പ്രളയകാലത്തുണ്ടായ തുടര്‍ച്ചയായ മഴ മൂലം കേരളത്തിലെ റബ്ബര്‍ തോട്ടങ്ങളില്‍ ഇലകള്‍ക്ക് രോഗം വന്നത് രൂക്ഷമായ അകാലിക ഇലകൊഴിച്ചിലിനിടയാക്കി. ഇത് റബ്ബറുത്പാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ പുതിയ ഇലകള്‍ ഉണ്ടായിവരുന്നത് വേഗത്തിലാക്കേണ്ടതുണ്ട്. ഇതിന് ഹെക്ടര്‍ ഒന്നിന് 20 കി. ഗ്രാം എന്ന കണക്കില്‍ യൂറിയ ചേര്‍ത്തുകൊടുക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം അറിയിക്കുന്നു.

RUBBERമണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ വേണം ഇതു ചേര്‍ക്കാന്‍. യൂറിയ, രണ്ടുനിര മരങ്ങളുടെ ഇടയില്‍ മണ്ണില്‍ച്ചേര്‍ത്തു കൊടുത്താല്‍ മതി. സാധാരണയായി ഈ സീസണില്‍ നടത്താറുള്ള വളപ്രയോഗത്തിനു (രണ്ടാം ഗഡു) പുറമേയാണിത്.

യൂറിയ ചേര്‍ത്ത് രണ്ടാഴ്ച കഴിയുമ്പോള്‍, സാധാരണ വളപ്രയോഗത്തിന്റെ രണ്ടാമത്തെ ഗഡുവും ചേര്‍ത്തുകൊടുക്കാം. ടാപ്പു ചെയ്യുന്ന തോട്ടങ്ങളില്‍ ഹെക്ടറൊന്നിന് 30 കി. ഗ്രാം യൂറിയ, 50 കി. ഗ്രാം രാജ്‌ഫോസ്, 25 കി. ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ത്താണ് രണ്ടാമത്തെ ഗഡു വളം ചെയ്യേണ്ടത്.

നീണ്ടുനിന്ന മഴമൂലം ചെറുതൈകളെ കൂമ്പുചീയല്‍ രോഗം വ്യാപകമായി ബാധിച്ചിട്ടുണ്ട്. രോഗം വന്ന് അഗ്രമുകുളം നശിച്ചുപോയ ഇത്തരം തൈകളില്‍, മഴമാറിയപ്പോള്‍ ധാരാളമായി ശിഖരങ്ങള്‍ കിളിര്‍ക്കാനിടയുണ്ട്. രണ്ടര മീറ്റര്‍ (ഏകദേശം 8 അടി) ഉയരം വരെ ഉണ്ടാകുന്ന ശിഖരങ്ങളില്‍ ആരോഗ്യമുള്ള ഒരെണ്ണം മാത്രം നിര്‍ത്തി ബാക്കിയുള്ളവ എത്രയും നേരത്തെ, മൂര്‍ച്ചയുള്ള ഒരു കത്തിയുപയോഗിച്ച് മുറിച്ചുമാറ്റണം.

എട്ടടിക്കു മുകളില്‍ ഉണ്ടാകുന്ന ശിഖരങ്ങളില്‍ മൂന്നോ നാലോ എണ്ണം ചുറ്റിലും വരത്തക്കവിധം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുക. ചെറുതൈകളില്‍ പുതുതായി വരുന്ന തളിരിലകളില്‍ ബോര്‍ഡോമിശ്രം (ഒരു ശതമാനം വീര്യമുള്ളത്) തളിച്ചുകൊടുക്കുന്നത് രോഗങ്ങളില്‍ നിന്നും സംരക്ഷണം കിട്ടി തൈകള്‍ ആരോഗ്യത്തോടെ വളരാന്‍ ഉപകരിക്കും.

Content highlights: Agriculture, Rubber plantaion,Muriate of potash

കൂടുല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം 

(Contact number:  0481 2576622)