ബ്ബറുത്പന്ന നിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കാനും ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുമായി റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള റബ്ബര്‍ ഗവേഷണ കേന്ദ്ര (ആര്‍.ആര്‍.ഐ.ഐ.) ത്തില്‍ റബ്ബര്‍ പ്രോഡക്ട്സ് ഇന്‍കുബേഷന്‍ സെന്റര്‍ (ആര്‍.പി.ഐ.സി.) പ്രവര്‍ത്തനം ആരംഭിച്ചു.

സംരംഭകരുടെ നൂതന ആശയങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഗുണനിലവാരമുള്ള റബ്ബറുത്പന്നങ്ങളായി മാറ്റുന്നതിനുള്ള കേന്ദ്രമായി ആര്‍.പി.ഐ.സി. പ്രവര്‍ത്തിക്കും. സെന്ററിലെ ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും സംരംഭകരെ ഉത്പന്നങ്ങളുടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സഹായിക്കും. വിവിധതരം ഉപകരണങ്ങളും മെഷീനുകളും കൈകാര്യം ചെയ്യുന്നതിനുള്ള പരിചയവും ഇവിടെനിന്നു ലഭിക്കും. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍.ആര്‍.ഐ. ഐ.) യിലെ ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളും ജേണലുകളും സംരംഭകര്‍ക്ക് ഉപയോഗപ്പെടുത്താം.

റബ്ബര്‍കൃഷി, സംസ്‌കരണം, ഉത്പന്നവികസനം, ഉത്പന്നങ്ങളുടെ പുനരുപയോഗം, മലിനീകരണനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലുള്ള പുതിയ ആശയങ്ങളാണ് പരിഗണിക്കപ്പെടുക. റബ്ബറുത്പന്ന നിര്‍മാണ മേഖലയെ ശക്തമാക്കാനും കര്‍ഷകരുമായി ചേര്‍ന്നുനിന്ന് റബ്ബര്‍ മേഖലയെ കാര്യക്ഷമമാക്കുകയുമാണ് ഇന്‍കുബേഷന്‍ സെന്ററിന്റെ ലക്ഷ്യം.

കോള്‍സെന്ററില്‍ വിളിക്കാം

ഇന്‍കുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍സി വിഭാഗം ജോയന്റ് ഡയറക്ടര്‍ ഡോ. സിബി വര്‍ഗീസ് ഫോണിലൂടെ മറുപടി നല്‍കും.

കോള്‍ സെന്റര്‍ നമ്പര്‍: 0481 2576622. കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.

Content Highlights: Rubber Products Incubation Center for Entrepreneurs