തെങ്ങു കയറാന്‍ ആളെ കിട്ടാനുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പോള്‍ എങ്ങനെയെങ്കിലും കുറച്ച് കുള്ളന്‍ തെങ്ങുകള്‍ വാങ്ങി നടാം എന്നതാണ് നമ്മുടെ ചിന്ത. ശാസ്ത്രീയമായി പറഞ്ഞാല്‍ ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (COD) അഥവാ ഗൗരീഗാത്രം, ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് (CGD) അഥവാ പതിനെട്ടാം പട്ട എന്നിവയാണ് കേരളത്തിന്റെ തനതു കുള്ളന്‍ തെങ്ങുകള്‍. കേരളത്തിന് ഏറ്റവും പറ്റിയ കുള്ളന്‍ തെങ്ങുകളും ഇവ തന്നെയാണ്. ഇവയെ കൂടാതെ ഗംഗാ ബോണ്ടം, മലേഷ്യന്‍ ഇനങ്ങളായ മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് (MGD), മലയന്‍ ഓറഞ്ച് ഡ്വാര്‍ഫ് (MOD), മലയന്‍ യെല്ലോ ഡ്വാര്‍ഫ് (MYD), എന്നിവയും കുറിയ ഇനങ്ങളായി കണക്കാക്കപ്പെടുന്നു. 

 കുള്ളന്‍ തെങ്ങുകളെക്കുറിച്ച് കര്‍ഷകര്‍ക്ക് ശരിയായ അവബോധമുണ്ടോ? വിളവെടുക്കാനുള്ള എളുപ്പം,മധുരമുള്ള ഇളനീര്, കാണാനുള്ള ഭംഗി, സങ്കരയിനം തെങ്ങുകളുടെ ഉത്പാദനത്തിന് ഉപയോഗിക്കാം എന്നിവയാണ് കുള്ളന്‍ തെങ്ങുകളുടെ പ്രയോജനം. കുറിയ തെങ്ങുകള്‍ക്ക് അനേകം ദോഷവശങ്ങളുണ്ട്. ഒരു നാണ്യവിള എന്ന രീതിയില്‍ നോക്കുമ്പോള്‍ കുറിയ തെങ്ങുകള്‍ ഇളനീരിനും അലങ്കാരത്തിനും ബ്രീഡിങ്ങ് ആവശ്യങ്ങള്‍ക്കും മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം. 

രോഗകീടങ്ങളുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകുന്നത് കുള്ളന്‍ തെങ്ങുകളാണ്. മധുരമുള്ള മണ്ട ഭാഗം കീടങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. ഉയരക്കുറവായതിനാല്‍ പറന്നെത്താനും എളുപ്പം. അതിനാല്‍ തന്നെ കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവയുടെ ആക്രമണം ഇവയില്‍ അതിരൂക്ഷമാണ്. ഇതുമൂലം തെങ്ങുകള്‍ നട്ടുവളര്‍ത്തി കുലപ്പിക്കുന്നത് അതീവ ദുഷ്‌കരമാണ്.

കുളളന്‍ തെങ്ങിലെ നാളികേരം പൊതുവേ ചെറുതും ഗുണമേന്മ കുറഞ്ഞതുമാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രമാണ് ഇവ കായ്ഫലം തരുന്നത്. നല്ല നാടന്‍ തെങ്ങുകള്‍ 60 വര്‍ഷത്തിന് മുകളില്‍ എല്ലാ വര്‍ഷവും സ്ഥിരമായി വിളവു തരുമ്പോള്‍ കുള്ളന്‍ തെങ്ങുകള്‍ 20-25 വര്‍ഷം മാത്രമാണ് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ വിളവു തരുന്നത്. 

നീര, കള്ള് എന്നിവയുടെ ഉല്‍പ്പാദനത്തിനും കുള്ളന്‍ തെങ്ങുകള്‍ ആദായകരമല്ല. ആരോഗ്യമുള്ള നാടന്‍ തെങ്ങുകളാണ് നീരക്കും കള്ളിനും ഏറ്റവും പറ്റിയ ഇനം. വീടിന് അലങ്കാരമായും മധുരമുള്ള കരിക്കിനും വേണ്ടി മാത്രം ഒന്നോ രണ്ടോ കുള്ളന്‍ തെങ്ങുകള്‍ വീട്ടില്‍ നട്ടുവളര്‍ത്തുക. കേര കര്‍ഷകന് ഇന്ന് ആവശ്യം സ്ഥായിയായ വരുമാനം ലഭിക്കുന്ന തനതു നാടന്‍ ഇനങ്ങളാണ്. ഓരോ പ്രദേശത്തിനനും യോജിച്ച രോഗ പ്രതിരോധശേഷിയുള്ള തനിനാടന്‍ ഇനങ്ങളില്‍നിന്നും മാതൃവൃക്ഷം തിരഞ്ഞെടുത്ത് അതില്‍നിന്നും ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിച്ച് പാകി, നല്ല തൈകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക. 

സംയോജിത വളപ്രയോഗം, സംയോജിത കീട നിയന്ത്രണം എന്നിവ അവലംബിച്ച് പരമാവധി ഉല്‍പ്പാദനം കൈവരിക്കാനാണ് കേര കര്‍ഷകന്‍ പരമാവധി ശ്രമിക്കേണ്ടത്.

Content highlights: Farmer,Agriculture, Chavakkad orange dwarf, Chavakkad green dwarf