കുറ്റ്യാടി: സംസ്ഥാനത്തെ വിത്ത് നാളികേര കര്‍ഷകര്‍ക്കാശ്വാസമായി കൃഷി വകുപ്പ് സംഭരിക്കുന്ന വിത്തു നാളീകേരത്തിന്ന് 70 രൂപ വില നിശ്ചയിച്ച് മന്ത്രി സഭ തീരുമാനം കൈക്കൊണ്ടതായി ഇ.കെ. വിജയന്‍ എം.എല്‍.എ. അറിയിച്ചു. നടപ്പു വര്‍ഷത്തെ സംഭരണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കു ശേഷമാണ് വിത്തു തേങ്ങയക്ക് കര്‍ഷകര്‍ അവശ്യപ്പെട്ട വില ലഭിക്കുന്നത്. 40 രുപ തോതിലാണ് നടപ്പു വര്‍ഷം കര്‍ഷകര്‍്ക്ക് ലഭിച്ചത്. ഈ ഇനത്തിലുള്ള 30 രൂപ കുടിശിക ബന്ധപ്പെട്ട വിത്തു നാളീകേര നല്‍കിയ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും.

കഴിഞ്ഞ വര്‍ഷം ഡിസമ്പര്‍ 22ന്നാണ് വിത്തു തേങ്ങാ വില നിര്‍ണയയോഗം എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ തൊട്ടില്‍പ്പാലത്ത് നടന്നത്. നാളീകേരത്തിന്ന് റിക്കാര്‍ഡ് വിലയായിരുന്നു ഈ സമയത്ത്. അതനുസരിച്ച് സംഭരണ വില 70 രൂപ ലഭിക്കണമെന്നായിരുന്ന കര്‍ഷകരുടെ കൂട്ടായ ആവശ്യം. സംസ്ഥാനത്ത് കാലമേറെയായി ഏറ്റവും കൂടുതല്‍ വിത്തു തേങ്ങ സംഭരണം നടക്കുന്നത് ജില്ലയിലെ കുറ്റ്യാടി മേഖലയിലെ കാവിലുമ്പാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കായക്കൊടി പഞ്ചായത്തുകളില്‍ നിന്നുമാണ്.

അര നൂറ്റാണ്ടു മുമ്പ് തൊട്ടില്‍പ്പാലത്ത് കൃഷി വകുപ്പ് സംഭരണ കേന്ദ്രവും തുടങ്ങി. ലക്ഷക്കണക്കിന്ന് വിത്തു നാളികേരമാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ കേന്ദ്രം വഴി കൃഷി വകുപ്പ് സംഭരിച്ചത്. ഇത്തരത്തില്‍ സംഭരിക്കുന്ന നാളീകേരം കൃഷി വകുപ്പിന്റെ വിവിധ ഫാമുകളിലെത്തിച്ച് മുളപ്പിച്ച് തൈകളാക്കി കൃഷി വകുപ്പ നേരിട്ട് വിപണനം ചെയ്യുന്ന രീതിയാണ് തുടരുന്നത്. നടപ്പു വര്‍ഷം മുന്നര ലക്ഷം വിത്തു തേങ്ങയാണ് തൊട്ടില്‍പ്പാലം കേന്ദ്രം വഴി സംഭരിച്ചത്. ജില്ലയിലെ മറ്റൊരു സംഭരണ കേന്ദ്രമായ ഉള്ള്യേരിയില്‍ നിന്ന് അര ലക്ഷവും ഉള്‍പ്പെടെ മൊത്തം നാല് ലക്ഷമാണ് ജില്ലയില്‍ നിന്നുള്ള നടപ്പു വര്‍ഷത്തെ സംഭരണം.

Content highlights: Agriculture, Organic farming, Coconut