വേനല്‍മഴ നന്നായിക്കിട്ടിയ സ്ഥലങ്ങളില്‍, ടാപ്പിങ്ങിനു പാകമായ മരങ്ങള്‍ ഇപ്പോള്‍ മാര്‍ക്കുചെയ്ത് ടാപ്പിങ് തുടങ്ങാം. മരങ്ങളില്‍ നിയന്ത്രിതമായി മുറിവേല്‍പ്പിച്ച് ആദായമെടുക്കുന്നതാണ് ടാപ്പിങ്. അതുകൊണ്ട് ശരിയായ പരിശീലനം നേടിയവരെ മാത്രം ഉപയോഗിച്ച് ടാപ്പിങ് നടത്തുക. പുതിയമരങ്ങളില്‍ ടാപ്പിങ് തുടങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1.  ഒട്ടുബന്ധത്തില്‍നിന്ന് 125 സെ.മീ. ഉയരത്തില്‍ 50 സെ.മീ. എങ്കിലും വണ്ണമെത്തിയ മരങ്ങളില്‍ മാത്രമേ ടാപ്പിങ് തുടങ്ങാവൂ.
2. ഒരു തോട്ടത്തിലെ 70 ശതമാനം മരങ്ങളെങ്കിലും മുകളില്‍പ്പറഞ്ഞ വണ്ണമെത്തിയശേഷം ടാപ്പിങ് തുടങ്ങുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയില്‍ 6-7 വര്‍ഷങ്ങള്‍ കൊണ്ട് മരങ്ങള്‍ ആവശ്യമായ വണ്ണമെത്താറുണ്ട്.
3. ടാപ്പിങ് തുടങ്ങാത്ത മരങ്ങളില്‍, ചുറ്റുവണ്ണം ഒരുവര്‍ഷം ശരാശരി ഏഴു സെ.മീ. വീതം  കൂടുമ്പോള്‍ ടാപ്പിങ് തുടങ്ങിയ മരങ്ങളില്‍ ഇത് രണ്ടു സെ.മീ. മാത്രമാണ്. അതുകൊണ്ട് വണ്ണമെത്തിയ മരങ്ങളില്‍ മാത്രം ടാപ്പിങ് തുടങ്ങുക. ടാപ്പിങ് തുടങ്ങിയാല്‍ മരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വണ്ണംവെയ്ക്കുമെന്നത് തെറ്റായ ധാരണയാണ്.
4. വണ്ണമെത്തിയ മരത്തിന്റെ ചുറ്റളവിനെ രണ്ടുതുല്യഭാഗങ്ങളാക്കി തിരിച്ചശേഷം അതിലൊരുഭാഗത്ത്  മുന്‍കാന 125 സെ.മീ. ഉയരത്തില്‍ വരത്തക്കവിധം മാര്‍ക്കുചെയ്യണം. ടെംപ്ലേറ്റ് എന്ന ഉപകരണം ഉപയോഗിച്ച്, 30 ഡിഗ്രി ചെരിവിലാണ് വെട്ടുചാല്‍ മാര്‍ക്കുചെയ്യേണ്ടത്. മരത്തിനഭിമുഖമായി നില്‍ക്കുമ്പോള്‍, ഇടതുമുകളില്‍നിന്നും വലതുതാഴേക്കാണ് ചെരിവുകൊടുക്കേണ്ടത്.
5. ഒരുവര്‍ഷം വെട്ടിയിറങ്ങാന്‍ സാധ്യതയുള്ള അത്രയും ഭാഗത്ത് ടെംപ്ലേറ്റ് ഉപയോഗിച്ച് മാര്‍ഗരേഖകള്‍ അടയാളപ്പെടുത്തണം. ടാപ്പിങ് തുടരുമ്പോള്‍ വെട്ടുചാലിന്റെ ചെരിവ് കൃത്യമായി പാലിക്കുന്നതിന് ഈ മാര്‍ഗരേഖകള്‍ ഉപകരിക്കും.
6. ഇപ്പോള്‍ വ്യാപകമായി കൃഷിചെയ്തുവരുന്ന ഇനങ്ങള്‍ പൊതുവേ ഉയര്‍ന്നതോതില്‍ വിളവുതരുന്നവയാണ്. ഇവ മൂന്നുദിവസത്തിലൊരിക്കല്‍ മാത്രമേ ടാപ്പുചെയ്യാവൂ.
7. ടാപ്പുചെയ്യുമ്പോള്‍ മുറിവിന്റെ ആഴം തണ്ണിപ്പട്ടയോട് ഒരു മില്ലിമീറ്റര്‍ അടുത്തുവരെയേ ആകാവൂ. ടാപ്പിങ്ങിന്റെ ആഴം കൂടിപ്പോയാല്‍ തണ്ണിപ്പട്ടയ്ക്ക് മുറിവേറ്റ്, പുതുപ്പട്ടയുടെ വളര്‍ച്ചയെ ബാധിക്കും. ആഴം കുറഞ്ഞുപോയാല്‍ ആദായം കുറയുകയും ചെയ്യും. വെട്ടുചാലിന് ഉള്ളിലേക്ക് ചെറിയ ചെരിവുകൊടുത്ത് ടാപ്പുചെയ്യുന്നത് പാല്‍ പുറത്തേക്ക് ഒഴുകാതിരിക്കാന്‍ സഹായിക്കും.
8. ടാപ്പിങ്ങിന്റെ ഇടവേളയനുസരിച്ച് അരിയുന്ന പട്ടയുടെ കനം വ്യത്യാസപ്പെടുത്തണം. മൂന്നുദിവസത്തിലൊരിക്കല്‍ ടാപ്പുചെയ്യുമ്പോള്‍ 1.75 മില്ലീമീറ്ററും, നാലു ദിവസത്തിലൊരിക്കലാണെങ്കില്‍ രണ്ടു മില്ലിമീറ്ററും ആഴ്ചയിലൊരിക്കലാണെങ്കില്‍ 2.5 മില്ലീമീറ്ററും കനത്തില്‍ ടാപ്പുചെയ്യണം.
9. റബ്ബര്‍ബോര്‍ഡ് ശുപാര്‍ശചെയ്തിരിക്കുന്ന രീതിയില്‍ ഉത്തേജകമരുന്ന് പുരട്ടിയാല്‍ ആദായത്തില്‍ കുറവുവരാതെതന്നെ ടാപ്പിങ്ങിന്റെ ഇടവേള കൂട്ടാന്‍ പറ്റും. 

 കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്റര്‍: ഫോണ്‍: 0481 2576622.