ന്യൂഡല്‍ഹി: റബ്ബര്‍ക്കര്‍ഷകര്‍ക്ക് കൃത്യമായ വളപ്രയോഗത്തിന് സഹായിക്കുന്ന വിവരങ്ങള്‍ റബ്ബര്‍ ബോര്‍ഡ് ഓണ്‍ലൈന്‍വഴി ലഭ്യമാക്കുന്നു. ഇതിനുള്ള rubsis.rubberboard.org.in എന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍വഹിക്കും.

rubberറബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ (ആര്‍.ആര്‍.ഐ.ഐ.) ആശയത്തിനനുസരിച്ച് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റാണ് വെബ്‌സൈറ്റ് ഒരുക്കിയത്.

തുടക്കത്തില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായിരിക്കും വെബ്‌സൈറ്റിന്റെ പ്രയോജനം ലഭിക്കുക. കര്‍ഷകര്‍ മണ്ണ് ലാബില്‍ കൊണ്ടുപോയി പരിശോധനനടത്തി ഏത് രാസവളമാണ് പ്രയോഗിക്കേണ്ടതെന്ന് കണ്ടെത്തുന്ന ജോലി ഇതോടെ ഇല്ലാതാകും. കൃഷിഭൂമി എവിടെയാണെന്ന വിവരം സൈറ്റില്‍ നല്‍കിയാല്‍ ഉപയോഗിക്കേണ്ട രാസവളമേതെന്ന വിവരം കര്‍ഷകര്‍ക്കു ലഭിക്കും.

അമിതവും തെറ്റായതുമായ രാസവളപ്രയോഗത്തിലൂടെ റബ്ബര്‍ മരത്തിനുണ്ടാകുന്ന രോഗങ്ങള്‍, മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടല്‍, പരിസ്ഥിതിമലിനീകരണം എന്നിവ ഇല്ലാതാക്കാന്‍ പുതിയ സാങ്കേതികവിദ്യയിലൂടെ കഴിയും.