കറുകച്ചാല്‍: റബ്ബറിന്റെ വിലയിടിവും സ്ഥിരതയില്ലായ്മയുംമൂലം കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക്. പലരും കൊക്കോ, ജാതി, കവുങ്ങ്, തെങ്ങ്, വാഴ എന്നിവയാണ് പരീക്ഷിക്കുന്നത്. 

റബ്ബറിനെ ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ മിശ്ര കൃഷിയാണ് ചെയ്യുന്നത്. ഉത്പാദനച്ചെലവേറിയ റബ്ബര്‍ ഏഴുവര്‍ഷം പരിചരിച്ചാലേ ആദായം ലഭിക്കൂ. എന്നാല്‍, കൊക്കോ, ജാതി അടക്കമുള്ള നാണ്യവിളകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ചുതുടങ്ങും. പരിചരണക്കുറവ് കുറവാണെന്നതും ആകര്‍ഷകമാണ്. കൊക്കോയാണ് ഇടവിളയായി കൂടുതലുള്ളത്. പ്രത്യേക പരിചരണം ആവശ്യമില്ലാത്തതിനാലും ഏതുകാലാവസ്ഥയിലും വളരുന്നതിനാലുമാണ് കൊേക്കാ തൈകള്‍ക്ക് കൂടുതല്‍ സ്വീകാര്യത.

ടാപ്പുചെയ്യുന്ന മരങ്ങള്‍ക്കിടയിലും പലരും കൊക്കോ നട്ടിട്ടുണ്ട്. മഴ തുടങ്ങിയതോടെ നഴ്‌സറികളില്‍ കൊക്കോ തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറി. കവുങ്ങിനും ആവശ്യക്കാരുണ്ട്. മലബാറി, മംഗള തുടങ്ങിയ ഇനങ്ങള്‍ക്കാണ് പ്രിയം. പഴുക്കാ, കൊട്ട, ചമ്പന്‍പാക്ക് എന്നിവയുടെ വില ഉയര്‍ന്നതാണ് ഇക്കുറി കര്‍ഷകരെ കവുങ്ങിന്‍ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. 

ജാതിയും ഇടവിളയായി വളര്‍ത്തുന്നു. എന്നാല്‍, വെള്ളത്തിന്റെ അഭാവം ജാതിക്കൃഷിക്ക് വെല്ലുവിളിയായതിനാല്‍ കൃഷി കുറവാണ്. ഇത്തരം കൃഷികള്‍ക്ക് വിദഗ്ധ തൊഴിലാളികെള ആവശ്യമില്ല. സമയംപോലെ കര്‍ഷകര്‍ക്ക് പരിപാലിക്കാനും കഴിയും. റബ്ബര്‍ ടാപ്പിങ്ങിന് തൊഴിലാളികളെ കിട്ടാത്തതും റബ്ബറിന്റ ഉത്പാദനച്ചെലവ് വര്‍ധിച്ചതുമാണ് കര്‍ഷകര്‍ റബ്ബറില്‍നിന്ന് മറ്റ് കൃഷികളിലേക്ക് മാറുന്നതിന്റെ പ്രധാന കാരണം.