കൊച്ചി: അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) വില കൂടിയിട്ടും ആഗോള റബ്ബര്‍വിപണിയില്‍ ചെറിയ കയറ്റം മാത്രം. നിലവിലെ സാഹചര്യങ്ങളനുസരിച്ച് നാട്ടിലും ഉടനെ വിലകയറുമെന്ന പ്രതീക്ഷയില്ലെന്ന് വിപണിവിദഗ്ധര്‍.

Rubberസിന്തറ്റിക് റബ്ബര്‍ ഉത്പാദനത്തിന് അസംസ്‌കൃത എണ്ണ ആവശ്യമാണ്. ഇതിന്റെ വില കൂടുന്നത് സിന്തറ്റിക് റബ്ബറിന്റെ വില കൂട്ടും. ഇത് സ്വാഭാവിക റബ്ബറിന് ആവശ്യം കൂട്ടും, വിലയും ഉയരും.

അസംസ്‌കൃത എണ്ണവില ഇപ്പോള്‍ 75 ഡോളറാണ്. ഇത് റബ്ബര്‍ വിപണിയില്‍ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല. ബാങ്കോക്കില്‍ തിങ്കളാഴ്ച 57 പൈസമാത്രം വില വര്‍ധിച്ച് 116.38 രൂപയായി.

വില കൂടാത്തതിന് നാലുകാരണങ്ങള്‍

ആഗോളവിപണിയിലെ ലഭ്യത കൂടുതല്‍.

ഇന്‍ഡൊനീഷ്യ ഒഴികെയുള്ള റബ്ബറുത്പാദക രാജ്യങ്ങളിലെ സീസണ്‍ ആരംഭം.

തായ്ലാന്‍ഡില്‍ ഉത്പാദനം 8.8 ശതമാനം കൂടുതല്‍.

അമേരിക്കന്‍ ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ റബ്ബറുത്പാദക രാജ്യങ്ങളിലെ കറന്‍സിമൂല്യം കുറഞ്ഞു.

ആഗോളവിപണിയില്‍ കയറ്റമുണ്ടാകാത്തതിനാല്‍ കേരളത്തിലും ഉടനെയൊന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് വിലയിരുത്തല്‍. നാട്ടില്‍ സീസണ്‍ അവസാനിച്ചതിനാല്‍ റബ്ബര്‍ ലഭ്യത കുറവാണ്. വന്‍കിട വ്യവസായികള്‍ ആവശ്യത്തിലധികം ഇറക്കുമതിചെയ്ത് സൂക്ഷിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക് ഇവിടെനിന്ന് വാങ്ങേണ്ട ആവശ്യവുമില്ല.

ആഗോള ഉപയോഗം കൂടി

അന്താരാഷ്ട്ര റബ്ബര്‍ പഠനസംഘത്തിന്റെ കണക്കുകളനുസരിച്ച് 2017-ല്‍ ആഗോള റബ്ബര്‍ ഉപഭോഗം മൂന്നുശതമാനം കൂടി 28.37 ദശലക്ഷം ടണ്ണായി. ഇതില്‍ 30 ശതമാനവും ചൈനയാണ് ഉപയോഗിക്കുന്നത്. ചൈനീസ് വാഹനവിപണിയുടെ കുതിപ്പാണ് ഇതിന് കാരണം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, തായ്ലാന്‍ഡ് എന്നിവയാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയുടെ ഉപഭോഗം 3.5 ശതമാനംകൂടി 1.67 ദശലക്ഷം ടണ്ണായി.

Content highlights: Rubber, Synthetic rubber, Agriculture