കോട്ടയം: രാജ്യത്ത് റബ്ബര്‍ ഉത്പാദനം കൂടുന്നെന്ന് റബ്ബര്‍ ബോര്‍ഡ്. 201617ല്‍ 6.91 ലക്ഷം ടണ്‍ റബ്ബറാണ് ഉത്പാദിപ്പിച്ചത്. 201516ല്‍ 5.62 ലക്ഷം ടണ്‍ റബ്ബര്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്താണിത്. 1.29 ലക്ഷം ടണ്ണാണ് അധികമായി ഉത്പാദിപ്പിച്ചത്; ഇരുപത്തിമൂന്നു ശതമാനത്തിന്റെ വര്‍ധന.

റബ്ബറുത്പാദനം അധികമായെങ്കിലും ആഭ്യന്തര ആവശ്യത്തിനു തികയില്ല. ഈവര്‍ഷം എട്ടുലക്ഷം ടണ്‍ റബ്ബര്‍ ഉത്പാദിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഉപയോഗം 10.70 ലക്ഷം ടണ്ണാണ്.

റബ്ബര്‍വിലയും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ആര്‍.എസ്.എസ്. നാലിന് വില 127 രൂപയായി. റബ്ബര്‍വില ഇനിയും ഉയരുമെന്നാണ് റബ്ബര്‍ ബോര്‍ഡ് കണക്കാക്കുന്നത്.

കഴിഞ്ഞ കുറെ വര്‍ഷമായി റബ്ബര്‍ ഉത്പാദനം കുറഞ്ഞുനില്‍ക്കുകയായിരുന്നു. ഇന്റര്‍ നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പിന്റെ കണക്കുകളനുസരിച്ച് 2016ലെ ആഗോള പ്രകൃതിദത്ത റബ്ബറുത്പാദനം 1.24 കോടി ടണ്ണും ഉപയോഗം 1.26 കോടി ടണ്ണുമാണ്. ഈവര്‍ഷം ഇത് യഥാക്രമം 1.29 കോടി ടണ്ണും 1.28 കോടി ടണ്ണുമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈവര്‍ഷത്തെ ആദ്യമൂന്നുമാസം ആഗോള റബ്ബറുത്പാദനത്തില്‍ 7.2 ശതമാനവും ഉപയോഗത്തില്‍ 4.9 ശതമാനവും വര്‍ധനയുണ്ടായി. 

വില ഉയര്‍ന്നുതുടങ്ങിയതും ഉത്പാദനം കൂട്ടാന്‍ കര്‍ഷകര്‍ക്കു പ്രേരണയായി.