ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഇണങ്ങിച്ചേര്‍ന്നതാണ് സര്‍വസുഗന്ധി അഥവാ ആള്‍സ്പൈസ്. 8-10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷസുഗന്ധവിളയാണിത്. എല്ലായിടത്തും വളരുമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലാണ് കായ്കള്‍ അധികവും പിടിക്കുക. 

സര്‍വസുഗന്ധിയില്‍ ആണ്‍-പെണ്‍ മരങ്ങള്‍ വെവ്വേറെയുണ്ട്. ഇവ കാഴ്ചയ്ക്കു ഒരുപോലെയിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മരം പൂക്കുമ്പോള്‍ മാത്രമേ ഈ വ്യത്യാസം അറിയാന്‍ കഴിയൂ. പഴുത്ത കായ്കളില്‍ നിന്നെടുക്കുന്ന വിത്ത് പാകിമുളപ്പിച്ചു കിട്ടുന്ന ഒന്ന്-ഒന്നര വര്‍ഷം പ്രായമായ തൈകളാണ് നടുക. ഇതര വളങ്ങള്‍ ചേര്‍ക്കുന്നില്ലെങ്കിലും ജൈവവവളങ്ങള്‍ സമൃദ്ധമായി നല്‍കണം. വര്‍ഷം തോറും 25 കിലോ ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം.

നന്നായി പരിചാരിച്ചാല്‍ അഞ്ചു മുതല്‍ ആറു വര്‍ഷംകൊണ്ട് സര്‍വസുഗന്ധി കായ്ക്കാന്‍ തുടങ്ങും. എങ്കിലും കാര്യമായ വിളവ് കിട്ടാന്‍ പിന്നെയും എട്ടോ ഒമ്പതോ വര്‍ഷംകൂടി കഴിയണം. കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരും. മേയ് മാസമാണ് വിളവെടുപ്പ് സമയം. കായ്കളുടെ നിറം ബ്രൗണ്‍ ആകുന്നതാണ് വിളവെടുപ്പുലക്ഷണം.

ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും മണവും നല്‍കാന്‍ വേണ്ടി ഇതുപയോഗിക്കുന്നു. കേക്ക്, സൂപ്പ് തുടങ്ങിയവ തയാറാക്കാനും ഇലകള്‍ കറികളില്‍ ചേര്‍ക്കാനും ഉപയോഗിക്കുന്നു. ഔഷധമേന്മകളുമുണ്ട് ആള്‍സ്‌പൈസിന്. കേരളത്തില്‍ വയനാട് ജില്ലയില്‍ ഇത് വിജയകരമായി വളര്‍ത്തുന്ന കര്‍ഷകരുണ്ട്.

തയ്യാറാക്കിയത് : സുരേഷ് മുതുകുളം

Content Highlights: Sarvasuganthi or Allspice