റബ്ബറിന്റെ ഉത്പാദനച്ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ്ങിനെ പ്രോത്സാഹിപ്പിക്കാന്‍ റബ്ബര്‍ ബോര്‍ഡ്. ടാപ്പിങ്ങിനുള്ള ചെലവാണ് ഉത്പാദനച്ചെലവിന്റെ നല്ലൊരു പങ്ക്. ഇത് ഒഴിവാക്കാന്‍ സ്വയം ടാപ്പിങ് സഹായിക്കും. സ്വയം ടാപ്പിങ് പ്രചാരണപരിപാടിയില്‍ ഈ വര്‍ഷം 50,000 കര്‍ഷകരെയെങ്കിലും ഉള്‍പ്പെടുത്തുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ.എന്‍.രാഘവന്‍ പറയുന്നു.
സ്വയം ടാപ്പിങ്, കണക്കുകള്‍
- രണ്ടു ദിവസത്തിലൊരിക്കല്‍ മരങ്ങള്‍ ടാപ്പ് ചെയ്യുന്ന രീതിയില്‍ ഒരു വര്‍ഷം ഒരു മരം 120-125 തവണ ടാപ്പ് ചെയ്യും. ഒരു മരത്തിന്റെ ഒരു ദിവസത്തെ ടാപ്പിങ് ചെലവ് രണ്ട് രൂപ എന്നു കണക്കാക്കിയാല്‍ ഒരു മരം ടാപ്പ് ചെയ്യാന്‍ വര്‍ഷത്തില്‍ 240-250 രൂപ വേണ്ടിവരും.
- ഒരു റബ്ബര്‍മരത്തില്‍നിന്നുള്ള ഏകദേശ വിളവ് ശരാശരി 4.5 കിലോ അസംസ്‌കൃത റബ്ബറാണ്. ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു മരത്തില്‍നിന്ന് ഒരു വര്‍ഷം ലഭിക്കുന്ന ശരാശരി വരുമാനം 500 രൂപയാണ്. ഒരു മരത്തില്‍നിന്നുള്ള മൊത്തം വരുമാനത്തിന്റെ പകുതിയോളം ടാപ്പിങ്ങിനുവേണ്ടി ചെലവാക്കേണ്ടിവരുന്നു.
- സ്വയം ടാപ്പ് ചെയ്യുന്നതിലൂടെയും ടാപ്പിങ്ങുകള്‍ക്കിടയിലുള്ള ഇടവേള കൂട്ടിയും ഈ വലിയ ചെലവ് കുറയ്ക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ടാപ്പ് ചെയ്യുമ്പോള്‍ മരത്തില്‍നിന്ന് രണ്ട് ദിവസത്തിലൊരിക്കല്‍ ടാപ്പ് ചെയ്യുന്നതിനേക്കാള്‍ റബ്ബര്‍പാല്‍ ലഭിക്കുമെന്ന് റബ്ബര്‍ ബോര്‍ഡ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
- ചെറുകിട കര്‍ഷകരുടെ ശരാശരി തോട്ടവിസ്തൃതി 0.57 ഹെക്ടറാണ്. അതായത് ഏതാണ്ട് 200 മരങ്ങള്‍ മാത്രമാണ് ഒരാള്‍ക്ക് ടാപ്പ് ചെയ്യേണ്ടിവരുന്നത്. ടാപ്പിങ്ങും അനുബന്ധ ജോലികളും ആഴ്ചയില്‍ ഒരു ദിവസം മാത്രമാക്കിയാല്‍ മറ്റു ദിവസങ്ങളില്‍ വേറെ ജോലികള്‍ ചെയ്യാനുമാവും.
പ്രചാരണം തുടങ്ങി
ചെറുകിട റബ്ബര്‍കര്‍ഷകരുടെ ഇടയില്‍ സ്വയംടാപ്പിങ്ങും ഇടവേള കൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ബോര്‍ഡ് കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും 100 ഫീല്‍ഡ് സ്റ്റേഷനുകളില്‍ പ്രചാരണപരിപാടി തുടങ്ങി. ഓരോ ഫീല്‍ഡ് സ്റ്റേഷനിലും റബ്ബര്‍മരങ്ങള്‍ സ്വ യം ടാപ്പ് ചെയ്യുന്ന കര്‍ഷകര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. ഇടവേള കൂടിയ ടാപ്പിങ് രീതികള്‍ സ്വീകരിച്ചതുകൊണ്ടും സ്വയം ടാപ്പിങ് നടത്തിയതുകൊണ്ടുമുണ്ടായ നേട്ടങ്ങള്‍ വിശദീകരിക്കും.
Content Highlights: Rubber tapping