തെങ്ങോലപ്പുഴുവിന്റെയും കൊമ്പന്‍ചെല്ലിയുടെയും ചെമ്പന്‍ചെല്ലിയുടെയും ആക്രമണം, മണ്ഡരി, ചെന്നീരൊലിപ്പ് ,ഓല ചീയല്‍ എന്നിവയെല്ലാം തെങ്ങിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളാണ്. കൊമ്പന്‍ ചെല്ലിയെയും ചെമ്പന്‍ ചെല്ലിയെയും നശിപ്പിക്കാനുള്ള ചില വിദ്യകള്‍ ഇതാ.

1. കൊമ്പന്‍ ചെല്ലിയെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കാം

2. തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓലക്കവിളുകളില്‍ പാറ്റഗുളിക 10 ഗ്രാം (4 എണ്ണം) വെച്ച് മണല്‍ കൊണ്ട് മൂടിയാല്‍ കൊമ്പന്‍ചെല്ലിയെ നശിപ്പിക്കാം

3.  വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം)  തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് ഇടുന്നത് കൊമ്പന്‍ചെല്ലിയെ നശിപ്പിക്കാന്‍ ഫലപ്രദമാണ്

4. 0.01 ശതമാനം വീര്യമുള്ള കാര്‍ബറില്‍ (50 ശതമാനം വെള്ളത്തില്‍ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മി.ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി വണ്ടുകളുടെ പ്രജനനം നടക്കുന്ന ചാണകക്കുഴികളില്‍ തളിക്കുന്നതും കൊമ്പന്‍ചെല്ലിയെ നശിപ്പിക്കാന്‍ ഫലപ്രദമാണ്

5. പെരുവലം എന്ന ചെടി പറിച്ച് ചാണകക്കുഴികളില്‍ ചേര്‍ക്കുന്നത് കൊമ്പന്‍ചെല്ലിക്കെതിരെ ഫലപ്രദമാണ്

6. ബാക്കുലോവൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പന്‍ചെല്ലിയുടെ ജൈവികനിയന്ത്രണത്തിന് ഉപയോഗിക്കാം. ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ ഒരു ഹെക്ടറില്‍ 10-15 എണ്ണം എന്ന കണക്കില്‍ സന്ധ്യാസമയത്ത് തുറന്നു വിടുക

7.ചെമ്പന്‍ ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാര്‍ബറില്‍ (20 ഗ്രാം കാര്‍ബറില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്) തെങ്ങിന്‍ തടിയില്‍ കീടം ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടച്ചതിനുശേഷം അല്പം മുകളിലായി താഴേക്ക് ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതില്‍ ചോര്‍പ്പ് വെച്ച് ഒഴിച്ച് കൊടുത്തശേഷം ആ ദ്വാരം അടയ്ക്കുക.

8. ചെമ്പന്‍ചെല്ലിക്കെതിരെ ഒരു പ്രദേശത്തൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് ഒരുമിച്ച് ഫിറമോണ്‍ കെണി ഉപയോഗിക്കാവുന്നതാണ്. 

(കടപ്പാട് : ഇന്ത്യന്‍ നാളീകേര ജേര്‍ണല്‍)