വടകര: നീരയ്ക്ക് വിലയിടിഞ്ഞതോടെ വെളിച്ചെണ്ണയടക്കമുള്ള വൈവിധ്യവത്കരണത്തിലേക്ക് തിരിയുകയാണ് കമ്പനികള്‍. സംസ്ഥാനത്തെ നാളികേര കര്‍ഷക ഉത്പാദക കമ്പനികളുടെ (കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി) നീര ഉത്പാദനത്തിലാണ് വന്‍ഇടിവുണ്ടായത്.വിപണി അനുകൂലമാകാതെ വന്നതാണ് നീരയ്ക്ക് തിരിച്ചടിയായത്. കനത്തമഴയും പ്രതിസന്ധിതീര്‍ത്തു. 2015-16 വര്‍ഷത്തില്‍ ദിവസം പതിനായിരം ലിറ്റര്‍ നീരവരെ സംസ്ഥാനത്ത് ഉത്പാദിപ്പിച്ചിരുന്നു. ഇത് ആയിരം ലിറ്ററോളമായി കുറഞ്ഞു. കേരളത്തിലുള്ള 29 കമ്പനികളില്‍ പത്തില്‍ താഴെ കമ്പനികള്‍ മാത്രമാണ് പേരിനെങ്കിലും നീര ഉത്പാദിപ്പിക്കുന്നത്. മഴ മാറിയാല്‍ ഉത്പാദനം കുറച്ചുകൂടി വര്‍ധിക്കും. എന്നാല്‍, നേരത്തേ പ്രതീക്ഷിച്ചതുപോലുള്ള നേട്ടം നീരയില്‍നിന്ന് ഇനി ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍.

വെളിച്ചെണ്ണയില്‍ ഭാഗ്യംതേടി

കേരളത്തില്‍ ഒരുമാസം രണ്ടുകോടി ലിറ്റര്‍ വെളിച്ചെണ്ണ ആവശ്യമുണ്ട്. ഇതിന്റെ 38 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതെന്നാണ് ഏകദേശകണക്ക്. ബാക്കി ഭൂരിഭാഗം ബ്രാന്‍ഡുകളും തമിഴ്നാട്ടില്‍നിന്നും മറ്റും വരുന്ന മായംകലര്‍ന്ന വെളിച്ചെണ്ണയാണ്. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരുണ്ടെന്നതിനാല്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് കമ്പനികളുടെ ലക്ഷ്യം.

വടകര കോക്കനട്ട് കമ്പനി പുറത്തിറക്കുന്ന ഡികൊക്കോസ് എന്ന പേരിലുള്ള വെളിച്ചെണ്ണയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം കരാര്‍ കിട്ടി. തിരുവനന്തപുരം ജില്ലയിലെ അനന്തപുരം കമ്പനി റെസിഡന്റ്സ് അസോസിയേഷനുകള്‍ വഴിയാണ് വെളിച്ചെണ്ണ വിപണനം. ഓണാട്ടുകര കമ്പനിയുടെ വെളിച്ചെണ്ണയ്ക്കും ഡിമാന്‍ഡുണ്ട്. കാസര്‍കോട് തേജസ്വിനി, പാലക്കാട്, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കാരപ്പുറം കമ്പനികളും വെളിച്ചെണ്ണ ഉത്പാദിപ്പിച്ചുതുടങ്ങി.

പതിനായിരം ലിറ്ററോളം വെളിച്ചെണ്ണ നിലവില്‍ ദിവസം വിറ്റഴിക്കുന്നുണ്ട്. കുറ്റ്യാടി, കൊയിലാണ്ടി, മലപ്പുറം, കൈപ്പുഴ, കാസര്‍കോട് തുടങ്ങിയ കമ്പനികളുടെ വെളിച്ചെണ്ണ ഉടന്‍ പുറത്തിറങ്ങും. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണവും സജീവമാണ്. ചകിരിസംസ്‌കരണ പ്ലാന്റ്, നീര ഹണി, വിനാഗിരി, തേങ്ങാവെള്ളം സംസ്‌കരണം തുടങ്ങിയവയാണ് മറ്റുപദ്ധതികള്‍. ഒരു ഡസന്‍ കമ്പനികളെങ്കിലും വെളിച്ചെണ്ണ ഉത്പാദനത്തില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് നാളികേര വികസനബോര്‍ഡ് മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

നീരയ്ക്ക് സംഭവിച്ചത്

നീരയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് കേരളത്തില്‍ 29 നാളികേര കമ്പനികള്‍ രജിസ്റ്റര്‍ചെയ്തത്. പല കമ്പനികളും ഒന്നരക്കോടി രൂപവരെ മുടക്കി വലിയ പ്ലാന്റുകള്‍ സ്ഥാപിച്ചു. നീരയ്ക്ക് ഏകീകൃതമായ രുചി ഇല്ലാത്തതും വിലയുമെല്ലാം തിരിച്ചടിയായി. ചെത്തുന്നവര്‍ ക്രമേണ രംഗം വിട്ടതോടെ നീര ശേഖരിക്കലും വിഷമമായി. വിപണനം മോശമായതോടെ ഉത്പാദനം കുറച്ചു. പ്ലാന്റ് സ്ഥാപിക്കാന്‍ വാങ്ങിയ വായ്പ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. രണ്ടായിരം ലിറ്റര്‍ നീര ഉത്പാദിപ്പിച്ചിരുന്ന കാരപ്പുറം കമ്പനിയില്‍ ഇപ്പോള്‍ 150 ലിറ്ററാണ് ഉത്പാദനം.

രജിസ്റ്റര്‍ചെയ്തത് 16 കമ്പനികള്‍ മാത്രം

കേരളത്തില്‍ 29 കമ്പനികള്‍ ഉണ്ടെങ്കിലും നാളികേര വികസനബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത് 16 എണ്ണമാണ്. നാളികേര ഉത്പാദക സൊസൈറ്റികളുടെ (സി.പി.എസ്.) കൂട്ടായ്മയായ നാളികേര ഫെഡറേഷനുകള്‍ (സി.പി.എഫ്.) ചേരുന്നതാണ് കമ്പനി. ഒരു കമ്പനിയില്‍ എട്ടുമുതല്‍ 10 വരെ ഫെഡറേഷനുകളുണ്ടാകും.

2012-13 മുതല്‍ 2015-16 വരെയുള്ള സമയത്താണ് കേരളത്തില്‍ ഇവയുടെ വര്‍ധനയുണ്ടായത്. 2015-16-ല്‍ 636 സൊസൈറ്റികളും 86 ഫെഡറേഷനുകളും 10 കമ്പനികളും കേരളത്തില്‍ രൂപവത്കരിച്ചപ്പോള്‍ 2016-17ലും 2017-18ലും ഒരു കമ്പനി പോലും വന്നിട്ടില്ല.

നാളികേരക്കൃഷി ഒറ്റനോട്ടത്തില്‍

കേരളത്തിലെ കമ്പനികള്‍:  29

ഫെഡറേഷനുകള്‍: 464

സൊസൈറ്റികള്‍:  7220

മൊത്തം കൃഷിസ്ഥലം: 3,04,315 ഹെക്ടര്‍

മൊത്തം കര്‍ഷകര്‍ : 6,91,301

മൊത്തം തെങ്ങുകള്‍ : 10,34,20,920

Content highlights: Agriculture, Organic farming,Coconut