കോഴിക്കോട്:  റബ്ബര്‍ ഇറക്കുമതിയും അതുമൂലമുണ്ടാവുന്ന വിലയിടിവും തുടരുമ്പോള്‍ സര്‍ക്കാരിന് ലാഭം പ്രതിവര്‍ഷം 2000 കോടി. കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം പ്രതിവര്‍ഷം 11000 കോടി രൂപ. രാജ്യത്തെ റബ്ബര്‍ ഉല്പാദനത്തിന്റെ 92.3 ശതമാനം പങ്കുവഹിക്കുന്ന കേരളത്തിന് ഒരു വര്‍ഷം നഷ്ടമാകുന്നത് കേന്ദ്രസര്‍ക്കാരും ടയര്‍ വ്യവസായികളും കണ്ടില്ലെന്നു നടിക്കുകയാണ്.

ഏഴുവര്‍ഷത്തിനുശേഷം റബ്ബര്‍ കൃഷിക്ക് നല്ല കാലം വരുമെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന 'സുസ്ഥിര റബ്ബര്‍ വില വിദഗ്ദ്ധര്‍ ' വന്‍ നഷ്ടം സഹിച്ചും കര്‍ഷകര്‍ ഈ രംഗത്ത് തുടരാന്‍ വഴിയൊരുക്കുകയാണ്. റബ്ബര്‍ ഇറക്കുമതിയിലൂടെ കിലോഗ്രാമിന് 42 രൂപ വീതം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമ്പോള്‍ അതില്‍ ഒരു രൂപ പോലും വില സ്ഥിരതയ്ക്കായോ കൃഷി ഉത്തേജനത്തിനായോ നല്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കൊണ്ട് മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിലോഗ്രാമിന് 150 രൂപയെങ്കിലും ലഭിക്കുന്നത്. ഈ പദ്ധതിയില്‍ പണം കിട്ടാന്‍ കാലതാമസം നേരിടുന്നുവെന്നതാണ് കര്‍ഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നം.

 പ്രതിവര്‍ഷം 4.50 ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന് ഈ ലാഭം കിട്ടുന്നത്. മുന്‍കാലങ്ങളില്‍ കര്‍ഷകരെ സഹായിക്കുകയും കൃഷി പ്രോത്സാഹനത്തിന് സബ്സിഡി നല്കുകയുമൊക്കെ ചെയ്തിരുന്ന റബ്ബര്‍ ബോര്‍ഡ് ഇപ്പോള്‍ നിഷ്‌ക്രിയമാണ്.1947 -ലെ റബ്ബര്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ കുറഞ്ഞ വിലയോ കൂടിയ വിലയോ നിര്‍ണ്ണയിക്കുന്ന നടപടികളില്ല.ബോര്‍ഡിനുള്ള കേന്ദ്രവിഹിതം ഇരുപതുവര്‍ഷം മുമ്പുള്ളതുപോലുമില്ല. ബോര്‍ഡിന്റെ ഓഫീസുകള്‍ കേരളത്തില്‍ നിന്ന് പറിച്ചുനടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. റബ്ബര്‍ ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ബോര്‍ഡ് വിപണിയില്‍ തിരിച്ചടി നേരിടുന്ന ഒരു കൃഷി ഇനിയും പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന ചോദ്യം സര്‍ക്കാരില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിടുകയാണ് ബോര്‍ഡ് ഇപ്പോള്‍. 

 വിദേശ രാജ്യങ്ങളില്‍ ഹെക്ടറിന് 2.5 ലക്ഷം രൂപയ്ക്കുതുല്യമായ തുക വരെ കൃഷിക്ക് സബ്സിഡി ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന 35000 രൂപ പോലും നിര്‍ത്തലാക്കിയിരിക്കുകയാണ്. അവധിക്കച്ചവടക്കാര്‍ റബ്ബര്‍ വില ഇടിക്കുന്നതാണ് ഇപ്പോള്‍ ഉല്പാദകര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. ഉല്പാദനം കുറയുന്ന സീസണില്‍ ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങിക്കൂട്ടുമ്പോഴും വില ഒട്ടും ഉയരുന്നില്ല. മുമ്പ് ചെറുകിട കര്‍ഷകരില്‍ നിന്നും റബ്ബര്‍ വാങ്ങി ഇടനിലക്കാര്‍ സ്റ്റോക്ക് ചെയ്യുമായിരുന്നു.വിപണിയിലെ അനിശ്ചിതത്വം നിലനില്ക്കുന്നതിനാല്‍ ഇപ്പോള്‍ അതും വ്യാപകമായി നടക്കുന്നില്ല.ടയര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ ആഴ്ചയില്‍ ശരാശരി 2000 ടണ്‍ തോതില്‍ മാത്രമേ ഇപ്പോള്‍ വാങ്ങുന്നുള്ളൂ. സീസണായതിനാല്‍ ലാറ്റക്സ് വരവ് ഇപ്പോള്‍ കൂടുന്നുണ്ട്.കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലാറ്റക്സായി വില്ക്കുന്നതാണ് ലാഭമെന്നതിനാല്‍ പലരും ഷീറ്റാക്കുന്നില്ല. അതിനാല്‍ ലാറ്റക്സ് വിലയും ചെറുകിട വ്യവസായികള്‍ നേരിയ തോതില്‍ കുറച്ചുകൊണ്ടിരിക്കുകയാണ്.

Content highlights: Rubber cultivation, Organic farming, Agriculture