പോരാടി ജീവിച്ചവരാണ് മലയോരത്തെ കര്‍ഷകര്‍. വെറും മണ്ണില്‍ പണിതുനേടിയതാണ് എല്ലാം. കുടിയേറ്റക്കാരായെത്തി ഈ മണ്ണിനെ സ്‌നേഹിച്ച്, ഇവിടെ വളര്‍ന്ന്, ഇവിടത്തെ മേല്‍വിലാസം സ്വന്തമാക്കിയവര്‍. റബ്ബറായിരുന്നു മലയോരത്തിന് ഐശ്വര്യമുണ്ടായിക്കിയത്. എന്നാല്‍, ആ റബ്ബറിനെ ഇപ്പോള്‍ കര്‍ഷകര്‍ കൈയൊഴിയുകയാണ്. വരവിനേക്കാള്‍ ചെലവുവന്നതോടെ റബ്ബറിന് പഴയ 'പവറി'ല്ലാതായി. ആ മാറ്റം ഒരു ജനതയെ മാത്രമല്ല, മലയോരത്തെ സാമ്പത്തികസ്ഥിതിയെ തന്നെ താളംതെറ്റിക്കുകയാണ്. മലയോരമണ്ണിലെ കര്‍ഷക ജീവതത്തെക്കുറിച്ചുള്ള പരമ്പര ഇന്നുമുതല്‍... 'കുടിയേറ്റ മണ്ണും നിലതെറ്റുന്ന കര്‍ഷകരും.'

ശ്രീകണ്ഠപുരം: വര്‍ഷങ്ങളായി റബ്ബര്‍ കൃഷിയായിരുന്നു ചന്ദനക്കാംപാറയിലെ ജോസഫ് കളിയാനിയുടെ ജീവിതമാര്‍ഗം. വിപണി വിലയെക്കാള്‍ ഉത്പാദനച്ചെലവ് വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ റബ്ബര്‍ കൃഷിയില്‍നിന്ന് ചുവടുമാറ്റേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം റബ്ബര്‍ മരത്തിന്റെ മുഴുവന്‍ കൊമ്പുകളും മുറിച്ചുമാറ്റി. ആ മരങ്ങളില്‍ കുരുമുളക് വള്ളികള്‍ വെച്ചുപിടിപ്പിച്ചു. ജോസഫ് കാളിയാനി മാത്രമല്ല മലയോരത്തെ പല കര്‍ഷകരും റബ്ബര്‍ കൃഷിയോട് വിടപറയാനൊരുങ്ങുകയാണ്. മലവെള്ളത്തേയും മലമ്പനിയേയും തോല്‍പ്പിച്ച കുടിയേറ്റ കര്‍ഷകരുടെ സാമ്പത്തിക അടിത്തറയായിരുന്നു റബ്ബര്‍ കൃഷി. വിലക്കുറവ് മൂലം പഴയ 'പവറൊന്നും' മലയോരത്തെ റബര്‍ കൃഷിക്കില്ല. വരവിനേക്കാള്‍ കൂടുതല്‍ ചെലവ് വന്നതോടെ റബ്ബര്‍ മേഖല തകര്‍ന്ന നിലയിലാണ്. ടാപ്പിങ് പോലും നടത്താതെ കാടുകയറിക്കിടക്കുകയാണ് മലയോരത്തെ പല റബ്ബര്‍ തോട്ടങ്ങളും.

മഴയും വിലയിടിവും

കനത്ത മഴയും വിലയിടിവും കാരണം ചെറുകിട തോട്ടങ്ങളില്‍ ടാപ്പിങ് നിലച്ചിട്ട് മാസങ്ങളായി. ടാപ്പിങ് തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പല തോട്ടങ്ങളിലും കാട് പോലും വെട്ടിത്തെളിക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്. റബ്ബറിന് വില കുറയുമ്പോഴും ഉത്പാദനച്ചെലവ് കൂടുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. ആസിഡ് അടക്കുള്ള ഷീറ്റ് ഉത്പാദനത്തിനാവശ്യമായ സാധനങ്ങളുടെ വിലയും കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമധികമാണ്. മിക്ക ചെറുകിട തോട്ടങ്ങളിലും കര്‍ഷകന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിങ് കൂലിയടക്കമുള്ള ചെലവുകള്‍ക്കായി നീക്കിവെക്കേണ്ടിവരുന്നു. 

ഒട്ടുപാല്‍, ചിരട്ടപ്പാല്‍ എന്നിവയുടെ വിലക്കുറവും കര്‍ഷക കുടുംബങ്ങളുടെ കണക്കുകൂട്ടലുകളെ തകിടം മറച്ചിട്ടുണ്ട്. റബ്ബര്‍ മരങ്ങള്‍ക്കുപയോഗിക്കുന്ന രാസവളങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. മഴക്കാലത്ത് ടാപ്പിങ് നടത്താനായി മരങ്ങള്‍ക്ക് മഴക്കുടകള്‍ ഇട്ടവര്‍ പോലും വിലയില്ലാത്തതിനാല്‍ പണിയെടുപ്പിക്കുന്നില്ല.

ടാപ്പിങ് നടന്നിട്ട് മാസങ്ങള്‍

കഴിഞ്ഞ ആറു മാസത്തിനിടെ നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ് ടാപ്പിങ് നടത്തിയതെന്ന് വഞ്ചിയത്തെ റബ്ബര്‍ കര്‍ഷകനായ കുന്നത്ത് മാതു പറയുന്നു. ടാപ്പിങ് കൂലി നല്‍കാനുള്ള വരുമാനം കിട്ടാത്തതിനാല്‍ പലരും സ്വയം ടാപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിനും കഴിയാത്തവര്‍ മരങ്ങള്‍ പാട്ടവ്യവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന സ്ഥിതിയാണ്. ഇത്തരത്തില്‍ പാട്ടവ്യവസ്ഥയില്‍ മരങ്ങളെടുക്കുന്നവര്‍ കൂടുതല്‍ പാല്‍ ലഭിക്കാനായി മരത്തില്‍ പല രാസവസ്തുക്കളും പ്രയോഗിക്കുന്നതായി പരാതിയുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞാല്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മരങ്ങളില്‍നിന്ന് പിന്നീട് ആദായം ലഭിക്കുന്നില്ലെന്നും ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുന്നെന്നും കര്‍ഷകര്‍ പറയുന്നു. റബ്ബറിന് കൂടുതല്‍ വില ലഭിക്കുന്നതും ഉത്പാദനം നടക്കുന്നതും ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ പ്രളയമെടുത്ത ഈ സീസണ്‍ മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്.

 ഇതു കൂടാതെ റബ്ബര്‍ ഷീറ്റിനോടുള്ള തരംതിരിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഗുണമേന്മയുള്ള ഫസ്റ്റ് ഗ്രേഡ് ഷീറ്റുകള്‍ക്കാണ് വിലയും ആവശ്യക്കാരും. മഴയും ഉത്പാദന സാമഗ്രികളുടെ വിലവര്‍ധനയും മൂലം ഷീറ്റുകള്‍ ഫസ്റ്റ് ഗ്രേഡ് ആക്കാന്‍ കര്‍ഷകര്‍ക്കും കഴിയുന്നില്ല. മരങ്ങളുടെ അകാല ഇലകൊഴിച്ചിലാണ് റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നത്. കൂമ്പുചീയല്‍, കുമിള്‍രോഗങ്ങള്‍ എന്നിവയും കര്‍ഷകരെ വലയ്ക്കുകയാണ്.

റബ്ബര്‍ വിലസ്ഥിരതാ ഫണ്ട്

റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടില്‍നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് കൃത്യമായി തുക ലഭിക്കുന്നില്ല. റബ്ബര്‍ വില 150-ല്‍ കുറയാതെ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ പല കര്‍ഷകര്‍ക്കും അഞ്ചും ആറും മാസം കൂടുമ്പോള്‍ ഒരു മാസത്തിലെ ബില്‍ തുക മാത്രമാണ് ലഭിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് 150 രൂപ പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത്. 

ഗ്രേഡ് റബ്ബറിന് മാത്രമേ വിലസ്ഥിരതാ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു.

വിലത്തകര്‍ച്ചയുടെ പ്രതിഫലനം

റബ്ബര്‍വില 250 രൂപ വരെ ഉയര്‍ന്ന കാലമുണ്ടായിരുന്നു. ഈ വില ചെറിയ ഏറ്റക്കുറച്ചിലോടെ നിലനില്‍ക്കുമെന്നായിരുന്നു മലയോര മേഖലയിലെ കര്‍ഷകരുടെ പ്രതീക്ഷ. ഇതേത്തുടര്‍ന്നാണ് മറ്റ് കൃഷികള്‍ ഒഴിവാക്കി അവിടെ റബ്ബര്‍ കൃഷി ചെയ്യാന്‍ പലരും മുന്നോട്ടുവന്നത്. എന്നാല്‍ ഏതാനും വര്‍ഷംകൊണ്ട് വില 120 രൂപയായി. ഈ വിലത്തകര്‍ച്ചയുടെ അനന്തരഫലമാണ് ഇപ്പോഴും റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്നത്.

ടി.ടി.കുര്യാക്കോസ്

റബ്ബര്‍ കര്‍ഷക ദേശീയ ഫെഡറേഷന്‍

ശ്രീകണ്ഠപുരം മേഖലാ സെക്രട്ടറി

Content highlights: Agriculture, Rubber, Organic farming