗ്രാമങ്ങള്‍ (15). കോട്ടയത്താണ് കുറവ് (2). പദ്ധതിയിലൂടെ 11,000 ഹെക്ടറിലെ തെങ്ങുകൃഷിക്ക് പ്രയോജനം ലഭിക്കും. കേരഗ്രാമത്തിനായി 39.80 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 250 ഹെക്ടര്‍വീതം വിസ്തൃതിയുള്ള കേരഗ്രാമങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.

തടം തുറക്കല്‍, വളമിടീല്‍, ഇടവിളക്കൃഷി, ഉത്പാദനക്ഷമത കുറഞ്ഞ തൈകള്‍ മാറ്റി പുതിയ തൈനടല്‍ എന്നിവയ്ക്കായി ഹെക്ടറൊന്നിന് 16,000 രൂപയാണ് ലഭിക്കുക. ഒരു കേരഗ്രാമത്തിന് ഇത്തരത്തില്‍ 40 ലക്ഷം രൂപ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍നിന്ന് ചെലവഴിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 22.5 ലക്ഷം രൂപ അധികമായും നല്‍കും. 

തെങ്ങുകയറ്റ യന്ത്രങ്ങള്‍ സബ്സിഡിനിരക്കില്‍ 2000 രൂപയ്ക്ക് കര്‍ഷകര്‍ക്കുനല്‍കും. ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിന് അഞ്ചു ലക്ഷം, കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് 0.8 ലക്ഷം എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. 

Content highlights: Coconut, Agriculture, Organic farming