ജില്ലയുടെ തോട്ടം-വനം മേഖലയില്‍ നൂറുവര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന റബ്ബര്‍ത്തോട്ടങ്ങളെ കാത്തിരിക്കുന്നത് ദുരിതകാലം. വരന്തരപ്പിള്ളി, പാലപ്പിള്ളി, ചിമ്മിനി മേഖലയിലെ തോട്ടം തൊഴിലാളികളാണ് പ്രതിസന്ധി നേരിടുന്നത്. കാലാവധിയെത്തിയ റബ്ബര്‍മരങ്ങള്‍ മുറിച്ചുമാറ്റി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ കഴിയാത്തത് തോട്ടങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്.

 1008 ഹെക്ടര്‍ വരുന്ന ജൂങ്‌ടോളി കമ്പനിയുടെ തോട്ടത്തിലെ മുന്നൂറ് ഹെക്ടര്‍ വരുന്ന ഭാഗം അഞ്ചുവര്‍ഷമായി പുനര്‍നടീല്‍ നടത്താനാവാത്ത സ്ഥിതിയാണ്. ഈനില തുടര്‍ന്നാല്‍ താമസിയാതെ വലിയ തൊഴില്‍നഷ്ടവും ദുരിതവുമാണ് തൊഴിലാളികളെ കാത്തിരിക്കുന്നത്. വര്‍ഷങ്ങളായി 25 ശതമാനം വരുന്ന തോട്ടഭൂമി കാട് കയറിക്കിടക്കുന്നത് അറുനൂറോളം വരുന്ന തോട്ടം തൊഴിലാളിക്കുടുംബങ്ങള്‍ക്കുമേലെ കരിനിഴല്‍ വീഴ്ത്തുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ തോട്ടം തൊഴിലാളികളെക്കൂടാതെ മേഖലയില്‍ തോട്ടം അനുബന്ധജോലികളുമായി ഉപജീവനം നയിക്കുന്ന ആയിരത്തോളം തൊഴിലാളിക്കുടുംബങ്ങള്‍ക്കും തൊഴില്‍നഷ്ടമുണ്ടാക്കും.

ഒരു പേരില്‍ പലതുമുണ്ട്

ഉത്പാദനക്ഷമത നഷ്ടപ്പെട്ട റബ്ബര്‍മരങ്ങള്‍ വര്‍ഷംതോറും മുറിച്ചുമാറ്റി, പുതിയ തൈകള്‍ വെയ്ക്കുന്നതാണ് തോട്ടങ്ങളിലെ രീതി. ഇതില്‍ ഒരുമരത്തിന് 500 രൂപ നിരക്കില്‍ സീനറേജ് തുക സര്‍ക്കാരിലേക്ക് നല്‍കണം. പാലപ്പിള്ളിയിലെ പുതുക്കാട്, ചിമ്മിനി, എച്ചിപ്പാറ തോട്ടങ്ങളുടെ ഉടമകളായ കല്‍ക്കത്ത കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്റസ്ട്രീസ് ലിമിറ്റഡ് കമ്പനി അവരുടെ പാരന്റല്‍ കമ്പനിയായ കല്‍ക്കത്ത ജൂങ് ടോളി ടീ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയില്‍ ലയിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവിലെ വനനിയമപ്രകാരം പുതിയ പേരിലുള്ള കമ്പനിക്ക് മരം മുറിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.  

പേരുമാറ്റം സാങ്കേതികം മാത്രമാണെന്നും കാലാവധി കഴിഞ്ഞ റബ്ബര്‍മരം മുറിക്കാന്‍ വനംവകുപ്പ് തടസ്സമുയര്‍ത്തേണ്ട കാര്യമില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നു. അഞ്ചുവര്‍ഷത്തെ മരം മുറിക്കുന്നതിനുള്ള സീനറേജ് ഇനത്തില്‍ത്തന്നെ സര്‍ക്കാരിന് ലഭിക്കേണ്ട വലിയ സാമ്പത്തികനേട്ടവും കമ്പനിയുടെ പേരുമാറ്റത്തില്‍ തടഞ്ഞു നില്‍ക്കുകയാണ്.

ഇടപെട്ടേ തീരൂ

വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍ പഞ്ചായത്ത് പരിധികളിലും പാലപ്പിള്ളി, വെള്ളിക്കുളങ്ങര, ചിമ്മിനി ഫോറസ്റ്റ് റേഞ്ചിലുമായി മൂവായിരത്തോളം തൊഴിലാളികള്‍ തോട്ടങ്ങളില്‍ പണിയെടുക്കുന്നു. ഇതില്‍ പകുതിയിലേറെയും ടാപ്പിങ് തൊഴിലാളികളാണ്. ആയിരത്തോളംപേര്‍ പാല്‍ വറ്റിയ മരങ്ങള്‍ മുറിക്കുന്നതും കൂപ്പുജോലികളുമായി ജീവിക്കുന്നു.

 ജൂങ്‌ടോളി കമ്പനിയുടെയും പാലപ്പിള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടേതുമായി ഒന്നരലക്ഷം മരങ്ങള്‍ മുറിച്ചുമാറ്റാനാവാതെയുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ കാലാവധി കഴിഞ്ഞതും പ്രകൃതിക്ഷോഭങ്ങളില്‍ നശിച്ചതും തോട്ടത്തിലിറങ്ങുന്ന കാട്ടാനകള്‍ നശിപ്പിച്ചവയുമുണ്ട്. റബ്ബര്‍ വിലയിടിവ് പ്രതിസന്ധിയുണ്ടാക്കുന്നതിനു പിറകെയാണ് ഇപ്പോഴത്തെ പ്രശ്‌നം തൊഴിലാളികളെ അലട്ടുന്നത്.

  സാങ്കേതികതകള്‍ മാറ്റിവെച്ച് പാല്‍വറ്റിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ മരങ്ങള്‍ മുറിച്ചുമാറ്റി പുനര്‍നടീല്‍ നടത്താന്‍ സര്‍ക്കാരും വനംവകുപ്പും ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അല്ലാത്തപക്ഷം ഓട്, കളിമണ്ണ്, തുണിമില്ല് തുടങ്ങിയ പരമ്പരാഗത തൊഴില്‍മേഖലകള്‍ക്കു പിറകെ തോട്ടം മേഖലയുടെ തകര്‍ച്ചകൂടി സമീപഭാവിയില്‍ സംഭവിച്ചേക്കാം.