കരിമ്പെന്നു കേട്ടാല്‍ ഇമ്പമേറെയാണ് കയരളം ദേശത്തിന്. 50 വര്‍ഷത്തിലധികമായി കരിമ്പുകൃഷിചെയ്യുന്ന കുടുംബത്തിന്റെ മധുരനൊമ്പരങ്ങള്‍ അറിയുന്നവരാണിവര്‍. ഒരുവയലില്‍നിന്നുള്ള നാടന്‍ ഇനം കരിമ്പിനെ തലമുറകളായി പരിപാലിക്കാന്‍ ആത്മാര്‍പ്പണം നടത്തുന്നവര്‍. അന്നും ഇന്നും ഒരേ വിപണി. പള്ളി മഖാം ഉറൂസ് നേര്‍ച്ചക്കാലം.

sugarcane
കരിമ്പുതോട്ടത്തില്‍ ദാമോദരന്‍

പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി, മുല്ലക്കൊടി ആയാര്‍ മുനമ്പ്, പാമ്പുരുത്തി മഖാം ഉറൂസ്, ഇരിക്കൂര്‍ നിലാമുറ്റം ഉറൂസ് ഇവിടെയെല്ലാം മധുരകരിമ്പെത്തിക്കാന്‍ കയരളം വയലിലെ മലയന്‍ കുനിമ്മല്‍ കണ്ണന്റെ കരിമ്പുതോട്ടം സദാ റെഡിയാണ്. 

മയ്യില്‍ പഞ്ചായത്തിലെ കയരളം എ.യു.പി. സ്‌കൂളിനടുത്ത് അരനൂറ്റാണ്ടുമുമ്പ് തുടങ്ങിയ കണ്ണന്റെ കരിമ്പിന് ഇന്നും മാര്‍ക്കറ്റില്‍ നല്ല പ്രിയമാണ്. തമിഴ്‌നാട്ടില്‍നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടിലേക്ക് കൊണ്ടു വന്നതാണിത്.

കണ്ണന്റെ മകന്‍ ദാമോദരനാണ് ഇപ്പോള്‍ കൃഷിനടത്തുന്നത്. പതിമ്മൂന്നാം വയസ്സില്‍ കൃഷിപ്പണിക്കായി വയലില്‍ ഇറങ്ങിയ ഇദ്ദേഹത്തിന് സഹായിയായി അനുജന്‍ രാജനുമുണ്ട്.  

എന്നും രാവിലെ എഴുമണിക്ക് വയലിലെത്തി കരിമ്പ് പരിപാലനത്തില്‍ ഏര്‍പ്പെടുന്ന ദാമോദരനെ മയ്യില്‍ പഞ്ചായത്ത് ആദരിച്ചിട്ടുണ്ട്. നിരവധി കര്‍ഷകര്‍ ഇവിടെ കരിമ്പുകൃഷി പരീക്ഷിച്ചിട്ടുണ്ട്.  

മിക്കവരും പരിപാലനച്ചെലവ് കുടുതലായതിനാല്‍ പിന്നാക്കം പോവുകയായിരുന്നു. എന്നാല്‍ കരിമ്പുകൃഷിയിലെ നിത്യാഭ്യാസിയായ ദാമോദരന്‍ ഇത് ജീവിതത്തിന്റെ ഭാഗമാക്കി. 

കരിമ്പുതണ്ടിലെ ചോല തട്ടിക്കളയുന്നതാണ് ഏറെ പ്രയാസകരം. കരിമ്പോല ശരീരത്തില്‍ മുട്ടിയാല്‍ മുറിവേല്‍ക്കും. ദിനവും പരിചരണത്തിനെത്തണം. വര്‍ഷത്തില്‍ അഞ്ചുതവണ വളമിടണം, അത് ജൈവവളമാണെങ്കില്‍ ഉത്തമമാകും. തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണം തടയണം.

കാറ്റ് വീശിയാല്‍ കരിമ്പൊടിയും. ഇതിന് കയര്‍ ഉപയോഗിച്ച് എല്ലാം ചേര്‍ത്ത് ബന്ധിക്കണം. കരിമ്പു കൃഷിയിലെ പ്രയാസങ്ങളോരോന്നായി ദാമോദരന്‍ പങ്കുവെച്ചു.  

കരിമ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി കൃഷിചെയ്യുന്നതാണ് ലാഭകരം. രണ്ടാമത്തെ വര്‍ഷത്തില്‍ ചെലവ്  പകുതിമതിയെന്നാണിവരുടെ പക്ഷം. ഒന്നാമത്തെ വര്‍ഷം വിളവെടുപ്പിനു ശേഷം കരിമ്പുപാടം ഒന്നാകെ തീയിട്ട് കരിച്ചെടുക്കും. 

കരിഞ്ഞുണങ്ങിയ കരിമ്പുവേരില്‍നിന്ന് വെള്ളമൊഴിക്കുമ്പോള്‍ വളരുന്ന തളിരാണ് കരുത്തേറിയ കരിമ്പാകുന്നത്. രണ്ടാമത്തെ വര്‍ഷത്തില്‍ തണ്ടിന്റെ മുകള്‍ഭാഗം മുറിച്ചെടുത്ത് വിത്തെടുക്കുകയാണ് ചെയ്യുന്നത്.
 ജ്യൂസ്, പഞ്ചസാര എന്നിവയ്ക്കുപയോഗിക്കുന്ന കരിമ്പ് നാടന്‍കരിമ്പു പോലെ രുചികരമല്ല.

ഓരോ വര്‍ഷവും മുന്‍കൂറായി കരിമ്പുപാട്ടത്തിനായി കച്ചവടക്കാര്‍ ഇവിടെയെത്തുന്നതുകൊണ്ട്  വിപണി പ്രശ്‌നമാകാറില്ല.
 എന്നാല്‍ കൃഷിഭവന്‍, കരിമ്പു ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് വേണ്ടത്ര സഹായം കിട്ടാറില്ലെന്നാണ്  ദാമോദരന്‍ പറയുന്നത്. കരിമ്പ് കൂടാതെ വാഴ, നെല്ല് എന്നിവയും ഇവര്‍ കൃഷിചെയ്യുന്നുണ്ട്.